25 November, 2018 09:04:38 PM


ഇരട്ട സിം വേണ്ട; ആറു കോടി മൊബൈല്‍ കണക്ഷനുകള്‍ അടുത്ത വര്‍ഷം ഉപക്ഷിക്കപ്പെടും



ദില്ലി: ആറുകോടി മൊബൈല്‍ കണക്ഷനുകള്‍ 2019 ല്‍ ഉപക്ഷിക്കപ്പെടും എന്ന് റിപ്പോര്‍ട്ടുകള്‍. നിലവിൽ ഇരട്ട സിം ഉപയോഗിക്കുന്ന ടെലികോം ഉപയോക്താക്കള്‍ ഇത് ഒന്നായി ചുരുക്കും എന്നതാണ് റിപ്പോര്‍ട്ട്. രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഉപയോക്താക്കളുടെ എണ്ണം അടുത്ത ആറ് മാസത്തിനുള്ളില്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഓ.എ.ഐ.) ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യുവിന്‍റെ പക്ഷം. എക്കണോമിക്‌സ് ടൈംസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 


പലപ്പോഴും ആളുകള്‍ ഡ്യുവല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ടെലികോം കമ്പനികള്‍ വ്യത്യസ്തങ്ങളായ നിരക്കുകളും സൗജന്യങ്ങളും നല്‍കുന്നതിനാലാണ്. അതേസമയം, ഇന്‍റര്‍നെറ്റ് ഡേറ്റ, ഫോണ്‍വിളി, എസ്എംഎസ് എന്നിവയെല്ലാം അൺലിമിറ്റഡ് ഓഫറിൽ ഇന്ന് കുറഞ്ഞ നിരക്കില്‍ ഒരു കമ്പനി തന്നെ നല്‍കിവരുന്നുണ്ട്. ഒറ്റ നമ്പറില്‍ തന്നെ എല്ലാ ആനുകൂല്യങ്ങളും  ലഭിക്കുന്നതിനാല്‍ ഒരു നമ്പര്‍ തന്നെ ധാരാളം എന്ന കാഴ്ചപ്പാട് വളര്‍ന്നു വരുന്നു. ഈ അവസ്ഥ ടെലികോം രംഗത്തെ മത്സരം കൂടുതല്‍ രൂക്ഷമാക്കും എന്നാണ് റിപ്പോര്‍ട്ട്.



Share this News Now:
  • Google+
Like(s): 110