25 November, 2018 05:48:06 PM


റീബില്‍ഡ് കേരള: അപ്പീലുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ തടഞ്ഞുവെക്കരുത് - എറണാകുളം ജില്ലാ കളക്ടര്‍കൊച്ചി:  പ്രളയത്തില്‍ വീടു നഷ്ടമായവര്‍ക്ക് വീടുവെച്ചു നല്‍കുന്ന റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടാത്തതു സംബന്ധിച്ച് ഗുണഭോക്താക്കള്‍  നല്‍കിയ അപ്പീലുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ തടഞ്ഞുവെക്കരുതെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  വീടു ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന് ആക്ഷേപമുള്ളവരില്‍ നിന്നും ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ അപ്പീല്‍ സ്വീകരിച്ചിരുന്നു.    ഇതിന്മേല്‍ സൂക്ഷ്മപരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം നിയോഗിച്ച എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ പട്ടിക നല്‍കുന്നില്ല. പൂര്‍ണമായും തകര്‍ന്ന വീടുകളുടെ ഗുണഭോക്തൃ പട്ടിക സംബന്ധിച്ച അപ്പീലുകള്‍ തീര്‍പ്പാക്കിയാലേ ഭാഗികമായി തകര്‍ന്നവയിന്മേലുള്ളവ പരിഗണിക്കാനാവൂ.  അര്‍ഹരായവരുടെ നീതി നിഷേധിക്കുന്ന ഇത്തരം നടപടികള്‍ ഒഴിവാക്കി ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.  

അപ്പീലുകൾ തീർപ്പാക്കുന്നതിന് കളക്ടറേറ്റിൽ അപ്പീൽ സെൽ രൂപീകരിച്ചതായി കളക്ടർ അറിയിച്ചു.  തഹസിൽദാർമാർ അപ്പീൽ സംബന്ധിച്ച വിവരങ്ങൾ സെല്ലിന് കൈമാറണം.  
തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകൾ തദ്ദേശ സ്ഥാപന സെക്രട്ടറി വഴി നിശ്ചിത പ്രൊഫോർമയിൽ തീർപ്പാക്കണം.
ഒന്നില്‍ക്കൂടുതല്‍ വീടുള്ളതോ നാശനഷ്ടം 75 ശതമാനത്തില്‍ കുറവുള്ളതോ ആയ വീട്ടുടമസ്ഥരുടെ അപേക്ഷയാണ് റീബില്‍ഡ് കേരളയുടെ പൂര്‍ണ്ണമായും പുന:നിര്‍മിക്കേണ്ട വീടുകളുടെ പട്ടികയില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്.   വീട് പൂര്‍ണമായും നശിച്ചുപോയവരുടെ പട്ടികയില്‍ പുരയിടത്തിന്റെ രേഖകള്‍ കൃത്യമായവയും ജില്ലാഭരണകൂടം നല്‍കുന്ന പണമുപയോഗിച്ച് സ്വന്തം നിലയില്‍ വീടുവെക്കാന്‍ സന്നദ്ധതയുമുള്ളവര്‍,  പുരയിടത്തിന്റെ രേഖകള്‍ കൃത്യമാണെങ്കിലും വീടു നിര്‍മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ സഹായം ആവശ്യമുള്ളവര്‍, താമസ സ്ഥലം പുറമ്പോക്കാണെങ്കിലും പതിച്ചുകൊടുക്കാവുന്ന ഭൂമിയില്‍ താമസിക്കുന്നവര്‍, പതിച്ചു നല്‍കാനാവാത്ത പുറമ്പോക്കു ഭൂമിയിലുള്ളവര്‍, വീടിനൊപ്പം സ്ഥലവും നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടു ലഭ്യമാക്കുക. 

വീടിന്റെ ഏതെങ്കിലും ഭാഗം നിലനിര്‍ത്തി വീട് പുന:നിര്‍മിക്കുന്നവരെ അനര്‍ഹരായി കണക്കാക്കി പട്ടികയില്‍നിന്നും ഒഴിവാക്കുമെന്നും കളക്ടര്‍ അറിയിച്ചു.  റീബില്‍ഡ് കേരള ആപ്ലിക്കേഷനില്‍  പരിശീലനം നേടിയ വളണ്ടിയര്‍മാരും അസി.എക്‌സി.എഞ്ചിനീയര്‍മാരും തദ്ദേശ സ്ഥാപന സെക്രട്ടറിയും പരിശോധിച്ച ശേഷമാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയത്.  അതിന്മേല്‍ ആക്ഷേപമുള്ളവരുടെ വീടുകളാണ് പൊതുമരാമത്ത്, തീരദേശസംരക്ഷണ, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ നിയോഗിച്ച് പുന:പരിശോധിക്കുന്നത്. 

രണ്ടായിരത്തിലധികം അപ്പീലുകളാണ് ലഭിച്ചത്. പ്രളയത്തില്‍ നശിച്ച വീടുകള്‍ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടൂ.  പ്രളയത്തിലുണ്ടായ നഷ്ടമാണെന്ന് ഉറപ്പു വരുത്താവുന്ന രീതിയിലാണ് റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളത്.  വീട് നശിച്ചത് കാലപ്പഴക്കത്താലോ മുന്‍പുണ്ടായ പ്രകൃതിക്ഷോഭത്തിലോ ആണെങ്കില്‍ റീബില്‍ഡ് കേരളയുടെ ആനുകൂല്യം ലഭിക്കില്ല.  ഇക്കാര്യത്തിലെ അവ്യക്തതയാകാം അപ്പീല്‍ നല്‍കാന്‍ കാരണമായതെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു.    

ജില്ലയില്‍ 2923 വീടുകളാണ് പ്രളയത്തില്‍ നശിച്ചത്.  ഇവയില്‍ 1923 വീടുകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി.  734 ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡുവായി 69,803,400 രൂപ വിതരണം ചെയ്തു.  95,100 രൂപ വീതമാണ് നല്‍കിയത്. നിര്‍മാണത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായമാവശ്യമായ 226 കേസുകളുമുണ്ട്.   ഇവ സഹകരണസംഘങ്ങളുടെയോ എന്‍.ജി.ഒ.കളുടെയോ സഹായത്തോടെയാവും നിര്‍മിക്കുക.  

നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്തൃ പട്ടിക അപ്പപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ ernakulam.gov.in എന്ന വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നുണ്ട്. 
അപ്പീലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീലാദേവി, എ.ഡി.സി. എസ്.ശ്യാമലക്ഷ്മി, സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാര്‍ എം.എസ്.ലൈല, റീബില്‍ഡ് കേരള ജില്ലാ നോഡല്‍ ഓഫീസര്‍ കെ.മനോജ്, അസി. ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജോര്‍ജ്ജ് ഈപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.Share this News Now:
  • Google+
Like(s): 251