22 November, 2018 07:59:30 PM


ഇടുക്കി - തങ്കമണി -ശാന്തിഗ്രാം റോഡിന്‍റെ വിപുലീകരണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു




ഇടുക്കി:  ഹൈറേഞ്ച് നിവാസികളുടെ ചിരകാല സ്വപ്നവും മലയോര മേഖലയുടെ വികസനത്തിന് കുതിപ്പേകുന്നതുമായ ഇടുക്കി - തങ്കമണി - നാലുമുക്ക് - ശാന്തിഗ്രാം റോഡിന്റെ വിപുലീകരണ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. റോഡിന്റെ വീതി കൂട്ടുന്നതിനും സംരക്ഷണഭിത്തി, വളവ് കുറയ്ക്കല്‍,  ഓട നിര്‍മ്മാണം തുടങ്ങിയവയ്ക്കായി വശങ്ങളിലെ മണ്‍പണികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ റോഡ് ഫണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച 17 കോടി രൂപ വിനിയോഗിച്ചാണ്  ബി.എം.ബി.സി ചെയ്ത് പി ഡബ്ലു ഡി റോഡ് വിപുലീകരിക്കുന്നത്.  

 
ഇടുക്കി ജില്ല രൂപീകൃതമായ ശേഷം ജില്ലയ്ക്ക് ആദ്യമായാണ് സി.ആര്‍.എഫ് ഫണ്ട് ലഭിക്കുന്നത്. ദേശീയപാത 185 അടിമിാലി - കുമളി റോഡില്‍ ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം ആരംഭിക്കുന്ന റോഡിന്റെ 20.5 കിലോമീറ്റര്‍ ദൂരം വരുന്ന ശാന്തിഗ്രാം വരെയാണ് ഈ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ റോഡ് നിലവിലുള്ള ദേശീയ പാത 185 ന്റെ ഒരു മേജര്‍ ബൈപ്പാസായി ഉപയോഗപ്രദമാകും. കൂടാതെ ഇടുക്കി - തങ്കമണി - ശാന്തിഗ്രാം മേഖലകളിലൂടെ കടന്നു പോകുന്ന റോഡ് ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുകയും ജില്ലയുടെ വികസനത്തിന് ഒരു സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യും. കഴിഞ്ഞ മഴക്കെടുതിയില്‍ ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ മണിടിഞ്ഞു വീണ് ഗതാഗത തടസം നേരിട്ടിരുന്നു.

 
വീതി കുറഞ്ഞ ഭാഗത്തെ കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം, നീരൊഴുക്കുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റിംഗ് തുടങ്ങിയവ ഉള്‍പ്പെടുത്തി 5.50 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിന് ടൗണുകളില്‍ ആവശ്യാനുസരണം വീതി വര്‍ദ്ധിപ്പിക്കും. 875 മീറ്ററോളം ഐറിഷ് ഡ്രയിന്‍, സീബ്രാ ക്രോസിംഗ്, ബസ് വേ, മെറ്റല്‍ ക്രാഷ് ബാരിയര്‍, അപകട, മുന്നറിയിപ്പ് സൂചകങ്ങള്‍ നടപ്പാത എന്നിവയെല്ലാം പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ റോഡിലെ മണ്‍പണികള്‍ പൂര്‍ത്തീകരിക്കും. സംരക്ഷണഭിത്തി, കോണ്‍ക്രീറ്റിംഗ് ആവശ്യമില്ലാത്ത ഭാഗത്തെ റോഡ് ടാറിംഗ് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ശേഷം സംരക്ഷണഭിത്തി നിര്‍മ്മിച്ച് കോണ്‍ക്രീറ്റിംഗും നടത്തി ജനുവരി അവസാനത്തോടെ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്ന് ദേശീയപാതാ വിഭാഗം അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 54