20 November, 2018 07:51:28 PM


സുപ്രീംകോടതി വിധി രാജ്യത്തെ നിയമം; ശബരിമലയില്‍ ഭീകരാന്തരീക്ഷമില്ല - മനുഷ്യാവകാശ കമ്മീഷന്‍

നിയമാധിഷ്ഠിതമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍




ശബരിമല: ശബരിമലയില്‍ ഭീകരാന്തരീക്ഷമില്ലെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് പി. മോഹന്‍ദാസ് പറഞ്ഞു. സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണ്, ആരും നിയമത്തിന് അതീതരല്ല. നിയമാധിഷ്ഠിതമായ കാര്യങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലെ അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തത പരിഹരിക്കുന്നതില്‍ സംസ്ഥാനത്തുണ്ടായ പ്രളയം കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കുന്നതിനായി ശബരിമല സന്നിധാനത്ത് എത്തിയ ജസ്റ്റിസ് പി. മോഹന്‍ദാസ്  കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

പ്രളയത്തെ തുടര്‍ന്നുണ്ടായ കെടുതികള്‍ പരിഹരിക്കുന്നതിനാവശ്യമായ സമയം മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി കിട്ടിയില്ല. ഇത്ര ചെറിയ കാലയളവിനുള്ളില്‍ പ്രളയക്കെടുതിമൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ കയ്യില്‍ മാന്ത്രികദണ്ഡ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയില്‍ ഇവിടെ 280ഓളം ശുചിമുറികള്‍ പ്രവര്‍ത്തനക്ഷമമാണന്നു ബോധ്യപ്പെട്ടു. ഇതരസംസ്ഥാനത്തുനിന്നു  എത്തിയ ഭക്തരോട് ഉള്‍പ്പടെ  നേരിട്ട് അന്വേഷിച്ചപ്പോഴും സന്നിധാനത്തെ സേവനങ്ങളില്‍ തൃപ്തരാണെന്ന മറുപടിയാണ്  ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് വിരിവെക്കുന്നതുള്‍പ്പടെ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന   വിഷയങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. വിശ്വാസികളുടെ മനുഷ്യാവകാശം പോലെ തന്നെ സന്നിധാനത്തെ ക്രമസമാധാനവും പരിപാലിക്കപ്പെടണം. സന്നിധാനത്തുണ്ടാകുന്ന ക്രമാസമാധാനപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും  അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. ശബരിമലയുമായി ബന്ധപ്പെട്ടു 12 പരാതികള്‍ മനുഷ്യാവകാശ കമ്മീഷന്‍റെ മുന്നില്‍ എത്തിയിട്ടുണ്ട്. ലഭിച്ച എല്ലാ പരാതികളും കമ്മീഷന്‍ പരിശോധിക്കും. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ടു കമ്മീഷന് പരാതി നല്‍കിയാല്‍ അതും പരിഗണിക്കുമെന്നും ദര്‍ശനത്തിനാവശ്യമായ സംരക്ഷണം നല്‍കാന്‍ നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Google+
Like(s): 136