19 November, 2018 10:10:21 PM


കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവം: കാഞ്ഞിരപ്പള്ളിയും കോട്ടയം ഈസ്റ്റും ജേതാക്കള്‍




കിടങ്ങൂര്‍: കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 243 പോയിന്‍റോടെ കാഞ്ഞിരപ്പള്ളി ഉപജില്ലയും ഹയര്‍ സെക്കന്‍റി വിഭാഗത്തില്‍  349 പോയിന്‍റോടെ കോട്ടയം ഈസ്റ്റ്  ഉപജില്ലയും ജേതാക്കളായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കോട്ടയം ഈസ്റ്റ് (234 പോയിന്‍റ്), പാലാ (232 പോയിന്‍റ്), പാമ്പാടി (225 പോയിന്‍റ്) ഉപജില്ലകൾ   യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുണ്ട്. ഹയര്‍ സെക്കന്‍റി വിഭാഗത്തില്‍ ചങ്ങനാശേരിയും (338 പോയിന്‍റ്), പാമ്പാടിയും (268 പോയിന്‍റ്) കാഞ്ഞിരപ്പള്ളിയും (241 പോയിന്‍റ്) ആണ് യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍.


സംസ്കൃതവിഭാഗത്തില്‍ കോട്ടയം വെസ്റ്റ് (84 പോയിന്‍റ്), ഏറ്റുമാനൂര്‍ (79 പോയിന്‍റ്), കാഞ്ഞിരപ്പള്ളി (71 പോയിന്‍റ്), പാമ്പാടി (70 പോയിന്‍റ്) ഉപജില്ലകളാണ് ഒന്നും രണ്ടും മൂന്നും നാലും  സ്ഥാനത്ത്. അറബി വിഭാഗത്തില്‍ മത്സരരംഗത്തുള്ള ഏക ഉപജില്ലയായ ഈരാറ്റുപേട്ടയ്ക്ക് 91 പോയിന്‍റാണുള്ളത്.


ഹൈസ്കൂള്‍ വിഭാഗത്തില്‍ 84 പോയിന്‍റോടെ കാഞ്ഞിരപ്പള്ളി എകെജെഎം ഹൈസ്കൂള്‍   ജേതാക്കളായി . 81  പോയിന്‍റോടെ  ഭരണങ്ങാനം എസ്എച്ച്ജി എച്ച് എസ്, 71  പോയിന്‍റോടെ പാമ്പാടി ക്രോസ് റോഡ്സ്, 70  പോയിന്‍റോടെ  നെടുംകുന്നം സെന്‍റ് തെരേസാസ് എന്നീ സ്കൂളുകളാണ് ഒന്നു മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍  


ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 143 പോയിന്‍റോടെ വാഴപ്പള്ളി സെന്‍റ് തെരേസാസ് എച്ച്എസ്എസാണ് മുന്നില്‍. 122 പോയിന്‍റോടെ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് എച്ച്എസ് തൊട്ടു പിന്നിലുണ്ട്. 108 പോയിന്‍റോടെ കോട്ടയം എംഡിഎസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും 105 പോയിന്‍റോടെ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.
  
സംസ്കൃതവിഭാഗത്തില്‍ 84 പോയിന്‍റോടെ കുമാരനല്ലൂര്‍ ഡിവിവിഎച്ച്എസ്എസും 71 പോയിന്‍റോടെ ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് വിഎച്ച്എസ്എസും 70 പോയിന്‍റോടെ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് എച്ച്എസും 64 പോയിന്‍റോടെ  കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ററി സ്കൂളും യഥാക്രമം ഒന്ന് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍  നില്‍ക്കുന്നു.


അറബിക് വിഭാഗത്തില്‍ മൂന്ന് സ്കൂളുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരില്‍ 45 പോയിന്‍റോടെ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ മുന്നിട്ട് നില്‍ക്കുന്നു. 36 പോയിന്‍റുമായി ഹയത്തുദീന്‍ ഹൈസ്കൂളും 10 പോയിന്‍റുമായി എസ്എംവി എച്ച്എസ്എസും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.


വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍  വിതരണം ചെയ്തില്ല


കിടങ്ങൂര്‍: കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിന്‍റെ സമാപനദിവസമായ ഇന്നലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തില്ല. ചെലവുചുരുക്കലിന്‍റെ ഭാഗമായി വിജയികള്‍ക്ക് ട്രോഫികള്‍ ഉണ്ടാവില്ലെന്നും സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഉണ്ടാവു എന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമാപനസമ്മേളനം ഇല്ലാത്തതിനാല്‍ ജില്ലയിലെ പതിമൂന്ന്  എഇഓമാര്‍ മുഖേന സര്‍ട്ടിഫിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ പിന്നീട് എത്തിക്കും. സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അര്‍ഹരായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ രജിസ്ട്രേഷനായി ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സാബു മാത്യു പറഞ്ഞു. 


കിടങ്ങൂരിലെ വിവിധ സ്കൂളുകളിലായി പതിനെട്ട് വേദികളിലായി 229 മത്സരങ്ങളാണ് നടന്നത്. മത്സരങ്ങള്‍ സമാപിച്ചപ്പോള്‍  92 അപ്പീലുകളാണ് ലഭിച്ചത്. ഈ വകയില്‍ വിദ്യാഭ്യാസവകുപ്പിന്‍റെ ഭണ്ഡാരത്തില്‍  വീണത് 1,84,000 രൂപ. നിനച്ചിരിക്കാതെ എത്തിയ കാറ്റും മഴയും ഹര്‍ത്താലും മൂലം കലോത്സവനടത്തിപ്പില്‍ ആറ് ലക്ഷം രൂപയോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കുകൂട്ടുന്നത്. നഷ്ടം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് സംഘാടകര്‍ പറയുന്നു.


91 അപ്പീലുകള്‍; ലഭിച്ചത് 1,82,000 രൂപ


കിടങ്ങൂരിലെ വിവിധ സ്കൂളുകളിലായി പതിനെട്ട് വേദികളിലായി 229 മത്സരങ്ങളാണ് നടന്നത്. 227 മത്സരങ്ങള്‍ സമാപിച്ചപ്പോള്‍  91 അപ്പീലുകളാണ് ലഭിച്ചത്. ഈ വകയില്‍ വിദ്യാഭ്യാസവകുപ്പിന്‍റെ ഭണ്ഡാരത്തില്‍  വീണത് 1,82,000 രൂപ. നിനച്ചിരിക്കാതെ എത്തിയ കാറ്റും മഴയും ഹര്‍ത്താലും മൂലം കലോത്സവനടത്തിപ്പില്‍ ആറ് ലക്ഷം രൂപയോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കുകൂട്ടുന്നത്. നഷ്ടം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് സംഘാടകര്‍ പറയുന്നു.

ഇന്‍റര്‍നെറ്റില്‍ നിന്ന് കേട്ടു പഠിച്ച ഗാനവുമായി മാപ്പിളപാട്ടില്‍ എയ്ഞ്ചലിന്‍റെ ജൈത്രയാത്ര


കിടങ്ങൂര്‍: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മാപ്പിളപാട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജൈത്രയാത്ര തുടരുകയാണ് അതിരമ്പുഴ സെന്‍റ് മേരീസ് ജിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എയ്ഞ്ചല്‍ രാജു. ഇന്‍റര്‍നെറ്റില്‍ നിന്നും കേട്ടു പഠിച്ച മൊയിന്‍കുട്ടി വൈദ്യരുടെ "ദിദദില്‍ നെബിയാരെ..." എന്ന ഗാനമാണ് എല്ലാ തവണയും എയ്ഞ്ചലിനെ ഒന്നാം സ്ഥാനത്തിനര്‍ഹയാക്കിയത്. ഏഴാം ക്ലാസ് മുതല്‍ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന ഏയ്ഞ്ചല്‍ ഇതേ ഗാനമാലപിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാനതല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. അതിരമ്പുഴ കടവില്‍ രാജു - നാന്‍സി ദമ്പതികളുടെ മകളായ എയ്ഞ്ചലിന് ഉറുദു ഗസലില്‍ രണ്ടാം സ്ഥാനവുമുണ്ട്.



പ്രളയദുരന്തങ്ങള്‍ വിവരിച്ച ഫസ്നയ്ക്ക് അറബി പദ്യംചൊല്ലലില്‍ ഒന്നാം സ്ഥാനം


കിടങ്ങൂര്‍: പ്രളയം നാട്ടില്‍ വിതറിയ ദുരതങ്ങള്‍ വിവരിച്ച ഫസ്ന സവാദിന് ഹൈസ്കൂള്‍ വിഭാഗം അറബി പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം.  നട്ടാശേരി എസ് എച്ച് മൗണ്ട് സെന്‍റ് മര്‍സലിനാസ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഫസ്ന വാഴേക്കാട് അബ്ദുള്‍ ഖാദര്‍ ഫാറൂഖിയുടെ വരികളാണ് ചൊല്ലിയത്. ഇത് രണ്ടാം തവണയാണ് ഫസ്ന ജില്ലാ തലത്തില്‍ ഒന്നാമതെത്തുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംക്രാന്തി ആണ്ടൂക്കാലായില്‍ സവാദ് - നിഷ ദമ്പതികളുടെ മകളായ ഫസ്നയ്ക്ക് മാപ്പിളപ്പാട്ടില്‍ മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു.


വട്ടപ്പാട്ടില്‍ കന്നിയങ്കം; കുമാരനല്ലൂര്‍ സ്കൂളിന് ഒന്നാം സ്ഥാനം


കിടങ്ങൂര്‍: ഹൈസ്കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ കന്നിയങ്കം നടത്തിയ കുമാരനല്ലൂര്‍ ദേവിവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ടീമിന് ഒന്നാം സ്ഥാനം. മൊയ്തു മാനിനന്‍ രചിച്ച 'മലര്‍വനിപരിമളത്തില്‍...' എന്ന് തുടങ്ങുന്ന ഗാനം അഞ്ച് രാഗങ്ങളില്‍ പാടി വെന്നികൊടി പാറിച്ച സ്കൂള്‍ ആദ്യമായാണ് ഈ ഇനത്തില്‍ മത്സരത്തിനിറങ്ങുന്നത്.  കോഴിക്കോട് സ്വദേശി നൗഫല്‍ ആയിരുന്നു പരിശാലകന്‍. ആഷ്ബിന്‍ വി.എ, അരവിന്ദ് വി.പി., മുഹമ്മദ് റിഹാന്‍, വിവേക് വിനോദ്, അരവിന്ദ് എസ്, പി.പി.അതുല്‍ കൃഷ്ണ, മാധവന്‍ ജി, സംഗീത് ശ്രീധര്‍, അസിന്‍ സജി, എ.ആകാശ് കൃഷ്ണ എന്നിവരാണ് അരങ്ങിലെത്തിയത്.



കലാമണ്ഡലം ഗീതാനന്ദന്‍റെ 'അരങ്ങിലെ മരണം' അഭിനയിച്ച മാധവിയ്ക്ക് ഒന്നാം സ്ഥാനം


കിടങ്ങൂര്‍: അരങ്ങില്‍ തന്നെ അനായാസമരണം... അതേറ്റു വാങ്ങുവാന്‍ കഴിയുക എന്നത് കലാകാരന്‍റെ മഹാ ഭാഗ്യം. കലാമണ്ഡലം ഗീതാനന്ദന്‍റെ അരങ്ങിലെ മരണം അവതരിപ്പിച്ച  മൂലവട്ടം അമൃതാ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മാധവി പുതുമന ഹൈസ്കൂള്‍ വിഭാഗം ഏകാഭിനയത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് ഇത് ആറാം തവണ. 4.8 മിനിട്ടിനുള്ളില്‍ ഒമ്പത് കഥാപാത്രങ്ങളെയാണ് മാധവി തന്നിലൂടെ സദസിന് മുന്നിലെത്തിച്ചത്. അഞ്ചാം ക്ലാസു മുതല്‍ ഈ വര്‍ഷം വരെ ഉപജില്ലാ - ജില്ലാ കലോത്സവങ്ങളില്‍ പങ്കെടുത്ത മാധവിയെ ഏകാഭിനയത്തില്‍ പിന്തള്ളാന്‍ ആര്‍ക്കും ആയില്ല. മുന്‍ സര്‍വ്വകലാശാലാ കലാപ്രതിഭ കൂടിയായ രാജേഷ് കെ പുതുമനയുടെ മകളായ മാധവി കഴിഞ്ഞ രണ്ട് വര്‍ഷം സംസ്ഥാന തല മത്സരത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. അമൃത ഹൈസ്കൂളിലെ അധ്യാപകന്‍ കൂടിയായ രാജേഷ് തന്നെയാണ് ഏകാഭിനയത്തില്‍ മാധവിയുടെ ഗുരുവും. ശാസ്ത്രീയ സംഗീതത്തില്‍ രണ്ടാം സ്ഥാനവും മാധവി നേടിയിരുന്നു.




Share this News Now:
  • Google+
Like(s): 74