18 November, 2018 11:31:48 AM


കെ.സുരേന്ദ്രന്‍റെ അറസ്റ്റ്: സംസ്ഥാന വ്യാപകമായി നിരത്തുകള്‍ ഉപരോധിക്കുന്നു



തിരുവനന്തപുരം: കെ.പി.ശശികലയുടെ അറസ്റ്റിനു പിന്നാലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക കൂടി ചെയ്തതോടെ തുടര്‍ച്ചയായ രണ്ടാം ദിനമാണ് കേരളത്തില്‍ റോഡ് ഉപരോധം നടക്കുന്നത്. ഇന്നലെ ഹര്‍ത്താലിന്‍റെ ഭാഗമായിരുന്നു എങ്കില്‍ ഇന്ന് ശശീന്ദ്രന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി പ്രവര്‍ത്തകര്‍ നാമജപത്തോടെ ദേശീയപാതകള്‍ ഉപോരോധിക്കുകയാണ്.


പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്രതിഷേധക്കാര്‍ ഒരു വാഹനവും കടത്തിവിടാത്തതിനെ തുടര്‍ന്ന് അയ്യപ്പ ഭക്തര്‍ അടക്കമുള്ള യാത്രക്കാര്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു. കെ. സുരേന്ദ്രന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നും ഹര്‍ത്താലിനാണ് ബിജെപി ആദ്യം ആലോചിച്ചതെങ്കിലും ഇന്നലത്തെ ഹര്‍ത്താല്‍ പരിഗണിച്ച് ഒന്നര മണിക്കൂര്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്താന്‍ തീരുമാനിക്കുകയായിരുന്നു.  


കോട്ടയം ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജി.രാമന്‍ നായര്‍ പൊന്‍കുന്നത്ത് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. കാര്യങ്ങളിങ്ങനെയെങ്കില്‍ പൊലീസിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് രാമന്‍ നായര്‍ പറഞ്ഞു. പൊന്‍കുന്നത്ത് റോഡ് ഉപരോധിച്ചതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്ര പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. നാമജപത്തോടു കൂടിയ സമാധാനപരമായ പ്രതിഷേധമാണെങ്കിലും അയ്യപ്പ ഭക്തരുടെതുള്‍പ്പെടെ  ഒരു വണ്ടിയും കടത്തിവിടുന്നില്ല. 


തിരുവനന്തപുരത്ത്  നെയ്യാറ്റിൻകരയിൽ രാവിലെ 9.30 മുതല്‍ റോഡ് ഉപരോധം തുടങ്ങി. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ അക്രമാസക്തമായെങ്കിലും നേതാക്കള്‍ ഇടപെട്ട് ശന്തരാക്കി. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങൽ, ഓവർ ബ്രിഡ്ജ്, വെഞ്ഞാറുംമൂട്, കാട്ടാക്കട, നെടുമങ്ങാട്‌  എന്നിവിടങ്ങളിലും ഉപരോധം നടക്കുന്നു. ആലപ്പുഴയിൽ കളർകോഡ്  ജംഗ്ഷനിലാണ് റോഡ് ഉപരോധിക്കുന്നത്.  


എറണാകുളം ജില്ലയിലും റോഡ് ഉപരോധം പുരോഗമിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ എസ്. പി ഓഫീസിലേക്ക് മാർച്ച് നടത്തി. ഇടയ്ക്ക് നാമജപ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ നേതാക്കളിടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. വെറ്റിലയ്ക്കടുത്ത് അരൂര്‍ ഭാഗത്തേക്കുള്ള ദേശീയ പാത ഉപരോധിക്കുകയാണ്. വാഹനങ്ങള്‍ വഴി തിരിടച്ചു വിടുന്നുണ്ടെങ്കിലും വാഹനക്കുരുക്ക് പ്രകടമാണ്. അങ്കമാലിയിലും മൂവാറ്റുപുഴയിലും പ്രതിഷേധ സമരങ്ങള്‍ നടക്കുന്നു. 


കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകരുടെ ഉപരോധം ശക്തമാണ്. ഒരു വാഹനവും കടത്തിവിടുന്നില്ല. കെ.സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലാണ് റിമാന്‍റിലാക്കിയിരിക്കുന്നത്. ഇതിനാല്‍ തന്നെ കൊട്ടാരക്കരയില്‍ സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം. ഇത് മൂലം തിരുവനന്തപുരം, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുകയാണ്. അയ്യപ്പ തീര്‍ത്ഥാടകര്‍ യാത്ര തുടരാനാകാതെ യാത്ര അവസാനിപ്പിച്ചിരിക്കുകയാണ്. 


കോഴിക്കോട് ജില്ലയിൽ രാവിലെ 11 മണിക്ക് വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ ഉരോധിക്കും. കോഴിക്കോട് മൈസൂര്‍ ദേശീയപാതയില്‍ കല്‍പ്പറ്റയിലും സുല്‍ത്താന്‍ബത്തേരിക്കടുത്ത് കൊളഗപ്പാറയിലും റോഡ് ഉപരോധിക്കും. വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ ഉപരോധം തുടരുകയാണ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻ പിള്ള, ഒ രാജഗോപാൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം വൈകീട്ട് 4 മുതൽ 6 വരെ ഉപവാസം അനുഷ്ഠിക്കും.



Share this News Now:
  • Google+
Like(s): 97