18 November, 2018 11:22:13 AM


മണ്ഡലകാലം ആരംഭിച്ചിട്ടും മാലിന്യസംസ്കരണം എങ്ങുമെത്താതെ എരുമേലി; നാട്ടുകാര്‍ ദുരിതത്തില്‍



എരുമേലി: എരുമേലിയിൽ മാലിന്യ സംസ്കരണം പൂർണമായും സ്തംഭിച്ചതോടെ ദുർഗന്ധം മൂലം പരിസരവാസികള്‍ ദുരിതത്തില്‍. മണ്ഡലകാലം തുടങ്ങിയിട്ടും എരുമേലിയിൽ മാലിന്യ സംസ്കരണത്തിന് മാര്‍ഗങ്ങളായില്ല. സംസ്കരണ പ്ലാന്‍റ് പോലും എരുമേലിയിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല എന്നു മാത്രമല്ല തുമ്പൂർമൊഴി മോഡൽ തുടങ്ങുമെന്നതും പ്രഖ്യാപനത്തില്‍ ഒതുങ്ങി. 


എരുമേലിയിലെ കൊടിത്തോട്ടത്തിലെ സ്ഥലത്താണ് മാലിന്യങ്ങൾ തള്ളുന്നത്. എരുമേലി പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമിറ്റർ അകലെ 150ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പരിസരത്ത് ദുര്‍ഗന്ധം മൂലം അടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എരുമേലി ക്ഷേത്രത്തിലെയും വാവർ പള്ളിയിലെയും മാലിന്യങ്ങൾ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ മാറ്റുന്നുണ്ടെങ്കിലും എവിടെക്കൊണ്ടിടുമെന്ന് മാത്രം ജീവനക്കാര്‍ക്ക് അറിയില്ല.


തുമ്പൂർമൊഴി മാതൃകയിൽ മാലിന്യസംസ്ക്കരണ പ്ലാന്റ് തയ്യാറിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം വൈകുകയാണ്.  മാലിന്യ പ്ലാന്റില്ലാത്തതിനാൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന അവസ്ഥയാണ് എരുമേലിയിൽ നിലവില്‍ ഉള്ളത്



Share this News Now:
  • Google+
Like(s): 85