17 November, 2018 07:59:39 PM


വെടിവച്ച് കൊന്നാലല്ലാതെ പിന്‍മാറില്ലെന്ന് ഭീഷണി; കെ. സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു



പമ്പ: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ പൊലിസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. ശബരിമലയിലേക്കുള്ള യാത്ര പൊലിസ് തടയുകയും ഇതേത്തുടര്‍ന്ന് പൊലിസുമായി സുരേന്ദ്രന്‍ വാഗ്വാദത്തിലാവുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. സുരേന്ദ്രന്റെ കൂടെ ഏഴു പേരുണ്ടായിരുന്നു. സുരേന്ദ്രന്‍ അടക്കം അഞ്ചുപേരുടെ കൈവശം ഇരുമുടിക്കെട്ടുണ്ടായിരുന്നു. പൊലിസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് സുരേന്ദ്രന്‍ തയ്യാറായില്ല. 


പൊലിസിന് തന്നെ തടയാന്‍ കഴിയില്ലെന്നും വെടിവയ്ക്കുകയല്ലാതെ നിങ്ങള്‍ക്ക് വേറെ വഴിയില്ലെന്നും സുരേന്ദ്രന്‍ പൊലിസുകാരോട് പറഞ്ഞു. ഇതോടെയാണ് എല്ലാവരെയും പൊലിസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയത്.  രാത്രി ഏഴു മണിയോടെയാണ് സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമല കയറാന്‍ നിലയ്ക്കലില്‍ എത്തിയത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നമുണ്ടെന്നു പറഞ്ഞ് പൊലിസ് തടഞ്ഞു. എന്തുവന്നാലും താന്‍ മലകയറുമെന്ന വാശിയോടെയാണ് സുരേന്ദ്രന്‍ എത്തിയത്.


എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ചായിരുന്നു എല്ലാവരെയും കസ്റ്റഡിയില്‍ എടുത്തത്. കൂടെയുള്ള ഓരോരുത്തരെയും മാറ്റിയ ശേഷമാണ് സുരേന്ദ്രനെ ജീപ്പില്‍ കയറ്റിയത്. ബി.ജെ.പി തൃശൂർ ജില്ലാ സെക്രട്ടറി നാഗേഷും കൂട്ടത്തിലുണ്ടായിരുന്നു. കസ്റ്റഡിയില്‍ എടുത്തു നീക്കുമ്പോള്‍ സ്വാമീ ശരണം എന്നു വിളിച്ച് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. 



Share this News Now:
  • Google+
Like(s): 136