16 November, 2018 09:37:43 PM


താളം തെറ്റി റവന്യു ജില്ലാ സ്കൂള്‍ കലോത്സവം; കാഞ്ഞിരപ്പള്ളിയും കോട്ടയം ഈസ്റ്റും മുന്നില്‍
കിടങ്ങൂര്‍:  പ്രളയത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കി നടത്തുന്ന കോട്ടയം റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം തന്നെ ശക്തമായ കാറ്റിലും മഴയിലും നനഞ്ഞു കുതിര്‍ന്നു. ചെലവുചുരുക്കലിന്‍റെ ഭാഗമായി ഘോഷയാത്രയും ഉദ്ഘാടനവുമില്ലാതെയാണു കലോത്സവം നടക്കുന്നത്. ആഘോഷത്തിലെ പൊലിമ കുറവിനൊപ്പം സംഘാടനത്തിലെ കെട്ടുറപ്പില്ലായ്മയും കലോത്സവത്തിന്‍റെ നിറം മങ്ങാന്‍ കാരണമായി. മഴയുമെത്തിയതോടെ കലോത്സവ വേദികള്‍ നിശ്ചലമായി. താളവും വേഗവും നിലച്ച മത്സരവേദികളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആകെ ആശയകുഴപ്പത്തിലുമായി.

രാവിലെ മുതല്‍ മത്സര ക്രമങ്ങളെ താളം തെറ്റിച്ചു മഴ പെയ്തു തുടങ്ങിയിരുന്നു. രണ്ടരയോടെ വൈദ്യുതി വിതരണം പൂര്‍ണമായി തടസപ്പെട്ടതോടെ മത്സരം നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. ശനിയാഴ്ച വൈകീട്ട് മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കണം. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ മത്സരങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

രാത്രി 9.30 മണിക്ക് അവസാന ഫലം ലഭിച്ചപ്പോള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 155 പോയിന്‍റോടെ കാഞ്ഞിരപ്പള്ളി ഉപജില്ലയും ഹയര്‍ സെക്കന്‍റി വിഭാഗത്തില്‍ 215 പോയിന്‍റോടെ കോട്ടയം ഈസ്റ്റ് ഉപജില്ലയും മുന്നില്‍ നില്‍ക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ കോട്ടയം ഈസ്റ്റും (154 പോയിന്‍റ്) ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ ചങ്ങനാശേരിയും (196 പോയിന്‍റ് ) തൊട്ടു പിന്നിലുണ്ട്. പാലായും (149 പോയിന്‍റ്) പാമ്പാടിയുമാണ് (163 പോയിന്‍റ്) മൂന്നാം സ്ഥാനത്ത്. ഹൈസ്കൂള്‍ സംസ്കൃത വിഭാഗത്തില്‍ 58 പോയിന്‍റോടെ ഏറ്റുമാനൂരാണ് മുന്നില്‍. അറബിക് വിഭാഗത്തില്‍ ഇന്ന് മത്സരരംഗത്തുണ്ടായിരുന്ന ഏക ഉപജില്ലയായ ഈരാറ്റുപേട്ടയ്ക്ക്  26 പോയിന്‍റാണുള്ളത്.  18 വേദികളിലായാണ് വെള്ളിയാഴ്ച മത്സരങ്ങള്‍ നടന്നത്. 

ഹൈസ്കൂള്‍ വിഭാഗത്തില്‍ 53 പോയിന്‍റോടെ കാഞ്ഞിരപ്പള്ളി എകെജെഎം ഹയര്‍ സെക്കന്‍ററി സ്കൂളും ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 78 പോയിന്‍റോടെ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് എച്ച്എസും, വാഴപ്പള്ളി സെന്‍റ് തെരേസാസ് എച്ച്എസ്എസും മുന്നിട്ടു നില്‍ക്കുന്നു. 48 പോയിന്‍റോടെ ഭരണങ്ങാനം എസ്എച്ച്ജി എച്ച് എസ് ഹൈസ്കൂള്‍ വിഭാഗത്തിലും 74 പോയിന്‍റോടെ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് എച്ച് എസ് എസ്, കോട്ടയം എംഡിഎസ് എച്ച്എസ്എസ് എന്നിവര്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിലും തൊട്ടു പിന്നിലുണ്ട്. 

സംസ്കൃതവിഭാഗത്തില്‍ 56 പോയിന്‍റോടെ ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് വിഎച്ച്എസ്എസും 53 പോയിന്‍റോടെ കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ററി സ്കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍  നില്‍ക്കുന്നു. അറബിക് വിഭാഗത്തില്‍ രണ്ട് സ്കൂളുകളാണ് മത്സരരംഗത്തുള്ളത്. ഇവരില്‍ 20 പോയിന്‍റോടെ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ മുന്നിട്ട് നില്‍ക്കുന്നു. ഹയത്തുദീന്‍ ഹൈസ്കൂളിന് ആറ് പോയിന്‍റുണ്ട്. 

മഴയില്‍ കളിച്ച് അറബനമുട്ട് ജേതാക്കള്‍കിടങ്ങൂര്‍: കിടങ്ങൂര്‍  എല്‍പിബിഎസിലെ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന അറബനമുട്ട്, ദഫ്മുട്ട്  മത്സരങ്ങള്‍ കാലാവസ്ഥ മാറിയതോടെ മഴക്കളിയായി മാറി. റോഡില്‍ നിന്നും മഴവെള്ളം കയറി സ്കൂള്‍ മുറ്റം നിറഞ്ഞതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. കനത്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത വേഷത്തില്‍ തന്നെ റോഡിലൂടെ നെട്ടോട്ടം ആരംഭിച്ചു. ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിഭാഗം അറബനമുട്ടില്‍ ഒന്നാം സ്ഥാനം നേടിയ പാമ്പാടി ക്രോസ് റോഡ് സ്കൂള്‍ ടീം തിരിച്ചു പോകാനായി മഴയില്‍ ഓടിയെത്തിയെങ്കിലും ഇവരുടെ വാഹനം കേടായത് വീണ്ടും പ്രശ്നമായി. മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെ മഴ ഒട്ടു വിടാതെ സ്കൂള്‍ മുറ്റത്ത് നിറഞ്ഞ വെള്ളത്തില്‍ കൂടി നിന്ന് കളിച്ചതും വേറിട്ട കാഴ്ചയായി. 

നാടോടി മത്സരത്തില്‍ പങ്കെടുക്കാനായില്ല; കണ്ണീരുമായി അനന്തു മടങ്ങി
കിടങ്ങൂര്‍: അതിശക്തമായ മഴയും കാറ്റും വേദികള്‍ തമ്മിലുള്ള ദൂരകൂടുതലും കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥികളെ ശരിക്കും വലച്ചു. നൃത്ത മത്സരങ്ങള്‍ ഉള്‍പ്പെടെ പലയിനങ്ങളിലും പങ്കെടുത്തവരുടെ എണ്ണവും ഇക്കുറി ഗണ്യമായി കുറഞ്ഞു. നൃത്ത ഇനങ്ങള്‍ പലതും ഏകദേശം ഒരേ സമയത്ത് നടന്നതിനാല്‍ പല കുട്ടികള്‍ക്കും രജിസ്റ്റര്‍ ചെയ്ത മത്സരങ്ങളില്‍ പങ്കെടുക്കാനുമായില്ല. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍റി വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കുച്ചിപ്പുടി, നാടോടിന‍ൃത്തം എന്നീ മത്സരങ്ങള്‍ ഏകദേശം ഒരേ സമയത്ത് നടത്തിയത് മത്സരാര്‍ത്ഥികളെ ശരിക്കും കുഴക്കി.

ഹൈസ്കൂള്‍ വിഭാഗം കുച്ചിപ്പുടി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാളകെട്ടി എ എം ഹയര്‍ സെക്കന്‍റി സ്കൂളിലെ അനന്തു ബിനുവിന് നാടോടിമത്സരത്തില്‍ അവസരം നഷ്ടപ്പെട്ടു. സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഏഴാം നമ്പര്‍ വേദിയിലെ കുച്ചിപ്പുടി മത്സരത്തിന് ശേഷം നാടോടി നൃത്തം നടന്നത് രണ്ട് കിലോമീറ്റര്‍ അകലെ കിടങ്ങൂര്‍ സൗത്തിലുള്ള ഭാരതീയ വിദ്യാമന്ദിറില്‍. നാടോടിനൃത്തത്തിനുള്ള വേഷഭൂഷാദികളുമായി ഓടിയണച്ച് വേദിയെലെത്തിയപ്പോള്‍ മത്സരവും കഴിഞ്ഞ് വിജയികളെയും പ്രഖ്യാപിച്ചു. താമസിച്ചെത്തിയതിനാല്‍ മത്സരിപ്പിക്കാനാവില്ലെന്ന കടുത്ത നിലപാടില്‍ സംഘാടകര്‍ ഉറച്ചു നിന്നതോടെ നിറഞ്ഞ മിഴികളുമായി അനന്തുവിന് മടങ്ങേണ്ടിവന്നു. മത്സരിപ്പിച്ചില്ലെങ്കിലും വെറുതെ സ്റ്റേജില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന അപേക്ഷയും സംഘാടകര്‍ തള്ളി.

ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടിയും നാടോടിനൃത്തവും രാവിലെ ഒമ്പത് മണിക്കാണ് ഇരുവേദിയിലും  ആരംഭിച്ചത്. പതിനൊന്നര മണിയോടെയാണ് കുച്ചുപ്പുടി മത്സരം അവസാനിച്ചത്. അതേസമയം അനന്തു ഉള്‍പ്പെടെ മൂന്ന് പേരാണ് നാടോടിനൃത്തത്തിന് രജിസ്റ്റര്‍ ചെയ്തത്. അനന്തു  ചെല്ലും മുമ്പ് രണ്ട് പേരുടെ കളി കഴിഞ്ഞ് മത്സരം അവസാനിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി മുകളേല്‍ ബിനു - ബിന്ദു ദമ്പതികളുടെ മകനായ അനന്തു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഫ്ലവേഴ്സ് ടിവിയുടെ കോമഡി ഉത്സവ് പരിപാടിയിലേക്ക് സുഹൃത്തായ എം.എ അനന്തുവിനോടൊപ്പം ഈ കൊച്ചുകലാകാരനും സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. കലാഭാരതി ലതാ എസ് പണിക്കരുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന അനന്തു ഭരതനാട്യത്തിനും ചേര്‍ന്നിട്ടുണ്ട്.

കഥകളി സംഗീതം: എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം കലാമണ്ഡലം ബാലചന്ദ്രന്‍റെ ശിഷ്യര്‍ക്ക്കിടങ്ങൂർ: റവന്യു ജില്ലാ കലോത്സവത്തിൽ കഥകളി സംഗീതത്തില്‍ നാല് ഒന്നാം സമ്മാനങ്ങളും കലാമണ്ഡലം ബാലചന്ദ്രന്‍റെ ശിഷ്യര്‍ക്ക്. ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ററി തലങ്ങളില്‍ ആണ്‍ - പെണ്‍  വിഭാഗങ്ങളിലായാണ് ഇവര്‍ സമ്മാനങ്ങള്‍ വാരികൂട്ടിയത്. ഇവരില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍  ഒന്നാം സ്ഥാനം നേടിയ അമൽസാഗർ ആയിരുന്നു കലോത്സവത്തിലെ ആദ്യവിജയി.


ഇത്തിത്താനം മലകുന്നം സ്കൂളിലെ 10ാംക്ലാസ് വിദ്യാർഥി . ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതത്തിലാണ് അമൽ ഒന്നാമതെത്തിയത്. തുടർച്ചയായ മൂന്നാം വർഷമാണ് അമല്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ രണ്ടു വർഷവും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. കലാമണ്ഡലം ബാലചന്ദ്രനാണ് ഗുരു. തൃക്കോതമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ വിദ്യാസാഗറിന്‍റെയും തിരുവല്ല ദേവസ്വം ബോർഡ് സ്കൂൾ അധ്യാപിക ശ്രീജയുടെയും മകനാണ്. സഹോദരൻ വിമൽ സാഗർ മുമ്പ് ഇതേ ഇനത്തിൽ സംസഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്.


കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഗായത്രി എസ് നായര്‍ക്കാണ് ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളി സംഗീതത്തില്‍ ഒന്നാം സ്ഥാനം. ഹയര്‍ സെക്കന്‍ററി വിഭാഗം കഥകളി സംഗീതം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇത്തിത്താനം ഹയര്‍ സെക്കന്‍ററി സ്കൂളിലെ കെ.എ അനന്തലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം.


കഴുതക്കളം മികച്ച നാടകം; ഗോപുകൃഷ്ണ നടന്‍, ജസീന നടികിടങ്ങൂര്‍: റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂള്‍ വിഭാഗം നാടകമത്സരത്തില്‍ കഴുതക്കളം ഏറ്റവും നല്ല നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് വിഎച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിനാണ് നല്ല നടനും നടിയ്ക്കുമുള്ള അവാര്‍ഡുകള്‍. ഗോപു കൃഷ്ണ മികച്ച നടനായപ്പോള്‍ ജസീന എം.എസ് നടിയായി. രംഗത്ത് ഏഴും പാട്ടിന് മൂന്നും ഉള്‍പ്പെടെ ഒമ്പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന പത്ത് പേരടങ്ങുന്ന സംഘമാണ് നാടകം അവതരിപ്പിച്ചത്. ഓണംതുരുത്ത് രാജശേഖരനായിരുന്നു സംവിധായകന്‍.


ഇത്തവണ വീഡിയോ റെക്കോർഡിംഗ് ഇല്ല


കിടങ്ങൂർ: റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ ഇക്കുറി വീഡിയോ റെക്കോർഡിംഗ് സംവിധാനമില്ല. സ്റ്റേജ് മാനേജരുടെ റിപ്പോർട്ട് നിർണായകം. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് വീഡിയോ റെക്കോർഡിംഗ് സംവിധാനം ഒഴിവാക്കിയത്. ഏതെങ്കിലും ഇനത്തിൽ അപ്പീലുമായി അധ്യാപകരോ രക്ഷിതാക്കളോ എത്തിയാൽ സ്റ്റേജ് മാേനജരുടെ റിപ്പോർട്ടാണ് പരിഗണിക്കുക. മത്സരം സംബന്ധിച്ച് നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് അപ്പീൽ അംഗീകരിക്കുക. കൂടാതെ മൂന്ന് വിധികർത്താക്കൾ നൽകിയ മാർക്കും അവരുടെ  റിപ്പോർട്ടും പരിഗണിക്കും. അപ്പീലുകൾ നൽകുന്ന വിദ്യാർത്ഥികളുടെ നിലവാരം വീണ്ടും പരിശോധിക്കാനാണ് കലോത്സവവേദികളിലെ പരിപാടികള്‍ വീഡിയോയിൽ പകർത്താൻ തുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിലെ കലോത്സവങ്ങളിൽ വീഡിയോ റെക്കോർഡിംഗ് സംവിധാനമുണ്ടായിരുന്നു. Share this News Now:
  • Google+
Like(s): 326