13 November, 2018 09:46:50 PM


'സോറി, ഞാന്‍ പോകുന്നു, മോനെ ചേട്ടന്‍ നോക്കണം' ; ഡി.വൈ.എസ്.പിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു




തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ വധക്കേസിലെ മുഖ്യപ്രതിയായിരുന്ന ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം എന്നാണ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ പറയുന്നത്. ജീവനൊടുക്കിയ സമയത്ത് ധരിച്ചിരുന്ന പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നുമാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.


സനല്‍ കുമാറിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന ശേഷം ഒളിവില്‍ പോയ ഡി.വൈ.എസ്.പി ഹരികുമാറിനെ ഇന്ന് രാവിലെയാണ് കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തേങ്ങ സൂക്ഷിക്കുന്ന മുറിയിലാണ് ഹരികുമാര്‍ ജീവനൊടുക്കിയത്. നായക്ക് തീറ്റ നല്‍കാനെത്തിയ ബന്ധുവായ സ്ത്രീയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


വിവാദമായ കേസായതിനാല്‍ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് പോലീസ് മൃതദേഹം അഴിച്ചതും പ്രാഥമിക പരിശോധനകള്‍ നടത്തിയതും. സുഹൃത്ത് ബിനുവിനൊപ്പം തമിഴ്‌നാട്ടില്‍ ഒളിവിലായിരുന്നു ഹരികുമാര്‍. ഇന്നലെ വൈകിട്ട് ഇവര്‍ തിരുവനന്തപുരത്ത് മടങ്ങി എത്തിയെന്നാണ് പോലീസ് നിഗമനം. ഇതിന് പിന്നാലെയാണ് ഇയാള്‍ ജീവനൊടുക്കിയത്. മുഖ്യപ്രതി ജീവനൊടുക്കിയെങ്കിലും കേസിന്റെ നിയമപരമായ നടപടികള്‍ തുടരുമെന്ന് ഡി.ജി.പി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 253