13 November, 2018 07:09:24 PM


ചെല്‍സി മുന്‍ താരം ജോ കോള്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു



ലണ്ടന്‍: ചെല്‍സി മുന്‍ താരം ജോ കോള്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം, ലിവര്‍പൂള്‍, ആസ്റ്റന്‍ വില്ല ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. വെസ്റ്റ് ഹാമിന്റെ അക്കാദമി വഴി വളര്‍ന്ന താരം 2003 ല്‍ ക്ലാഡിയോ റനിയേറി ചെല്‍സി പരിശീലകനായി ഇരിക്കെയാണ് സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് എത്തുന്നത്. 2011 വരെ ചെല്‍സിക്കായി കളിച്ച താരം അവര്‍ക്കൊപ്പം 3 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, 2 എഫ് എ കപ്പ് കിരീടങ്ങളും സ്വന്തമാക്കി.


2011 മുതല്‍ 2013 വരെ ലിവര്‍പൂളിനായി കളിച്ചെങ്കിലും നിരന്തരമായ പരിക്കുകള്‍ കാരണം കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. പിന്നീട് ഒരു വര്‍ഷം പഴയ ക്ലബ്ബായ വെസ്റ്റ് ഹാമിലും 2 വര്‍ഷം ആസ്റ്റന്‍ വില്ലയിലും കളിച്ചു. 2016 മുതല്‍ 2018 വരെ അമേരിക്കന്‍ ക്ലബ്ബായ ടെമ്ബ ബേ റൗഡിസിന് വേണ്ടിയാണ് താരം കളിച്ചത്. 2001 മുതല്‍ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടിയും താരം ബൂട്ട് കെട്ടി. 56 മത്സരങ്ങള്‍ അവര്‍ക്കായി കളിച്ച താരം 10 ഗോളുകളും നേടി.



Share this News Now:
  • Google+
Like(s): 44