13 November, 2018 07:04:21 PM


ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമവശം ആലോചിച്ച്‌ തുടര്‍ നടപടി: മുഖ്യമന്ത്രി

സര്‍ക്കാര്‍ വ്യാഴാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു




തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്നതോടെ പുതിയ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ നിയമവശം ആലോചിച്ച്‌ മാത്രമേ ഉണ്ടാകുവെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.



മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ വിധി പ്രാബല്യത്തില്‍ നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി എന്ത് തന്നെ ആയാലും സര്‍ക്കാര്‍ വിധിക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിധിയെ കുറിച്ച്‌ നിയമവിദഗ്ദ്ധരുമായി ചര്‍ച്ചകള്‍ നടത്തിയശേഷം സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ യോഗം ചേരുന്നത്. സുപ്രീംകോടതി വിധികൂടി പരിഗണിച്ചാണ് സര്‍വകക്ഷി യോഗം വിളിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം. യോഗത്തിന് നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കും. എന്നാല്‍, സമുദായ സംഘടനകളെ ക്ഷണിക്കുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല.



Share this News Now:
  • Google+
Like(s): 106