13 November, 2018 03:32:34 PM


പിടി വീണപ്പോള്‍ പൂട്ടും വീണു; ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടലുകളില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം

മുന്നറിയിപ്പ് നല്‍കിയിട്ടും വിറ്റഴിച്ചിരുന്നത് പഴകിയ ഭക്ഷണം




കാഞ്ഞങ്ങാട്: അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് പഴകിയ ഭക്ഷണം വില്‍പന നടത്തിയ ഹോട്ടലുകള്‍ക്ക് അവസാനം പൂട്ട് വീണു. അധികൃതര്‍ അടപ്പിച്ച ഹോട്ടലുകളില്‍ ചിലത് പ്രവര്‍ത്തിച്ചിരുന്നതാകട്ടെ ലൈസന്‍സില്ലാതെയും. പടന്നക്കാട് മേല്‍പ്പാലത്തിനടുത്തുള്ള 'മാബൈന', കാഞ്ഞങ്ങാട് നോര്‍ത്തിലുള്ള 'തട്ടുകട' എന്നീ ഹോട്ടലുകള്‍ക്കാണ് നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിട്ടത്. നേരത്തെ ടൗണിലെ തന്നെ 'പച്ചമുളക്' എന്ന സ്ഥാപനവും അടച്ചു പൂട്ടിയിരുന്നു.

'മാബൈന' എന്ന ഹോട്ടല്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത് ലൈസന്‍സ് ഇല്ലാതെയായിരുന്നു. പല തവണ ഇവിടെ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തിരുന്നു. പലവട്ടം നോട്ടീസ് നല്‍കിയിട്ടും പ്രയോജനമില്ലാതെ വന്ന സാഹചര്യത്തിലാണ് ഹോട്ടല്‍ പൂട്ടിയതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജശേഖരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. മുമ്പ് നടത്തിയ പരിശോധനയില്‍ ചുമത്തിയ പിഴ അടയ്ക്കാത്ത മറ്റ് സ്ഥാപനങ്ങള്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു. നഗരസഭാ ജെ എച്ച്‌ ഐ മാരായ ടി സജികുമാര്‍, വി.വി ബീന, പി.വി സീമ എന്നിവരടങ്ങിയ സംഘമാണ് പടന്നക്കാട് മേഖലയിലെ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. 



Share this News Now:
  • Google+
Like(s): 419