13 November, 2018 04:32:55 AM


യാത്രക്കാരിയെ ഉപദ്രവിച്ച കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കണ്ടക്‌ടര്‍ അറസ്‌റ്റില്‍



മാനന്തവാടി: യാത്രക്കാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കണ്ടക്‌ടര്‍ അറസ്‌റ്റില്‍. വടകര തിരുവള്ളൂര്‍ കുന്നുമ്മലങ്ങാടി താഴെക്കുനി വീട്ടില്‍ കെ. ഹനീഷി (40) നെയാണ്‌ തൊണ്ടര്‍നാട്‌ അഡീഷണല്‍ എസ്‌.ഐ. അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ ഞായറാഴ്‌ച രാത്രി അറസ്‌റ്റു ചെയ്‌തത്‌.


ഞായറാഴ്‌ച രാത്രി ഏഴരയോടെയാണ്‌ സംഭവം. കുറ്റ്യാടിയില്‍നിന്നു മാനന്തവാടിയിലേക്കു വരികയായിരുന്ന കെ.എസ്‌.ആര്‍.ടി.സി. ബസിലെ യാത്രക്കാരിക്കാണ്‌ മോശം അനുഭവമുണ്ടായത്‌. ഹനീഷ്‌ ബസില്‍വച്ച്‌ ആദ്യം യുവതിയെ അറിഞ്ഞുകൊണ്ട്‌ സ്‌പര്‍ശിക്കാന്‍ ശ്രമിച്ചു.

പിന്നീട്‌ ശരീരത്തില്‍ മനഃപൂര്‍വം പിടിച്ചു. ഇതേത്തുടര്‍ന്ന്‌ യുവതി ഭാവിവരന്‌ മൊബൈലില്‍ സന്ദേശമയക്കുകയും അദ്ദേഹം പോലീസില്‍ അറിയിച്ചതിന്റെ അടിസ്‌ഥാനത്തില്‍ തൊണ്ടര്‍നാട്‌ പോലീസ്‌ ബസ്‌ തടഞ്ഞുനിര്‍ത്തി കണ്ടക്‌ടറെ കൈയോടെ കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസെടുത്തു. ബസിലെ യാത്രക്കാരെ പോലീസ്‌ അടുത്ത ബസില്‍ കയറ്റി വിട്ടു.




Share this News Now:
  • Google+
Like(s): 265