12 November, 2018 09:39:45 PM


വെള്ളവും പ്രാഥമിക സൗകര്യങ്ങളുമില്ല; പുഞ്ചകൃഷി ഇറക്കാനാവാതെ നെല്‍കര്‍ഷകര്‍

കഴിഞ്ഞ വര്‍ഷം വിള നശിച്ചതിന്‍റെ ഇന്‍ഷ്വറന്‍സ് തുക ഇനിയും ലഭിച്ചിട്ടില്ലസംഗീത എന്‍.ജി.


കോട്ടയം:  പ്രളയത്തിനു ശേഷം പാടങ്ങള്‍ വറ്റിവരണ്ടതോടെ പുഞ്ചകൃഷിയിറക്കാനാവാതെ നെല്‍കര്‍ഷകര്‍. കൃഷിവകുപ്പിന്‍റെ സര്‍ക്കുലര്‍ പ്രകാരം നവംബര്‍ 15ന് മുമ്പ് പുഞ്ചകൃഷി ഇറക്കേണ്ടതാണ്. ഇതിനായി ഏക്കറിന് 40 കിലോ നെൽവിത്ത് വീതം കര്‍ഷകര്‍ക്ക് ലഭ്യമാക്കി. എന്നാല്‍ പേരൂര്‍ - തെള്ളകം പാടശേഖരങ്ങളില്‍ വെള്ളം ലഭിക്കാത്തതിനാല്‍ കൃഷിക്ക് നിലം ഒരുക്കല്‍ പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. പ്രശ്നം കൂടുതല്‍ വഷളായതോടെ പുഞ്ചകൃഷി ഉപേക്ഷിച്ച് പച്ചക്കറി കൃഷിയിലേക്ക് തിരിയാനൊരുങ്ങുകയാണ് തെള്ളകം പാടത്തെ ഒരു സംഘം നെല്‍കര്‍ഷകര്‍.


പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഇതുവരെ കര കയറിയിട്ടില്ല. വെള്ളത്തില്‍ മുങ്ങിയ മോട്ടോറുകള്‍ നന്നാക്കി ജലസേചനം സുഗമമാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനും കഴിഞ്ഞിട്ടില്ല. തെള്ളകത്ത് നഗരസഭയുടെ വക ഒരു മോട്ടോര്‍ ഉള്ളത് മിക്കവാറും പണിമുടക്കിലാണ്. നഗരസഭ കൃത്യമായി പണികള്‍ നടത്താത്തതിനാല്‍ കര്‍ഷകര്‍ തന്നെ പണം മുടക്കി അറ്റകുറ്റപണികള്‍ നടത്തും. നല്ലൊരു തുക ഈയിനത്തില്‍ ചെലവായി. ഈ തുക തിരികെ ലഭിക്കാതെ ഇനി പണികള്‍ നടത്തില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. 


കഴിഞ്ഞ വര്‍ഷം വെള്ളം കയറി വിള നശിച്ചതിന്‍റെ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. വരള്‍ച്ചയും അധികൃതരുടെ ഭാഗത്തുനിന്നുള്ള സഹകരണമില്ലായ്മയും മൂലം ഇക്കുറി പുഞ്ചകൃഷി ഉപേക്ഷിക്കുവാന്‍ തെള്ളകം പാടത്തെ ഒരു വിഭാഗം കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. വരണ്ട പാടം പൊടി കൂട്ടി മരച്ചീനി തുടങ്ങിയ പച്ചക്കറികള്‍ വിളയിക്കാന്‍ പാടത്ത് കളമൊരുക്കുകയാണിവര്‍.


പേരൂര്‍, തെള്ളകം പാടശേഖരങ്ങളിലേക്ക് മീനച്ചിലാറ്റില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം വേനലില്‍ കൃഷിക്ക് മതിയാകുന്നില്ല എന്ന പരാതി വര്‍ഷങ്ങളായുള്ളതാണ്. പേരൂര്‍ പാലാപ്പുഴ പമ്പ് ഹൗസില്‍ നിന്നും ഇറിഗേഷന്‍ കനാല്‍ വഴിയുള്ള വെള്ളം തെള്ളകം - പന്നികൊമ്പ് പാടശേഖരത്തേക്ക് തിരിച്ചുവിടുന്നതില്‍ കര്‍ഷകര്‍ക്കിടയിലുളള തര്‍ക്കം കഴിഞ്ഞ വർഷം സംഘടനത്തിലും വെട്ടിലും കലാശിക്കുകയായിരുന്നു. 


പാറമ്പുഴ അയ്മനംകുഴി ഭാഗത്തുള്ള പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണം നിലച്ചതോടെ തെള്ളകത്തിന്‍റെ ഭാഗമായ പന്നികൊമ്പ് പാടത്തെ കര്‍ഷകരും പാലാപ്പുഴയില്‍ നിന്നുമുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അയ്മനംകുഴി പമ്പ് ഹൗസില്‍ നിന്നും ജലവിതരണം പുനസ്ഥാപിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് കുറച്ചെങ്കിലും പരിഹാരമാകുമെന്ന് കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ തുക അനുവദിച്ചതല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല.


കുഴിചാലിപ്പടിയ്ക്കു സമീപം മീനച്ചിലാറ്റില്‍ സമാപിക്കുന്ന കുത്തിയതോട് തെള്ളകം പാടത്തിന്‍റെ നടുവിലൂടെയാണ് ഒഴുകുന്നത്. വേനലില്‍ ഈ തോട് വറ്റി വരളും. വെള്ളപൊക്കത്തില്‍ പാടത്ത് വെള്ളം നിറയുന്നതും ഈ തോട്ടിലൂടെയാണ്. കുഴിചാലിപ്പടിക്കു സമീപം കുത്തിയതോട്ടില്‍ ഒരു തടയണ നിര്‍മ്മിച്ച് വെള്ളം നിയന്ത്രിക്കണമെന്നുള്ള ആവശ്യവും പണ്ടേ ഉള്ളതാണ്. തടയണ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പാടത്ത് കയറിയ വെള്ളം ഒരു പരിധി വരെ കെട്ടികിടക്കുകയും പുഞ്ചകൃഷിക്ക് സഹായമാവുകയും ചെയ്യുമായിരുന്നു.


ഇനി ഏതെങ്കിലും വിധേന കൃഷി ഇറക്കാന്‍ സാഹചര്യം അധികൃതര്‍ ഒരുക്കിയാല്‍ തന്നെ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മാത്രമേ വിത നടക്കു. അങ്ങനെ സംഭവിച്ചാല്‍ വിളവെടുപ്പ് ഏപ്രില്‍ - മെയ് മാസങ്ങളിലാകും. വേനല്‍മഴയില്‍ കൃഷി നശിക്കാനേ ഇതു സഹായിക്കു എന്നാണ് കര്‍ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് തുക പോലും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു പരീക്ഷണത്തിന് മുതിരണോ എന്നാണ് കര്‍ഷകര്‍ ചിന്തിക്കുന്നത്.
Share this News Now:
  • Google+
Like(s): 237