12 November, 2018 12:17:44 PM


കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പില്‍ കെട്ടിടം തകർന്നു വീണ് 70 പൊലീസുകാര്‍ക്ക് പരിക്ക്

മരം കൊണ്ടും ഓട് കൊണ്ടും മേഞ്ഞതായിരുന്നു റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര



കണ്ണൂര്‍: കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിടെ കെട്ടിടം തകർന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. സ്വ കാര്യ റിസോർട്ടിന്‍റെ മേൽക്കൂരയാണ് തകർന്നത്. പൊലീസ് അസോസിയേഷന്‍റെ ജില്ലാ പഠനക്യാമ്പ് നടക്കുന്നതിനിടെയാണ് അപകടം. ആകെ 80 പൊലീസുകാരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. ഇതില്‍ എഴുപതോളം പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

മരം കൊണ്ടും ഓട് കൊണ്ടും മേഞ്ഞതായിരുന്നു റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായതായാണ് വിലയിരുത്തല്‍. ക്ലാസ് നടക്കുന്നതിനാല്‍ ക്യാമ്പിലുള്ളവരെല്ലാം തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ താഴെയുള്ള ഹാളില്‍ തന്നെയായിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന് അല്‍പസമയം മുമ്പ് ഇവിടെയെത്തി മടങ്ങിയിരുന്നു.  തലയ്ക്കാണ് ഏറെ പേര്‍ക്കും പ്രധാനമായും പരിക്കേറ്റത്.

വലിയ പഴക്കമില്ലാത്ത റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനം തുടരുന്നുണ്ട്. പരിക്കേറ്റവരെ കണ്ണൂരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബീച്ചിനോട് ചേര്‍ന്നുള്ള കാന്‍ബേ റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ പരിശോധനങ്ങള്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 



Share this News Now:
  • Google+
Like(s): 115