12 November, 2018 08:41:16 AM


അമിതവേഗത്തില്‍ പാഞ്ഞ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച കാര്‍ നാട്ടുകാര്‍ തകര്‍ത്തു; 3 പേര്‍ പിടിയില്‍

ബൈക്കുകളും ഓട്ടോയും ഇടിച്ചുതകര്‍ത്ത കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു

 


തിരുവനന്തപുരം: അമിതവേഗത്തിലോടിയ കാര്‍ ബൈക്കുകളും ഓട്ടോയും ഇടിച്ചുതകര്‍ത്തു. നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി അടിച്ചുതകര്‍ത്തു. കാറിലുണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി രഞ്ജിത്ത് (23), പാറശ്ശാല പരശുവയ്ക്കല്‍ സ്വദേശി അഭിലാഷ് (30), നെയ്യാറ്റിന്‍കര സ്വദേശി രാജീവ് (34) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി എട്ടരയോടെ വിഴിഞ്ഞം മുക്കോല ജങ്ഷനിലായിരുന്നു സംഭവം. രാവിലെ മുതല്‍ കാറില്‍ ചുറ്റിയടിച്ച സംഘം മദ്യപിച്ചിരുന്നതായി സംശയിക്കുന്നു.

വിഴിഞ്ഞം തിയേറ്റര്‍ ജങ്ഷനില്‍ ഓട്ടോയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോയി. ഇതില്‍ ഒരു സ്ത്രീക്ക് പരിക്കുപറ്റിയതായി പോലീസ് അറിയിച്ചു. നാട്ടുകാര്‍ വാഹനത്തെ പിന്തുടര്‍ന്നു. തെന്നൂര്‍ക്കോണത്തുെവച്ച് ബൈക്കുകളെയും ഇടിച്ച ശേഷം ഓടിച്ച കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചു. ഇതു വകവയ്ക്കതെ ഓടിച്ചുപോയ വാഹനത്തെ മുക്കോല ജങ്ഷനില്‍വച്ചാണ് തടഞ്ഞുനിര്‍ത്തിയത്. ഇതിനിടയില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. പിടികൂടിയവരെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയതായി വിഴിഞ്ഞം എസ്.ഐ. അറിയിച്ചു



Share this News Now:
  • Google+
Like(s): 205