11 November, 2018 03:15:11 PM


മുറുക്കാന്‍ കടകളുടെ മറവില്‍ വിപണിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പെരുകുന്നു



ഏറ്റുമാനൂര്‍: മുറുക്കാന്‍ കടകളുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിപണിയില്‍ പെരുകുന്നു. അന്യസംസ്ഥാനക്കാരായ കച്ചവടക്കാര്‍ നടത്തുന്ന ചെറിയ പെട്ടികടകള്‍ വഴിയാണ് വടക്കേ ഇന്ത്യയില്‍ നിന്നും രഹസ്യമായി എത്തിക്കുന്ന പുകയില ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ബസ് സ്റ്റാന്‍റ് തുടങ്ങിയ ടൗണുകളിലെ പ്രധാന കേന്ദ്രങ്ങള്‍ കൂടാതെ പാതയോരങ്ങളും കൈയടക്കിയാണ് ഇവരുടെ കച്ചവടം പൊടിപൊടിക്കുന്നത്. 


സുഗന്ധമുറുക്കാന്‍ എന്ന പേരില്‍ കോട്ടയം ജില്ലയില്‍ കച്ചവടം നടത്തുന്ന ഇവര്‍ക്ക് നേരത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴിലുള്ള ഇതരസംസ്ഥാന തൊഴിലാളി യൂണിയന്‍റെ പിന്‍ബലമുണ്ടായിരുന്നു. യൂണിയന്‍ അംഗത്വത്തിന്‍റെ മറവിലായിരുന്നു കച്ചവടം പൊടിപൊടിച്ചിരുന്നത്. യൂണിയന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായാണ് നാട്ടുകാരുടെ ഇടയില്‍ ഇവര്‍ പിടിച്ചു നിന്നിരുന്നതും. എന്നാല്‍ മുറുക്കാന്‍റെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ ധാരാളമായി വില്‍ക്കുന്നുവെന്ന പരാതി ശരിയാണെന്ന് ബോധ്യമായതോടെ യൂണിയന്‍ ഇവരെ കൈവിട്ടു.


ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് പ്രധാനമായും നിരോധിത പുകയില ഉത്പന്നങ്ങള്‍ കേരളത്തിലെത്തിക്കുന്നത്. മധ്യപ്രദേശില്‍ നിന്നും ട്രയിന്‍ മാര്‍ഗം കടത്തികൊണ്ടുവന്ന 1500 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങള്‍ ഒരു മാസം മുമ്പ് കോട്ടയത്ത് പിടി കൂടിയിരുന്നു. വൈക്കം താലൂക്കിലെ കോതനല്ലൂര്‍ ഭാഗത്ത് താമസിക്കുന്ന ബീഹാര്‍ സ്വദേശിനിയായ ഒരു സ്ത്രീ ആണത്രേ കോട്ടയം ജില്ലയിലെ പ്രധാന ഏജന്‍റ്.


നീണ്ടൂര്‍ - കല്ലറ റോഡില്‍ തന്നെ പത്തിലധികം ഇത്തരം പെട്ടികടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ പലരും നാട്ടിലെ കഞ്ചാവ് ലോബിയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവരാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കോട്ടയം ജില്ലയില്‍ തന്നെ ഏതാണ്ട് ഇരുന്നൂറിലധികം പെട്ടികടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇതരസംസ്ഥാനതൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി പി.കെ.ചന്ദ്രശേഖരന്‍ പറയുന്നത്. ഈ കച്ചവടക്കാരില്‍ നല്ലൊരു ശതമാനവും നാടു വിട്ട് വരുന്ന ക്രിമിനലുകളാണെന്നും പറയപ്പെടുന്നു. എന്നാല്‍ ഇവരെ തിരിച്ചറിയാനുള്ള കാര്യക്ഷമമായ നടപടികള്‍ പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.



Share this News Now:
  • Google+
Like(s): 158