10 November, 2018 02:52:34 PM


മണ്‍വിള അഗ്നിബാധ: തീയിട്ടത് തങ്ങളാണെന്ന കുറ്റസമ്മതവുമായി ജീവനക്കാര്‍

പൊലീസ് കസ്റ്റഡിയിലെടുത്ത ചിറയിന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവര്‍ കുറ്റം സമ്മതിച്ചു



തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ചിറയിന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവര്‍ കുറ്റം സമ്മതിച്ചു. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വിമല്‍ തീയിടുകയും ബിനു സഹായം നല്‍കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. വിമലിന്‍റെയും ബിനുവിന്‍റെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ടുപേരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിലൊരാള്‍ കടയില്‍നിന്ന് ലൈറ്റര്‍ വാങ്ങിയെന്നായിരന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. സിസിടിവി പരിശോധനയിലാണ് ഇവരെ കുറിച്ചുള്ള സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്.



Share this News Now:
  • Google+
Like(s): 100