09 November, 2018 03:21:25 PM


ഏറ്റുമാനൂര്‍ നഗരത്തില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത പരിഷ്കാരം; ബസ് സ്റ്റോപ്പുകള്‍ മാറും

പാലാ റോഡിലും ടെമ്പിള്‍ റോഡിലും വണ്‍വേ ; ബസ് സ്റ്റോപ്പുകളില്‍ മാറ്റം



ഏറ്റുമാനൂര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഏറ്റുമാനൂര്‍ നഗരത്തില്‍ തിങ്കളാഴ്ച മുതല്‍ പുതിയ ക്രമീകരണങ്ങള്‍. പാലാ റോഡിലും ടെമ്പിള്‍ റോഡിലും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയും ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിച്ചുമാണ് ഏറ്റുമാനൂരിലെ കുരുക്ക് അഴിക്കാന്‍ പോലീസ് ശ്രമിക്കുന്നത്. ശബരിമല ഇടത്താവളവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ നടന്ന യോഗത്തില്‍ ഗതാഗതക്കുരുക്ക് ചര്‍ച്ചയായിരുന്നു. യോഗത്തിനു ശേഷം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തുന്നത്.

കഴിഞ്ഞയാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം ഭാഗികമായി നടപ്പാക്കിയിരുന്നു. എം.സി.റോഡില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലായിരുന്നു ടൗണിലെ ക്രമീകരണങ്ങള്‍ പൂര്‍ണമാകാതിരുന്നത്. അതേസമയം അതിരമ്പുഴ ടൗണിലെ ഗതാഗതപരിഷ്കാരങ്ങള്‍ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തിനു ശേഷമേ അന്തിമ തീരുമാനത്തിലെത്തു. ഏറ്റുമാനൂര്‍ ടൗണില്‍ പാലാ റോഡില്‍ ഗവ ഹൈസ്കൂളിന് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പ് നിര്‍ത്തലാക്കുമെന്ന് പറഞ്ഞിരുന്നതും പുനപരിശോധിക്കും. സെന്‍ട്രല്‍ ജംഗ്ഷനിലും കുരിശുപള്ളി കവലയിലും പേരൂര്‍ കവലയിലും പടിഞ്ഞാറെ നടയിലും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാനും പദ്ധതിയുണ്ട്.

കാരിത്താസ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് നേരത്തെ പുനക്രമീകരിച്ചിരുന്നു. ബസ് ബേയില്‍ നിന്നും ഓട്ടോ സ്റ്റാന്‍റ് മാറ്റി. കോട്ടയം, മെഡിക്കല്‍ കോളേജ് ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ജംഗ്ഷനു മുമ്പ് എം.സി.റോഡിലും മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ അമ്മഞ്ചേരി റോഡിലും എം.സി.റോഡിലൂടെ കോട്ടയം ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ജംഗ്ഷനു മുമ്പുമാണ് നിര്‍ത്തുക.   
ഇരുചക്രവാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ക്ക് കാരിത്താസ് ആശുപത്രി ഭാഗത്തുനിന്നും എം.സി.റോഡിലേക്ക് പ്രവേശനമില്ല. ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ളവര്‍ ഓള്‍ഡ് എം.സി.റോഡിലൂടെ 101 കവലയിലോ പാറോലിക്കലോ എത്തി യാത്ര തുടരണം. കോട്ടയം ഭാഗത്തേക്കുള്ളവര്‍ ഓള്‍ഡ് എം.സി.റോഡിലൂടെ ചൈതന്യയുടെ മുമ്പിലോ തെള്ളകത്തോ എം.സി.റോഡില്‍ പ്രവേശിച്ച് യാത്ര തുടരണം. എം.സി.റോഡില്‍ നിന്നും കാരിത്താസ് ആശുപത്രിയിലേക്കും മറ്റും പോകേണ്ട വാഹനങ്ങള്‍ക്ക് കവലയില്‍ നിന്നും കയറി പോകാം. 

പരിഷ്കാരങ്ങള്‍ ഏറ്റുമാനൂര്‍ ടൗണില്‍


* കോട്ടയം ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ പാറോലിക്കല്‍ നിന്നും തിരിഞ്ഞ് ഓള്‍ഡ് എം.സി റോഡിലൂടെ ഏറ്റുമാനൂര്‍ സ്റ്റാന്‍റില്‍ എത്തണം. 
* വൈക്കം, മൂവാറ്റുപുഴ ഭാഗത്തുനിന്നും പാലാ, അയർ കുന്നം ഭാഗത്തേക്ക് പോകേണ്ട സര്‍വ്വീസ് ബസുകളല്ലാത്ത വാഹനങ്ങള്‍ ടൗണിലെത്താതെ തവളക്കുഴിയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലാ റോഡില്‍ മംഗലം കലുങ്ക് ജംഗ്ഷനിലെത്തി യാത്ര തുടരാവുന്നതാണ്. 
* എറണാകുളം ഭാഗത്തുനിന്നും ബസ് സ്റ്റാന്‍റില്‍ കയറാതെ അതിരമ്പുഴ റോഡിലൂടെ പോകുന്ന ദീര്‍ഘദൂര ബസുകള്‍ പടിഞ്ഞാറെനടയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് നീണ്ടൂര്‍ റോഡിലൂടെ കുരിശുപള്ളി കവലയിലെത്തി യാത്ര തുടരണം.
* പാലാ റോഡില്‍ പേരൂര്‍ കവല മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരെ ഭാഗികമായി വണ്‍വേ ആയിരിക്കും.
* പാലാ, അയര്‍കുന്നം, പേരൂര്‍ ഭാഗങ്ങളിലേക്കുള്ള ബൈക്ക്, കാര്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ ഒഴികെ എല്ലാ വലിയ വാഹനങ്ങളും എം.സി.റോഡിലൂടെ പോയി പടിഞ്ഞാറെനടയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ടെമ്പിള്‍ റോഡിലൂടെ പേരൂര്‍ കവലയില്‍ എത്തി യാത്ര തുടരണം. 
* പാലാ, അയര്‍കുന്നം, പേരൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകളുടെ പേരൂര്‍ കവലയിലെ ബസ് സ്റ്റോപ്പ് പുനക്രമീകരിച്ചു. എല്ലാ ബസുകളും കോവില്‍പാടം റോഡില്‍ വ്യാപാരഭവന് മുന്നിലായി പുതിയ സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കണം. ഇതിനിടെ എം.സി.റോഡില്‍ തിരു ഏറ്റുമാനൂരപ്പന്‍ ബസ് ബേയിലും നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കാവുന്നതാണ്.
* പാലാ റോഡില്‍ നിന്നും ടെമ്പിള്‍ റോഡിലേക്ക് പ്രവേശനമില്ല. അതുപോലെ ടെമ്പിള്‍ റോഡില്‍ നിന്ന് എം.സി.റോഡിലേക്കും പ്രവേശനമുണ്ടായിരിക്കില്ല. ക്ഷേത്രത്തില്‍ നിന്നും മറ്റും എം.സി.റോഡിലേക്ക് പ്രവേശിക്കേണ്ടവര്‍ ടെമ്പിള്‍ റോഡിലൂടെ പേരൂര്‍ കവലയിലെത്തി പാലാ റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനിലെത്തണം. 
* കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍റിലെ ഓട്ടോസ്റ്റാന്‍റ് പൂര്‍ണമായി ഒഴിവാക്കി. 
* കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റ് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരെ എം.സി. റോഡിന്‍റെ ഇടതു വശം നോ പാര്‍ക്കിംഗ് ഏരിയ ആയിരിക്കും. 
* കിടങ്ങൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ്, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഏറ്റുമാനൂരില്‍ ടൗണില്‍ പ്രവേശിക്കാതെ വെട്ടിമുകളില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ്, കണ്ണമ്പുര, പള്ളികുന്ന്, പേരൂര്‍ കണ്ടംചിറ, മന്നാമല വഴി തെള്ളകത്ത് എം.സി.റോഡില്‍ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്. തിരിച്ചും ഈ വഴി തന്നെ പോയി പാലാ റോഡില്‍ പ്രവേശിക്കാം.



Share this News Now:
  • Google+
Like(s): 1004