08 November, 2018 10:50:05 AM


ക്രൗഡ് ഫണ്ടിംഗിന് സര്‍ക്കാര്‍ പുതിയ ഏജന്‍സിയെ തേടുന്നു; നവകേരള നിര്‍മാണത്തിന് തിരിച്ചടി

പ്രളയം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും ക്രൗഡ് ഫണ്ടിംഗ് വഴി ഇതുവരെ സമാഹരിക്കാനായത് നിസാര തുക മാത്രംതിരുവനന്തപുരം: ക്രൗഡ് ഫണ്ടിംഗ് ചെയ്യുന്നതില്‍ കെപിഎംജിഎ പരാജയപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതോടെ പുതിയ കണ്‍സള്‍ട്ടന്‍റിനെ തേടി സര്‍ക്കാര്‍. നേരത്തെ കരിമ്പട്ടികയില്‍ ഇടം നേടിയിരുന്ന കെപിഎംജിഎയെ സര്‍ക്കാര്‍ നിയോഗിച്ചത് ഏറെ വിവാദമായിരുന്നു. പ്രളയം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും ക്രൗഡ് ഫണ്ടിംഗ് വഴി ഇതുവരെ സമാഹരിക്കാനായത് നിസാര തുക മാത്രം. ഇതെതുടര്‍ന്ന് ചീഫ് സെക്രട്ടറി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ‌


ഇതിനിടെ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം കിട്ടാന്‍ സര്‍ക്കാരുണ്ടാക്കിയ റീബില്‍ഡ് കേരളാ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. ആലപ്പുഴയില്‍ മാത്രം 13,000 പേരുടെ വീടുകള്‍ അപ് ലോഡ് ചെയ്യാനായില്ല. വിവരങ്ങള്‍ കൈമാറാനാവാത്ത വീട് തകര്‍ന്ന ആയിരങ്ങള്‍ക്ക് എങ്ങനെ ധനസഹായം കിട്ടുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. 


പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് മൈബൈല്‍ ആപ്പില്‍ അപ് ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ വളണ്ടിയര്‍മാരെ പരിശീലിപ്പിച്ച് നിയോഗിച്ചിരുന്നു. എന്നാല്‍, ആലപ്പുഴയിലെ കുട്ടനാട്ട് അടക്കം സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും വളണ്ടിയര്‍മാര്‍ എത്തിയില്ല. ഇതോടെ പ്രളയബാധിതരുടെ കണക്കെടുപ്പ് പാതിവഴിയിലായി. ആലപ്പുഴ കുട്ടനാട്ടിലെ ചേന്നങ്കരി പ്രദേശത്ത് മാത്രം നാല്പതിലേറെ വീടുകള്‍ ആപ്പില്‍ ഇനിയും ഉള്‍പ്പെടുത്താനുണ്ട്. എന്നാല്‍ വിവരം ശേഖരിച്ച് ആപ്പിലേക്ക് അപ് ലോഡ് ചെയ്യാന്‍ നോക്കുമ്പോഴേക്കും റീബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്പ് ലഭ്യമല്ല. രണ്ടാഴ്ചയായി ആപ്പ് പണിമുടക്കിയിട്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ ആപ്ലിക്കേഷന്‍ പൂട്ടുകയായിരുന്നു. 


ആലപ്പുഴയില്‍ മാത്രം 13,000 ല്‍ ഏറെ തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ഇനിയും പുതുതായി ഉള്‍പ്പെടുത്താനുണ്ട്. ആലപ്പുഴ കലക്ടര്‍ അടക്കം ആവശ്യപ്പെട്ടിട്ടും ഇതുവരെ ആപ്പ് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആലപ്പുഴയിലെന്ന പോലെ സംസ്ഥാനത്തെ മറ്റ് പ്രളയബാധിത പ്രദേശങ്ങളിലെയും അവസ്ഥയിതാണ്. പരിശീലനം കിട്ടിയ വളണ്ടിയര്‍മാര്‍ മിക്കവരും പ്രവര്‍ത്തനം പാതിവഴിയില്‍ നിര്‍ത്തി. മൈബൈല്‍ ആപ്പ് ഇനിയും തുറന്ന് കൊടുത്തില്ലെങ്കില്‍ പ്രളയബാധിതരുടെ ദുരിതം ഇരട്ടിയാവും.


വീടുകള്‍ തകര്‍ന്ന് 24 ലക്ഷം രൂപ നഷ്ടമുണ്ടായ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്തില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കാനായത് 100 രൂപ മാത്രമാണ്. പ്രളയമേഖലകളിലെ പുനര്‍നിര്‍മാണത്തിനായി ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം കെപിഎംജിയാണ് മുന്നോട്ടുവച്ചത്. പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമാകാന്‍ താല്‍പര്യമുളള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സഹായ വാഗ്ദാനം നല്‍കാന്‍ പ്രത്യേക വെബ് പോര്‍ട്ടലും ഇതിനായി തുടങ്ങിരുന്നു. 


ഏറ്റവുമധികം വീടുകള്‍ തകര്‍ന്ന ചാലക്കുടി മുന്‍സിപ്പാലിറ്റി. വെബ് പോര്‍ട്ടലില്‍ നല്‍കിയ കണക്കനുസരിച്ച് പുനര്‍നിര്‍മാണത്തിന് വേണ്ടത് ആറ് കോടി 18 ലക്ഷം രൂപ. എന്നാല്‍ ഇതുവരെയായി കാര്യമായ സഹായവാഗ്ദാനം കിട്ടിയിട്ടില്ല. പത്തനംതിട്ട ജില്ലയിലെ റാന്നി പഞ്ചായത്ത്. പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് വേണ്ടത് ഒരു കോടി 86 ലക്ഷം രൂപ. ഇവിടത്തെ അവസ്ഥയ്ക്കും മാറ്റമില്ല. 

എന്നാല്‍ കേരള പുനർനിർമ്മാണ കൺസൾട്ടിംഗ് സ്ഥാനത്ത് നിന്ന് കെപിഎംജിഎയെ മാറ്റില്ലെന്നും ഇ.പി.ജയരാജൻ. സൗജന്യ നിരക്കിലാണ് കെപിഎംജിഎയുടെ സേവനം സർക്കാർ ഉപയോഗിക്കുന്നത്. കമ്പനിയെ മാറ്റേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. 


പോര്‍ട്ടലിന് വേണ്ടത്ര പരസ്യം കിട്ടാത്തതുകൊണ്ടും. വ്യക്തിപരമായും സംഘടനാ തലത്തിലും പുനരധിവാസം നടക്കുന്നുണ്ട്. മാത്രമല്ല പണം നല്‍കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ പല തലത്തില്‍നിന്ന് ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2000 കോടി വന്നുവെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണെന്ന് സജീ ചെറിയാന്‍ എം എല്‍ എ പറയുന്നു. ചരിത്രത്തിലെ റിക്കാര്‍ഡ് കലക്ഷനാണ് കേരളത്തിന് ലഭിച്ചത്. തികഞ്ഞ ആത്മവിശ്വാം സര്‍ക്കാറിനുണ്ടെന്നും സജീ ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.Share this News Now:
  • Google+
Like(s): 357