07 November, 2018 07:39:43 PM


കുടിവെള്ളപദ്ധതിയ്ക്കായി തുക വകമാറ്റി; ഏറ്റുമാനൂര്‍ കോടതി റോഡിലൂടെ യാത്ര ദുഷ്കരവുമായി

ഏറ്റുമാനൂരിലെ ട്രാഫിക് കുരുക്ക് അസഹനീയമായതോടെ കോടതി റോഡിലൂടെ വാഹനഗതാഗതം വര്‍ദ്ധിച്ചു



ഏറ്റുമാനൂര്‍: കോടതിപടിയില്‍ നിന്നും നീണ്ടൂര്‍ റോഡിലേക്കുള്ള വഴിയിലൂടെ യാത്ര ദുഷ്കരമായി. ടാറിംഗ് പൊട്ടിപൊളിഞ്ഞ് അഗാധഗര്‍ത്തങ്ങള്‍ രൂപംകൊണ്ട റോഡില്‍ അപകടങ്ങളും പതിവായി. നഗരസഭയുടെ കഴിഞ്ഞ ബജറ്റില്‍ 33-ാം വാര്‍ഡ് കൗണ്‍സിലര്‍ കോടതി റോഡിന്‍റെ അറ്റകുറ്റപണിക്കായി അഞ്ച് ലക്ഷം രൂപയുടെ പദ്ധതി നിര്‍ദ്ദേശിച്ചുവെങ്കിലും പ്രായോഗികമായില്ല. ഈ അഞ്ച് ലക്ഷം രൂപയാണ് പടിഞ്ഞാറെനട കുടിവെള്ളപദ്ധതിയ്ക്കായി വക മാറ്റി ചെലവഴിച്ചത്. തുക വക മാറ്റി ചെലവഴിച്ച കൗണ്‍സിലറെ തഴഞ്ഞതോടെ കുടിവെള്ളപദ്ധതി വിവാദത്തിലുമായി. 


ഏറ്റുമാനൂരില്‍ പുതുതായി വരുന്ന റിംഗ് റോഡിന്‍റെ ഭാഗമായ ഈ വഴി സംസ്ഥാനപൊതുമരാമത്ത് ഏറ്റെടുക്കാനിരിക്കവെ ആയിരുന്നു കൗണ്‍സിലര്‍ ഗണേശ് ഏറ്റുമാനൂര്‍ റോഡ് റീ ടാറിംഗിന് നിര്‍ദ്ദേശം വച്ചത്. നഗരസഭ ടാറിംഗ് നടത്തിയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ റോഡ് മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് 34-ാം വാര്‍ഡ് കൗണ്‍സിലറോടൊപ്പം ചേര്‍ന്ന് ഈ തുക കുടിവെള്ളപദ്ധതിയ്ക്കായി മാറ്റിയതെന്ന് ഗണേശ് പറയുന്നു.


ഏറ്റുമാനൂരിലെ ട്രാഫിക് കുരുക്ക് അസഹനീയമായതോടെ കോടതി റോഡിലൂടെ വാഹനഗതാഗതം വര്‍ദ്ധിച്ചിരിക്കുകയാണ്. എം.സി.റോഡില്‍ തവളക്കുഴിയില്‍ നിന്നും ശക്തിനഗറില്‍ നിന്നും തിരിയുന്ന വാഹനങ്ങള്‍ കോടതി റോഡിലൂടെ സഞ്ചരിച്ചാണ് എം.സി.റോഡില്‍ വിമലാ ആശുപത്രിക്ക് സമീപം എത്തിചേരുന്നത്. മൂന്ന് കോടതികള്‍, ബ്ലോക്ക് ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, റജിസ്റ്ററ്‍ കച്ചേരി, കൃഷി വകുപ്പ് ഓഫീസുകള്‍, മൃഗാശുപത്രി, ട്രഷറി, സ്കൂള്‍ തുടങ്ങി ഏറ്റുമാനൂരിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന കച്ചേരി കുന്നിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഏതു സമയവും നല്ല തിരക്കുമാണ് ഈ റോഡില്‍.


റിംഗ് റോഡ് നിര്‍മ്മാണം അനന്തമായി നീളുന്ന സാഹചര്യത്തില്‍ റോഡിന് ശാപമോക്ഷം എന്നുണ്ടാവും എന്നാണ് നാട്ടുകാരുടെ ചോദ്യം. എന്നാല്‍ വെള്ളപൊക്കദുരിതാശ്വാസപദ്ധതി പ്രകാരം ടാറിംഗ് ജോലികള്‍ ഒരു മാസത്തിനുള്ളില്‍ തുടങ്ങാമെന്ന് എം.എല്‍.എ അറിയിച്ചതായി കൗണ്‍സിലര്‍ പറയുന്നു. 



Share this News Now:
  • Google+
Like(s): 164