07 November, 2018 03:26:56 PM


ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാത്തത് ആചാരമല്ല - ജസ്റ്റിസ് കെ.ടി.തോമസ് (VIDEO കാണാം)

ഭരണഘടന അനുശാസിക്കുന്ന നിയമഭേദഗതികളോട് സ്ത്രീകള്‍ പൊരുത്തപ്പെടണം




ഏറ്റുമാനൂര്‍: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാത്തത് ഒരു ആചാരത്തിന്‍റെ ഭാഗമല്ലെന്നും പ്രായാഗികമായ പ്രയാസം കൊണ്ടാണെന്നും ജസ്റ്റിസ് കെ.ടി.തോമസ്. പണ്ടൊക്കെ നടന്നായിരുന്നു ശബരിമല യാത്ര. ഘോരവനത്തിലൂടെ മലകള്‍ താണ്ടി അയ്യപ്പദര്‍ശനം നടത്തി തിരിച്ചെത്തുവാന്‍ കുറഞ്ഞത് നാല്‍പത് - നാല്‍പ്പത്തഞ്ച് ദിവസമെങ്കിലും എടുക്കുമായിരുന്നു. ഇത് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ടാണ് ഋതുമതികളായ സ്ത്രീകള്‍ ശബരിമല യാത്ര ഉപേക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറിയെന്നും കെ.ടി.തോമസ് ചൂണ്ടികാട്ടി.

കാലഘട്ടത്തിന്‍റെ മാറ്റത്തിനനുസരിച്ച് ഭരണഘടന അനുശാസിക്കുന്ന നിയമഭേദഗതികളോട് സ്ത്രീകള്‍ പൊരുത്തപ്പെടണമെന്ന് പറഞ്ഞ അദ്ദേഹം ശബരിമല വിഷയത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിന്‍റെ കാരണമെന്തെന്ന് മനസിലാകുന്നില്ലെന്നും പരഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്‍റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിച്ചുവരുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് എന്ന സ്ഥാപനത്തിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വത്തിലേയ്ക്ക് ഇനി എത്ര ദൂരം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് കെ.ടി.തോമസ്. 

സ്തീകൾക്കും കുട്ടികൾക്കും താല്ക്കാലിക അഭയവും സഹായവും പിന്തുണയും നല്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്നേഹിതയുടെ രണ്ടാം വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു പരിപാടി. ജില്ലയിലെ മുഴുവന്‍ സിഡിഎസ് ചെയർപേഴ്സൺമാരും കുടുംബശ്രീ ടീം അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിലെ സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥികളും വിവിധ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുത്തു.




Share this News Now:
  • Google+
Like(s): 376