05 November, 2018 05:40:04 PM


പണം മുടക്കിയ കൗണ്‍സിലര്‍ പുറത്ത്; ഏറ്റുമാനൂര്‍ പടിഞ്ഞാറെനട കുടിവെള്ള പദ്ധതി വീണ്ടും വിവാദത്തില്‍

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള വികസനപദ്ധതി പാര്‍ട്ടി പരിപാടിയാക്കിയെന്ന് ആരോപണംഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയിലെ പടിഞ്ഞാറെനട കുടിവെള്ള പദ്ധതി വീണ്ടും വിവാദത്തില്‍. സംസ്ഥാന സര്‍ക്കാരിന്‍റെയും നഗരസഭയുടെയും ഫണ്ടിനോടൊപ്പം എം.പി.ഫണ്ട് കൂടി ചേര്‍ത്ത് നിര്‍മ്മിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപന കര്‍മ്മം ബിജെപിയുടെ പാര്‍ട്ടി പരിപാടി ആക്കി മാറ്റിയെന്നാണ് ആരോപണം. കുടിവെള്ളപദ്ധതിയെ ചൊല്ലി ബിജെപി പ്രതിനിധിയായ 34-ാം വാര്‍ഡ് കൗണ്‍സിലര്‍ ഉഷാ സുരേഷും ഭരണ - പ്രതിപക്ഷ കൗണ്‍സില്‍ അംഗങ്ങളും തമ്മില്‍ നഗരസഭാ കൗണ്‍സിലില്‍ പൊട്ടിപുറപ്പെട്ട പോരിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ക്ക് മുന്‍തൂക്കം നല്‍കി ശിലാസ്ഥാപനം നടത്തിയതെന്ന ആക്ഷേപം ഉയര്‍ന്നത്.


അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എയുടെ 40 ലക്ഷവും സുരേഷ് ഗോപി എം.പിയുടെ ഫണ്ടില്‍ നിന്ന് 20 ലക്ഷവും പദ്ധതിയ്ക്കായി അനുവദിച്ചിരുന്നു. ഇതോടൊപ്പം നഗരസഭ 33, 34 വാര്‍ഡുകള്‍ക്കായി റോഡ് പണിക്കും മറ്റും അനുവദിച്ച ഫണ്ടില്‍ നിന്ന് രണ്ട് വാര്‍ഡുകളിലെയും കൗണ്‍സിലര്‍മാര്‍ 5 ലക്ഷം രൂപ പദ്ധതിയ്ക്കായി നീക്കി വെക്കുകയും ചെയ്തു. എന്നാല്‍ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡുകളിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍കൊള്ളിച്ച് ഒരു പാര്‍ട്ടി പരിപാടി ആക്കി ഇതിനെ മാറ്റിയത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.അഞ്ച് ലക്ഷം രൂപാ പദ്ധതിക്കായി വകമാറ്റിയ ബിജെപി കൗണ്‍സിലറും നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനുമായ ഗണേശ് ഏറ്റുമാനൂരിനെയും തഴഞ്ഞാണ് 34-ാം വാര്‍ഡ് കൗണ്‍സിലര്‍ ഉഷാ സുരേഷിന് മാത്രം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബിജെപി വാര്‍ഡ് കമ്മറ്റിയുടെ ബോര്‍ഡുകള്‍ ഉയര്‍ന്നത്. എം.എല്‍.എ ഫണ്ടും നഗരസഭയില്‍ നിന്ന് അനുവദിച്ച തുകയും സംസ്ഥാനസര്‍ക്കാരിന്‍റേതാണെന്നിരിക്കെ നരേന്ദ്രമോദിയുടെ ചിത്രവുമായി ബിജെപി നേതാക്കളെ പങ്കെടുപ്പിച്ച് പാര്‍ട്ടി പരിപാടിയാക്കിയത് ശരിയായില്ല എന്ന് നഗരസഭാ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ് പറഞ്ഞു. ഇത് സിപിഎം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ച ചെയ്യുമെന്ന് വിനോദ് പറഞ്ഞു.


കുടിവെള്ള പദ്ധതിയ്ക്ക് നഗരസഭ പണം നല്‍കുന്നില്ലെന്ന് കാട്ടി കൗണ്‍സിലര്‍ ഉഷാ സുരേഷ് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത് വന്‍ വിവാദമായിരുന്നു. കൗണ്‍സിലര്‍ പ്രധാനമന്ത്രിക്ക് വ്യാജപരാതി അയച്ചുവെന്ന് ചൂണ്ടികാട്ടി നഗരസഭാ കൗണ്‍സിലില്‍ ബഹളവുമുണ്ടായി. ഇത് വാര്‍ത്തയായതിനു പിന്നാലെ നഗരസഭയെ പ്രതികൂട്ടില്‍ നിര്‍ത്തി ഉഷാ സുരേഷും വിദ്യാഭ്യാസകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗണേശ് ഏറ്റുമാനൂരും പത്രസമ്മേളനം വിളിച്ചിരുന്നു. ഇല്ലാത്ത പദ്ധതിയ്ക്കു വേണ്ടിയാണ് കൗണ്‍സിലറുടെ മുറവിളി എന്ന് കാട്ടി അന്ന് നഗരസഭാ ചെയര്‍മാന്‍റെ ചുമതലയുള്ള ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ റോസമ്മ സിബിയും രംഗത്തെത്തിയിരുന്നു. അന്ന് ഉഷാ സുരേഷിനൊപ്പം നിലകൊണ്ട ബിജെപി കൗണ്‍സിലര്‍ ഗണേശാണ് ഇന്ന് തഴയപ്പെട്ടത്.


ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ 2012-13 ല്‍ വാലുതൊട്ടി കുടിവെള്ള പദ്ധതി എന്ന പേരില്‍ ആരംഭിച്ച പദ്ധതിയ്ക്ക് പിന്നീട് 22, 23 വാര്‍ഡ് കുടിവെള്ള പദ്ധതി എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. ഇതനുസരിച്ച് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കിണര്‍ കുഴിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതി ഇല്ലാത്തതിനാല്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭിച്ചില്ല. ഈ കിണര്‍ ഇപ്പോള്‍ മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ്. 2013-14 ല്‍ പടിഞ്ഞാറെ നട കുടിവെള്ളപദ്ധതി എന്ന പേരില്‍ ഏഴ് ലക്ഷം രൂപാ അനുവദിക്കുകയും പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തു.


2014-15ല്‍ ഒമ്പത് ലക്ഷം രൂപാ മോട്ടോറും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിന് അനുവദിച്ചെങ്കിലും നിശ്ചിതസമയത്ത് ഗുണഭോക്തൃസമിതിയോഗം വിളിക്കുകയോ എഗ്രിമെന്‍റ് വെക്കുകയോ ചെയ്യാതിരുന്നതിനാല്‍ ഫണ്ട് ലാപ്സായി. 2015-16 ല്‍ ആറ് ലക്ഷം രൂപാ അനുവദിച്ചെങ്കിലും എഗ്രിമെന്‍റ് വെക്കാത്തതിനാല്‍ ആ തുകയും ലാപ്സായി. ഇതിനിടെയാണ് 230ഓളം ഗുണഭോക്താക്കളില്‍ നിന്ന് പിരിവെടുത്ത് സ്ഥലം വാങ്ങിയത്. ബാങ്കില്‍ ബാധ്യത നില്‍ക്കുന്നതിനാല്‍ പോക്കുവരവ് ചെയ്ത് നഗരസഭാ സെക്രട്ടറിയുടെ പേരില്‍ നല്‍കാന്‍ കൗണ്‍സിലര്‍ക്കോ ഗുണഭോക്തൃസമിതിക്കോ കഴിയാതെ പോയതും പദ്ധതി നീളാന്‍ കാരണമായി. സ്ഥലം നല്‍കിയ ആള്‍ ബാധ്യത തീര്‍ത്തതിനു ശേഷം അടുത്ത കാലത്താണ് നഗരസഭയുടെ പേരില്‍ എഴുതി നല്‍കിയതും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നതും.

അതേസമയം, ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ച മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോണ്‍ ജോസഫ്, ബി.സുശീലന്‍ നായര്‍ തുടങ്ങിയവരെയും നേതൃത്വം നല്‍കിയ നാട്ടുകാരെയും മാറ്റിനിര്‍ത്തിയാണ് പദ്ധതിയ്ക്ക് ശിലാസ്ഥാപനം നടത്തിയതെന്നും ആരോപണം ഉയര്‍ന്നു. വികസനപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പരിപാടി ആക്കരുതായിരുന്നുവെന്നും ഗുണഭോക്താക്കള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരായതിനാല്‍ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ പരിപാടിയില്‍ പങ്കെടുപ്പിക്കണമായിരുന്നു എന്നും കൗണ്‍‌സിലര്‍ ഗണേശ് ഏറ്റുമാനൂര്‍ പറഞ്ഞു. Share this News Now:
  • Google+
Like(s): 694