05 November, 2018 12:41:07 PM


മോദി തന്ന 600 കോടി മൂക്കിപൊടി മേടിക്കാനെ ഉപകരിക്കു - മന്ത്രി എം.എം.മണി

ശബരിമല വിവാദത്തെകുറിച്ച് സംസാരിക്കാന്‍ മന്ത്രി തയ്യാറായില്ലകോട്ടയം: പ്രളയ ദുരിതാശ്വാസമെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്ന 600 കോടി രൂപ മൂക്കിപൊടി മേടിക്കാനെ ഉപകരിക്കു എന്ന് മന്ത്രി എം.എം.മണി. പ്രളയത്തെ തുടര്‍ന്ന് കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുരങ്കം വെക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാവുന്നത്. പ്രളയസമയത്ത് പ്രധാനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയുമൊക്കെ കേരളത്തില്‍ എത്തി ആശ്വാസവാക്കുകള്‍ നല്‍കി. ഇനിയും സഹായിക്കാം എന്ന് പറയുന്നുണ്ടെങ്കിലും സഹായം ഇങ്ങോട്ട് എത്തുന്നില്ല. മന്ത്രി പറഞ്ഞു.


പ്രളയദുരന്തം മനുഷ്യസൃഷ്ടിയാണെന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു കേന്ദ്ര വാട്ടര്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട്. മീനച്ചിലാറ്റിലും അച്ചന്‍കോവിലാറ്റിലും ഡാം നിര്‍മ്മിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളതായും മണി ചൂണ്ടികാട്ടി. അതേസമയം ശബരിമല വിവാദത്തെകുറിച്ച് സംസാരിക്കാന്‍ മന്ത്രി തയ്യാറായില്ല. അങ്ങോട്ട് പോയാല്‍  രാഷ്ട്രീയമാവുമെന്നും അതിനാല്‍ അതേപ്പറ്റി സംസാരിക്കുവാന്‍ തുനിയുന്നില്ലെന്നും മണി പറഞ്ഞു. ജില്ലയിലെ 25 വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്ന കേരള എൻ.ജി.ഒ യൂണിയന്‍റെ പദ്ധതിയായ ജനപക്ഷ സിവിൽ സർവീസിന്‍റെ ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  


വില്ലേജ് ഓഫീസുകളുടെ കെട്ടും മട്ടും മാറിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ജീവനക്കാര്‍ ജനങ്ങളോട് മാന്യമായി പെരുമാറുക എന്നതാണ് പ്രധാനമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ജനസൗഹൃദ അന്തരീക്ഷത്തിലൂടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്താനാകും. സർക്കാർ ഓഫീസുകൾ ജനമധ്യത്തിൽ നിന്ന് പ്രവർത്തിക്കണമെന്നാണ് സർക്കാരിന്‍റെ നിലപാട്. ആ നിലക്കുള്ള  പ്രവർത്തനമാണ് മുന്നോട്ട് പോകേണ്ടത്. സർക്കാരിന്‍റെ ഏറ്റവും താഴെ തട്ടിലുള്ള സംവിധാനമാണ് വില്ലേജ് ഓഫീസുകൾ. അവിടെയെത്തുന്ന ജനങ്ങളോട് ജീവനക്കാർ സൗഹൃദ സമീപനം വെച്ച് പുലർത്തണം. സംസ്ഥാനം പ്രളയക്കെടുതി നേരിട്ടപ്പോൾ ജീവനക്കാർ നൽകിയ സേവനം വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 


രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫീസുകൾ സുന്ദരമാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്കായി പ്രത്യേക ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾക്കു പുറമേ ഓഫീസിനു സമീപം പ്രത്യേക വാഹന പാർക്കിങ്ങുമുണ്ട്. ഏറ്റുമാനൂർ വില്ലേജ് ഓഫീസിൽ പദ്ധതി പൂർത്തിയായി. വില്ലേജ് ഓഫീസുകളുടെ കെട്ടിടം നവീകരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങളും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ കൂരോപ്പട, അയർക്കുന്നം, മീനടം, വിജയപുരം, ചെങ്ങളം സൗത്ത്, തിരുവാർപ്പ്, വേളൂർ, കുമരകം, അതിരമ്പുഴ, ആർപ്പൂക്കര, വാഴപ്പളളി പടിഞ്ഞാറ്, വാഴപ്പള്ളി കിഴക്ക്, ചെത്തിപ്പുഴ ,പായിപ്പാട്, കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, ചെറുവള്ളി, കിടങ്ങൂർ, വെള്ളിലാപ്പള്ളി, തലനാട്, ളാലം, വൈക്കം, കുലശേഖരമംഗലം, നടുവിലെ എന്നീ വില്ലേജ് ഓഫീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.


ഏറ്റുമാനൂർ വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്‍റ് കെ.ആർ അനിൽ കുമാർ അദ്ധ്യക്ഷനായി. നഗരസഭാ അദ്ധ്യക്ഷൻ ജോയി ഊന്നുകല്ലേൽ, മുൻ എം.എൽ.എ വി.എൻ വാസവൻ, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി റ്റി.സി മാത്യുക്കുട്ടി, കേരള എൻ.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് രഞ്ജു കെ.മാത്യു, ജോയിന്‍റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ് എന്നിവർ സംസാരിച്ചു.


Share this News Now:
  • Google+
Like(s): 407