04 November, 2018 11:35:47 AM


വാര്‍ത്തയില്‍ പ്രതിഷേധിച്ച് കൂട്ട അവധി; ഏറ്റുമാനൂര്‍ നഗരസഭയിലെ 9 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി

ഇരുപതോളം ചാര്‍ജുകളുമായി സെക്രട്ടറിയ്ക്കെതിരെ നോട്ടീസ് ഉടന്‍ നല്‍കുമെന്ന് ചെയര്‍മാന്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത സംഭവത്തില്‍ ഓഫീസ് സൂപ്രണ്ട് ഉള്‍പ്പെടെ ഒമ്പത് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സെക്രട്ടറിയ്ക്ക് നല്‍കാനുള്ള നോട്ടീസ് തയ്യാറായി വരികയാണെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ പറഞ്ഞു. മകന്‍റെ ചികിത്സാ ചെലവുകള്‍ തിരിച്ചു കിട്ടുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നല്‍കിയ ബില്ലുകള്‍ പാസായി വന്നത് സെക്രട്ടറി മുക്കി എന്ന ആരോപണം വാര്‍ത്തയായതിനെ തുടര്‍ന്നായിരുന്നു നഗരസഭാ ജീവനക്കാര്‍ കഴിഞ്ഞ 31ന് ജോലിക്ക് ഹാജരായ ശേഷം കൂട്ട അവധി എടുത്ത് പുറത്ത് പോയത്. 'കൈരളി ന്യൂസ്' ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് നഗരസഭയില്‍ ഒരു മാസമായി ബില്‍ മുങ്ങിയ വിവരം പുറത്ത് കൊണ്ടുവന്നത്.


സെക്രട്ടറിയും സൂപ്രണ്ടും ഉള്‍പ്പെടെ പത്ത് ജീവനക്കാര്‍ രാവിലെ ജോലിക്കെത്തിയ ശേഷം മുങ്ങിയത് അന്ന് നടന്ന കൗണ്‍സില്‍ യോഗത്തേയും പ്രതികൂലമായി ബാധിച്ചിരുന്നു. രാവിലെ ജോലിക്കെത്തിയ സൂപ്രണ്ടും എട്ട് ജീവനക്കാരും ഹാജര്‍ രേഖപ്പെടുത്തിയ ഒപ്പുകള്‍ വൈറ്റ്നര്‍ ഉപയോഗിച്ച് മായിച്ചശേഷം കൂട്ടത്തോടെ അവധിക്കപേക്ഷ നല്‍കുകയായിരുന്നു. സെക്രട്ടറി ഒക്ടോബര്‍ നാലിന് ശേഷം ഹാജര്‍ രേഖപ്പെടുത്തിയിരുന്നില്ല എന്ന് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.  ഉച്ചയ്ക്ക് തിരിച്ചെത്തിയ സെക്രട്ടറി അവധിക്കപേക്ഷ അസിസ്റ്റന്‍റ് എഞ്ചിനീയറെ ഏല്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ ശേഷം ഒക്ടോബറിലെ ഹാജര്‍ ഒന്നിച്ച് രേഖപ്പെടുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു.


വിശദമായ പരിശോധനയില്‍ ഹാജര്‍ ബുക്ക് തിരുത്തിയത് ഉള്‍പ്പെടെ വന്‍ ക്രമക്കേടുകളാണ് ജീവനക്കാര്‍ക്കെതിരെ കണ്ടെത്തിയത്. ഇതിനിടെ നഗരസഭയിലെ താത്ക്കാലിക ജീവനക്കാരി പോലുമല്ലാത്ത ഒരാളെ അകത്ത് കയറ്റി ജോലി ചെയ്യിച്ചതും പിടിക്കപ്പെട്ടു. ഈ സംഭവങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെട്ട ശേഷം പത്ത് പേര്‍ക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കുവാന്‍ കൗണ്‍സില്‍ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഹാജര്‍ ബുക്ക് തിരിത്തിയതുള്‍പ്പെടെ പത്ത് ചാര്‍ജുകള്‍ ചുമത്തിയാണ് സൂപ്രണ്ടിനും എട്ട് ജീവനക്കാര്‍ക്കുമെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. സെക്രട്ടറി മുഖേനയാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസ്. 


അതേസമയം, സെക്രട്ടറിയ്ക്കെതിരെ ഇരുപതോളം ചാര്‍ജുകളാണ് ചുമത്തപ്പെടുക. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇവര്‍ക്ക് നോട്ടീസ് നല്‍കുന്നത്.  മറുപടി ലഭിച്ചശേഷം പ്രത്യേക കൗണ്‍സില്‍ കൂടി ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്ന വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ അറിയിച്ചു. കൗണ്‍സില്‍ നടക്കവെ ചെയര്‍മാനോട് പോലും പറയാതെ സ്ഥലം വിട്ട ജീവനക്കാര്‍ ഇനി ഈ നഗരസഭയില്‍ ആവശ്യമില്ലാ എന്നായിരുന്നു ഭൂരിഭാഗം കൗണ്‍സിലര്‍മാരുടെയും അഭിപ്രായം. പിറ്റേന്ന് ജോലിക്കെത്തിയ ജീവനക്കാരെ ഹാജര്‍ രേഖപ്പെടുത്തുന്നതില്‍  നിന്നും ഒരു വിഭാഗം തടഞ്ഞിരുന്നു. ചെയര്‍മാന്‍റെ പക്കല്‍ സൂക്ഷിച്ചിരുന്ന ഹാജര്‍ ബുക്ക് പിന്നീട് സെക്രട്ടറി എത്തിയശേഷമാണ് ജീവനക്കാര്‍ക്ക് ഒപ്പിടാനായി കൈമാറിയത്. 



Share this News Now:
  • Google+
Like(s): 213