04 November, 2018 10:50:01 AM


മന്ത്രി കെ.ടി ജലീലിന്‍റേത് നഗ്നമായ ചട്ടലംഘനം; സ്ഥിരീകരിച്ച്‌ കോര്‍പ്പറേഷന്‍ എം.ഡി

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലാണ് ബന്ധുനിയമനം നടന്നത്




തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്‍റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചത് ചട്ടങ്ങള്‍ അട്ടിമറിച്ചെന്ന് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി കെ.ടി. ജലീല്‍ തന്‍റെ ബന്ധുവിനെ ചട്ടങ്ങള്‍ മറികടന്നു നിയമിച്ചതായി ആരോപിച്ച്‌ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് രംഗത്തു വന്നത്.


ജലീലിന്‍റെ പിതൃസഹോദര പുത്രന്‍ കെ.ടി. അദീബിനായി വിദ്യാഭ്യാസ യോഗ്യതകളില്‍ മന്ത്രി മാറ്റം വരുത്തിയെന്നും ഫിറോസ് ആരോപിച്ചു. സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജരാണ് അദീബ്. മന്ത്രിക്കെതിരെ യൂത്ത് ലീഗ് വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 8ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ കോഴിക്കോട് റീജനല്‍ ഓഫിസില്‍ സീനിയര്‍ മാനേജരായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ഒരു വര്‍ഷത്തേയ്ക്കാണ് നിയമിച്ചത്.


അതേസമയം, ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍ രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും പരസ്യം നല്‍കിയാണ് ആളുകളെ ക്ഷണിച്ചതെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Google+
Like(s): 67