03 November, 2018 06:59:57 PM


ഹരിതകര്‍മ്മ സേന 17ന് ഇറങ്ങും; ഏറ്റുമാനൂരിന്‍റെ ശുചിത്വ പരിപാലനം ഇനി വളയിട്ട കൈകളില്‍

അടുക്കളതോട്ടം ഉള്‍പ്പെടെയുള്ള ചെറുകിട പച്ചക്കറി കൃഷികള്‍ക്കും സേന നേതൃത്വം നല്‍കും
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക ഇനി വളയിട്ട കൈകള്‍. നവംബര്‍ 17ന് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. എഴുപത് പേരടങ്ങുന്ന  ടീം ഇതിനായി സജ്ജമായി കഴിഞ്ഞു. നഗരസഭയിലെ മുപ്പത്തഞ്ച് വാര്‍ഡുകള്‍ക്കും രണ്ട് പേര്‍ എന്ന കണക്കിലാണിത്. മാലിന്യ നിര്‍മ്മാര്‍ജ്ജനവും അനുബന്ധസേവനങ്ങളും സംബന്ധിച്ച് മൂന്ന് ദിവസത്തെ പരിശീലനവും ഇവര്‍ പൂര്‍ത്തിയാക്കി.  നഗരസഭ ആരോഗ്യസ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവിധ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം അടുക്കളതോട്ടം ഉള്‍പ്പെടെയുള്ള ചെറുകിട പച്ചക്കറി കൃഷികള്‍ക്കും സേനാംഗങ്ങള്‍ നേതൃത്വം നല്‍കും. 


വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക, കോളനികളും വാര്‍ഡുകളും കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന തുമ്പൂര്‍മൂഴി മോഡല്‍ ജൈവമാലിന്യസംസ്‌കരണ യൂണിറ്റുകള്‍,  വീടുകളില്‍ നല്‍കുന്ന റിംഗ് കമ്പോസ്റ്റ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ ജൈവമാലിന്യം വളമാക്കല്‍, നഗരത്തില്‍  നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിന്റെ പരിചരണം ഇവയൊക്കെ ഹരിതകര്‍മ്മസേനാ അംഗങ്ങളാണ് നിര്‍വ്വഹിക്കുക. റിംഗ് കമ്പോസ്റ്റ് പരിപാലനത്തിലും ജൈവകൃഷിയിലും പ്രത്യേക പരിശീലനം ലഭിച്ച ഹരിതകര്‍മ്മസേന അംഗങ്ങള്‍ തന്നെ ജൈവവളം ഉപയോഗിച്ച് എല്ലാ വീടുകളിലും അടുക്കളതോട്ടം പ്രായോഗികമാക്കുന്നതിന് നേതൃത്വം നല്‍കും.


നഗരസഭയുടെ കീഴില്‍ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഹരിതകര്‍മ്മസേനാ അംഗങ്ങളെ വിന്യസിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഹരിതകര്‍മ്മ സേനാ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. നഗരസഭയുടെ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജനചുമതല ഭാവിയില്‍ ഇവര്‍ക്കായിരിക്കും. സേനാംഗങ്ങള്‍ക്ക് പ്രത്യേക യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാകും. ശമ്പളവും ഏര്‍പെടുത്തും.


ശുചിത്വപരിപാലനവുമായി ബന്ധപ്പെട്ട് വ്യാപാരികളില്‍ നിന്നും മറ്റും ലഭിക്കുന്ന പിഴയും മറ്റ് ഫീസുകളും ചേര്‍ത്ത് വേസ്റ്റ് മാനേജ്മെന്റ് ഫണ്ട് ഉണ്ടാക്കും. 51 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ വില്‍ക്കുന്നവരില്‍ നിന്ന് പിഴയും അതിന് മുകളിലുള്ള കവറുകള്‍ വില്‍ക്കുന്നവരില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പ്രതിമാസ ഫീസും വാങ്ങും. ഹോട്ടലുകളിലെ മാലിന്യസംസ്‌കരണത്തിന് വ്യാപാരികളില്‍ നിന്ന്  നിശ്ചിത ഫീസ് ഈടാക്കും. ഇങ്ങനെ വിവിധ തലങ്ങളിലൂടെ ലഭിക്കുന്ന തുക ശുചീകരണരംഗത്തുള്ള ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. 


ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍  വിശദീകരിക്കുന്നതിന് റസിഡന്‍റ്സ് അസോസിയേഷനുകള്‍, വ്യാപാരികള്‍, മാധ്യമ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവരുടെ യോഗം നഗരസഭയില്‍ നടന്നു. മുന്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയിലിന്‍റെ അധ്യക്ഷതയില്‍ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പദ്ധതിപ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ്, പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിജി ഫ്രാന്‍സിസ്, വിദ്യാഭ്യാസകാര്യ  സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗണേശ് ഏറ്റുമാനൂര്‍, കൗണ്‍സിലര്‍മാരായ ജോര്‍ജ് പുല്ലാട്ട്, എന്‍.എസ്.സ്കറിയ, ധന്യ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.Share this News Now:
  • Google+
Like(s): 463