03 November, 2018 06:08:32 PM


'ദിശ 2018' മെഗാ തൊഴിൽമേള: പങ്കെടുത്തത് 4372 പേർ; തെരഞ്ഞെടുത്തത് 345 പേരെ

1529 പേരുടെ ചുരുക്കപ്പട്ടിക; ഒഴിവുകൾ 2784; 47 തൊഴിൽദായകർ പങ്കെടുത്തു




കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല പ്ലെയ്‌സ്‌മെന്റ് സെല്ലും ജില്ലാ എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസസും കെ.എ.എസ്.ഇ.യും സംയുക്തമായി സർവകലാശാല കാമ്പസിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേള 'ദിശ 2018'ൽ പങ്കെടുത്തത് 4372 പേർ. 47 തൊഴിൽദാതാക്കൾ പങ്കെടുത്ത മേളയിലൂടെ 345 പേർക്ക് തൊഴിൽ ലഭിച്ചു. ജോലിക്കായി 1529 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 2784 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്റർവ്യൂവിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തത്.


ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്കും അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുമാണ് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത 3000 പേർക്ക് പുറമെ 1372 പേർ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി. ഐ.ടി. കമ്പനികളടക്കം റിക്രൂട്ട്‌മെന്റിനെത്തി. ഇന്റർവ്യൂവിന്റെ ഫലം നവംബർ 30 മുതൽ കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നിന്ന് ലഭിക്കും. മേളയുടെ ഉദ്ഘാടനം സർവകലാശാല അസംബ്ലിഹാളിൽ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. എ.എസ്. പത്മനാഭൻ നിർവഹിച്ചു. അഡ്വ. കെ. സുരേഷ്‌കുറുപ്പ് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു.


സിൻഡിക്കേറ്റംഗം പ്രൊഫ. സന്തോഷ് പി. തമ്പി അധ്യക്ഷത വഹിച്ചു. പ്ലേസ്‌മെന്റ് സെൽ കോ-ഓർഡിനേറ്റർ പ്രൊഫ. ജോണി ജോൺസൺ, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ വി.പി. ഗൗതമൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എ.എം. സോണിയ, എംപ്ലോയബിലിറ്റി സെന്റർ സംസ്ഥാന മേധാവി ശർമ്മിള സത്യൻ, ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി എ.പി. പ്രശാന്ത്, എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, ഡി.എസ്.എസ്. ഡയറക്ടർ ഡോ. എം.കെ. ബിജു എന്നിവർ പ്രസംഗിച്ചു.


രാവിലെ ഒൻപതിന് തുടങ്ങിയ മേളയിൽ പങ്കെടുക്കാൻ രാവിലെ ആറര മുതൽ ഉദ്യോഗാർഥികളുടെ ഒഴുക്കായിരുന്നു. അസംബ്ലി ഹാളിലായിരുന്നു രജിസ്‌ട്രേഷൻ. ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നൂറു വിദ്യാർഥി വോളണ്ടിയർമാർ ഉദ്യോഗാർഥികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമായി പ്രവർത്തിച്ചു. പെഡഗോഗിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ബിഹേവിയറൽ സയൻസ്, ലെറ്റേഴ്സ്, ബയോസയൻസ്, മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ്, കെമിക്കൽ സയൻസ്, ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് എന്നീ പഠനവകുപ്പുകളിലാണ് വിവിധ കമ്പനികൾക്ക് ഇന്റർവ്യൂ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ഉദ്യോഗാർഥികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷയും സർവകലാശാല ഒരുക്കിയിരുന്നു.



Share this News Now:
  • Google+
Like(s): 34