03 November, 2018 11:57:28 AM


ശ്രീധരൻ പിള്ള അടക്കമുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ്: അറ്റോര്‍ണി ജനറല്‍ പിന്മാറി

തീരുമാനം എടുക്കാന്‍ അഡീ.സോളിസിറ്റര്‍ ജനറലിനെ ചുമതലപ്പെടുത്തി



ദില്ലി: ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരായ കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പിന്മാറി. ശ്രീധരൻ പിള്ള അടക്കമുള്ളവര്‍ക്കെതിരായ കോടതി അലക്ഷ്യ കേസുകളില്‍ തീരുമാനം എടുക്കാന്‍ അഡീ.സോളിസിറ്റര്‍ ജനറലിനെ ചുമതലപ്പെടുത്തി. 


ദേവസ്വം ബോര്‍ഡിന് വേണ്ടി മുമ്പ് എജി കെ.കെ.വേണുഗോപാല്‍ ഹാജരായിരുന്നു. ഈ സാഹചര്യത്തിലാണ് പിന്മാറ്റം എന്നാണ് സൂചന. ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബത്തിലെ രാമ രാജവർമ, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, ചലച്ചിത്ര താരം കൊല്ലം തുളസി എന്നിവർക്കെതിരെയാണ് കോടതി അലക്ഷ്യ നടപടിക്കുള്ള അപേക്ഷ.


കോടതി അലക്ഷ്യ നടപടിക്ക് ഉള്ള അനുമതി തേടി ഗീന കുമാരി, എ.വി വര്‍ഷ എന്നിവര്‍ നല്‍കിയ അപേക്ഷ കെ.കെ വേണുഗോപാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറി. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ഉള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്ന് തുഷാര്‍ മേത്ത അറിയിച്ചു.


ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരെ തുറന്ന എതിർപ്പുമായി നേരത്തേ എജി കെ.കെ.വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ജനവികാരം മാനിയ്ക്കണമെന്നായിരുന്നു ഒരു സ്വകാര്യപരിപാടിയിൽ എ ജി വ്യക്തമാക്കിയത്. വിഷയത്തിൽ കേന്ദ്രനിലപാട് സുപ്രീംകോടതിയിൽ വ്യക്തമാക്കേണ്ടിവന്നാൽ എജിയാകും ഹാജരാകുക. ഇതും പിൻമാറ്റത്തിന് കാരണമാകാമെന്നാണ് സൂചന.



Share this News Now:
  • Google+
Like(s): 55