02 November, 2018 11:27:27 PM


ഏറ്റുമാനൂരിലും അതിരമ്പുഴയിലും ഗതാഗത ക്രമീകരണങ്ങള്‍; ഏറ്റുമാനൂരില്‍ വണ്‍വേ സംവിധാനം



ഏറ്റുമാനൂര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഏറ്റുമാനൂര്‍ നഗരത്തില്‍ വാഹനഗതാഗതത്തിന് പുതിയ ക്രമീകരണങ്ങളുമായി പോലീസ്. ശബരിമല ഇടത്താവളവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ നടന്ന യോഗത്തില്‍ ഗതാഗതക്കുരുക്ക് ചര്‍ച്ചയായിരുന്നു. യോഗത്തിനു ശേഷം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയത്.


വ്യാഴാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം ഭാഗികമായി നടപ്പാക്കി. കാരിത്താസ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പുനക്രമീകരിച്ചു. ബസ് ബേയില്‍ നിന്നും ഓട്ടോ സ്റ്റാന്‍റ് മാറ്റി. എം.സി.റോഡില്‍ നിന്നും കാരിത്താസ് ആശുപത്രിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കവലയില്‍ നിന്നും കയറി പോകണം. ആശുപത്രിയില്‍ നിന്നും മറ്റും വരുന്ന വാഹനങ്ങള്‍ ഓള്‍ഡ് എം.സി.റോഡിലൂടെ പോകണം. എം.സി.റോഡില്‍ പോസ്റ്റ് ഓഫീസിന് മുന്നിലെ അറ്റകുറ്റപണികള്‍ തീരുന്നതോടെ മാത്രമേ ടൗണിലെ ക്രമീകരണങ്ങള്‍ പൂര്‍ണമായി നടപ്പാക്കു. 


കോട്ടയം ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ പാറോലിക്കല്‍ നിന്നും തിരിഞ്ഞ് ഓള്‍ഡ് എം.സി റോഡിലൂടെ ഏറ്റുമാനൂര്‍ സ്റ്റാന്‍റില്‍ എത്തും. വൈക്കം, മൂവാറ്റുപുഴ ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണിലെത്താതെ തവളക്കുഴിയില്‍ നിന്നും തിരിഞ്ഞു പോകണം. കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍റിലെ ഓട്ടോസ്റ്റാന്‍റ് പൂര്‍ണമായി ഒഴിവാക്കി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റ് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരെ ഒരു വശം നോ പാര്‍ക്കിംഗ് ഏരിയ ആയിരിക്കും. 


പാലായില്‍ നിന്നും വരുന്ന ബസുകള്‍ക്ക് സെന്‍ട്രല്‍ ജംഗ്ഷനില്‍ സ്റ്റോപ്പില്ല. ഇനി മുതല്‍ സ്റ്റാന്‍റിലേ നിര്‍ത്തൂ. സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ പേരൂര്‍ കവല വരെ വണ്‍വേ ആയിരിക്കും. പാലാ ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും എം.സി.റോഡിലൂടെ പോയി പടിഞ്ഞാറേ നടയില്‍  നിന്നും തിരിഞ്ഞ് ടെമ്പിള്‍ റോഡിലൂടെ പേരൂര്‍ കവലയില്‍ എത്തണം. പേരൂര്‍ കവലയിലെ ബസ് സ്റ്റോപ്പ് ഇനി കോവില്‍പാടം റോഡിലായിരിക്കും. പാലാ റോഡില്‍ നിന്നും ടെമ്പിള്‍ റോഡിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കും.


സെന്‍ട്രല്‍ ജംഗ്ഷനിലും കുരിശുപള്ളി കവലയിലും പേരൂര്‍ കവലയിലും പടിഞ്ഞാറെ നടയിലും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. അതിരമ്പുഴ ലയാ ബാറിന് മുന്നിലെ ഓട്ടോസ്റ്റാന്‍റ് ചന്തക്കുളം പള്ളി ഭാഗത്തേക്കാക്കി. അമ്മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ക്ക് കോ-ഓപ്പറേറ്റീവ് ബാങ്കിന് മുന്നിലാണ് സ്റ്റോപ്പ്.



Share this News Now:
  • Google+
Like(s): 1592