02 November, 2018 02:56:04 PM


വേണ്ടിവന്നാല്‍ 1992 ആവര്‍ത്തിക്കും; രാമക്ഷേത്ര വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ആർഎസ്എസ്

ക്ഷേത്രനിര്‍മ്മാണത്തിന് ഉടനടി ഓ‍ർഡിനൻസ് പുറത്തിറക്കണമെന്ന് സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു



ദില്ലി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന വിഷയത്തില്‍ ആർഎസ്എസ് വീണ്ടും നിലപാട് കടുപ്പിക്കുന്നു. ക്ഷേത്രനിര്‍മ്മാണത്തിന് അനന്തമായി കാത്തിരിക്കാനാകില്ലെന്നും ഉടനടി ഓ‍ർഡിനൻസ് പുറത്തിറക്കണമെന്നും ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി  കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി. വേണ്ടിവന്നാൽ 1992 ആവർത്തിക്കുമെന്നും ആർഎസ്എസ് മുന്നറിയിപ്പ് നൽകി.

1992 ഡിസംബർ ആറിനായിരുന്നു കർസേവകർ രാമക്ഷേത്ര നിർമ്മാണത്തിനായി പ്രക്ഷോഭം ശക്തമാക്കിയതും ബാബറി മസ്ജിദ് തകർത്തതും. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ബിജെപി അധ്യക്ഷൻ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ദീപാവലിക്ക് ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി പറഞ്ഞു. 

കോടതിയിൽ വിശ്വാസമുണ്ടെങ്കിലും കോടതി ഈ വിഷയത്തിന് പരിഗണന നൽകാത്തതിൽ വേദനയുണ്ടെന്നും ഭയ്യാജി പറഞ്ഞു. രാമക്ഷേത്ര വിഷയത്തിൽ  നീതിപീഠം പ്രത്യേക പരിഗണന  നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ അനൂകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം. കോടതിയിൽ നിന്ന് ഉടനടി വിധി പ്രതീക്ഷിക്കുന്നില്ല.  അതുകൊണ്ട്  കോടതി വിധിക്കായി അനന്തമായി കാത്തിരിക്കാനാകില്ലെന്നും ആർഎസ്എസ് നേതൃത്വം മുന്നറിയിപ്പ് നൽകി.



Share this News Now:
  • Google+
Like(s): 22