02 November, 2018 01:23:31 PM


രണ്ട് കോടി പാഴാക്കി; മാലിന്യ കുഴിയിൽ നിന്ന് കരകയറാനാകാതെ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റ്

പുതിയ കെട്ടിടം പണിതാല്‍ നഗരസഭാ ഓഫീസ് ഇവിടെ നിന്നും മാറ്റണമെന്നുള്ള ലക്ഷ്യം നടക്കാതെപോകുംഏറ്റുമാനൂർ: പുതിയ കെട്ടിട സമുശ്ചയത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക നഗരസഭ പാഴാക്കിയതോടെ മാലിന്യ കുഴിയിൽ നിന്ന് കരകയറാനാകുമെന്ന വിശ്വാസം നഷ്ടപ്പെട്ട് ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾ. ദുർഗന്ധപൂരിതമായ അന്തരീക്ഷത്തിലേക്ക്, പച്ചക്കറിയും മറ്റും വാങ്ങാൻ എത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. സ്വകാര്യ വ്യക്തിയുടെ പച്ചക്കറി മാർക്കറ്റിനെ സംരക്ഷിക്കാനുള്ള അധികൃതരുടെ തന്ത്രമായാണ് അനുവദിച്ച തുക വിനിയോഗിക്കാതെ പാഴാക്കി കളഞ്ഞ നടപടിയെ വ്യാപാരികളും ജനങ്ങളും കാണുന്നത്.


ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് നഗരസഭയായി മാറിയപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 2 കോടി രൂപാ അനുവദിച്ചിരുന്നു. കെ.സുരേഷ് കുറുപ്പ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് ഒരു കോടിയും അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് നിലവിലെ ഓഫീസ് മന്ദിരത്തിനോട് ചേർന്ന് പച്ചക്കറി മാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയൊരു ബ്ലോക്ക് കൂടി പണിയുവാൻ തീരുമാനിക്കുകയായിരുന്നു. താഴെ പച്ചക്കറി മാർക്കറ്റിനായുള്ള 27 മുറികളും ഒന്നാം നിലയില്‍ ഓഫീസും രണ്ടാം നിലയില്‍ 350 പേര്‍ക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവും നിർമ്മിക്കാനായിരുന്നു പദ്ധതി. താഴെ ഒരു വശത്ത് ബസ് കാത്തിരിപ്പ് കേന്ദ്രവും നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഇതിനായി ഇവിടെ പ്രവർത്തിച്ചു വന്ന മാർക്കറ്റ് വെള്ളക്കുഴിയിലേക്ക് താത്ക്കാലികമായി മാറ്റുകയായിരുന്നു.പ്രഥമ ചെയർമാന്‍റെ കാലത്ത് നടന്ന ഈ നടപടികളുടെ ബാക്കി പക്ഷെ അധികാര വടംവലിയുടെ ഭാഗമായി തുടരാനാവാതെ മുടങ്ങി. ഇതോടെ തിരിച്ചടിയായത് പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ കാത്തിരുന്ന കച്ചവടക്കാര്‍ക്ക്. എം.സി.റോഡരികിലെ ബാര്‍ ഹോട്ടലില്‍  നിന്നും മറ്റ് കച്ചവടസ്ഥാപനങ്ങളില്‍  നിന്നും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് പച്ചക്കറി മാര്‍ക്കറ്റ് താല്‍ക്കാലികമായി സ്ഥിതി ചെയ്യുന്ന നഗരസഭയുടെ സ്ഥലത്തേക്ക്. മഴയില്‍ ഈ മാലിന്യം മാര്‍ക്കറ്റിനുള്ളിലേക്കും പരന്നൊഴുകുന്നു. ഇതിനിടെയാണ് മത്സ്യമാര്‍ക്കറ്റിലെ കച്ചവടം വെളുപ്പിനെ സ്വകാര്യബസ് സ്റ്റാന്‍റിലേക്ക് നീളുന്നത്. ഇവിടെനിന്നും ഉപേക്ഷിക്കുന്ന മത്സ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിനജലവും പരന്നൊഴുകുന്നത് ബസ് സ്റ്റാന്‍റിലും ചേര്‍ന്നിരിക്കുന്ന പച്ചക്കറി മാര്‍ക്കറ്റിലും.


സ്വകാര്യ ബസ് സ്റ്റാന്‍റിനോട് ചേര്‍ന്ന് പിന്നിലാണ് ഇപ്പോള്‍ പച്ചക്കറി മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. യാത്രക്കാര്‍ ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങി ബസില്‍ കയറി പോകുക പതിവാണ്. മുന്നില്‍ മത്സ്യമാര്‍ക്കറ്റിലെയും പിന്നില്‍ ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളിലെയും മാലിന്യം കെട്ടി കിടക്കുന്നതിനാല്‍ ഇപ്പോള്‍ ആരും മാര്‍ക്കറ്റിലേക്ക് ശ്രദ്ധിക്കാതായി. കെട്ടികിടക്കുന്ന വെള്ളത്തിന് മേലെ കൂടി സകല അഭ്യാസവും കാണിച്ച് ചാടിയാണ് വല്ലപ്പോഴും ആരെങ്കിലും കയറുന്നത് തന്നെ. ഈ മാലിന്യം നീക്കുന്നതിനോ നഗരസഭയുടെ സ്ഥലത്തേക്ക് മാലിന്യം ഒഴുക്കാതിരിക്കുന്നതിനോ ബന്ധപ്പെട്ടവര്‍ നടപടികള്‍ എടുക്കുന്നില്ലെന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 


പ്രഥമ ചെയര്‍മാന് ശേഷം ആ സ്ഥാനത്തെത്തിയവര്‍ ആറ് മാസം എങ്ങിനെയെങ്കിലും തള്ളി നീക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടനിര്‍മ്മാണം സംബന്ധിച്ച വിശദമായ പദ്ധതി രേഖയും അടിസ്ഥാന രൂപകല്‍പനയും സമയബന്ധിതമായി സമര്‍പ്പിച്ചില്ല. മാത്രമല്ല മുന്‍ ചെയര്‍മാന്‍റെ വാര്‍ഡിലുള്ള നഗരസഭാ മന്ദിരത്തിനോട് ചേര്‍ന്ന് പുതിയ കെട്ടിടം പണിതാല്‍ ഓഫീസ് ഇവിടെ നിന്നും മാറ്റണമെന്നുള്ള തങ്ങളുടെ ലക്ഷ്യം നടക്കാതെ വരുമെന്നുള്ളത് മനസിലാക്കിയുള്ള രാഷ്ട്രീയ വടംവലികളും തുക നഷ്ടമാകാന്‍ കാരണമായി. 
Share this News Now:
  • Google+
Like(s): 391