31 October, 2018 02:06:18 PM


ഏറ്റുമാനൂര്‍ നഗരസഭയില്‍ ബിൽ 'മുങ്ങിപൊങ്ങി'യ സംഭവം; ജീവനക്കാര്‍ കൂട്ട അവധിയെടുത്തു

സെക്രട്ടറി കൗണ്‍സിലിലും പങ്കെടുത്തില്ലഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ ചികിത്സാചെലവുകളുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നല്‍കിയ ബില്‍ കാണാതായ സംഭവം വാര്‍ത്തയായതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ  ജീവനക്കാര്‍ കൂട്ട അവധിയെടുത്തു. ആകെ 21 ജീവനക്കാര്‍ ഉള്ളതില്‍ സെക്രട്ടറിയും സൂപ്രണ്ടും ഉള്‍പ്പെടെ പതിനഞ്ചോളം പേരാണ് രാവിലെ ജോലിക്കെത്തിയ ശേഷം മുങ്ങിയത്. ഇന്ന് രാവിലെ ആരംഭിച്ച കൗണ്‍സിലിലും സെക്രട്ടറിയും സൂപ്രണ്ടും ഹാജരായില്ല. ഇന്ന് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു സംഭവം.

നഗരസഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ സെക്രട്ടറിയുടെ അസാന്നിദ്ധ്യം ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ സെക്രട്ടറി കോടതിയിൽ പോയതാണ് എന്നായിരുന്നു ചെയര്‍മാന്‍റെ മറുപടി. രേഖാമൂലം കൗണ്‍സിലില്‍ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് വാക്കാല്‍ പറഞ്ഞിരുന്നുവെന്നായി ചെയര്‍മാന്‍. കോടതിയില്‍ പോയതാണെങ്കില്‍ സമന്‍സ് കൗണ്‍സിലില്‍ ഹാജരാക്കണമെന്ന് ആരോഗ്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് ആവശ്യപ്പെട്ടു. കൗണ്‍സിലിന് നോട്ടീസ് നല്‍കിയപ്പോള്‍ സെക്രട്ടറി ഇതേപ്പറ്റി ചിന്തിച്ചില്ലേ എന്നായി വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ്.   

സെക്രട്ടറിയും സൂപ്രണ്ടും തങ്ങളുടെ മുറികളിലെ സൈറ്റും ഫാനും നിര്‍ത്താതെ ഓഫീസ് വിട്ടുപോയത് കൗണ്‍സിലര്‍ ടോമി പുളിമാന്‍തുണ്ടം ചോദ്യം ചെയ്തു. ഉപയോഗം കഴിഞ്ഞാല്‍ ഇവ ഓഫ് ചെയ്യണമെന്ന് സെക്രട്ടറി തന്നെ നോട്ടീസ് പതിപ്പിച്ചിട്ടുള്ള സ്ഥിതിക്ക് വേലി തന്നെ വിളവ് തിന്നുന്നത് ശരിയല്ലെന്നും ഇവര്‍ക്കെതിരെ നടപടി കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ട അവധിയില്‍ പ്രവേശിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിദ്യാഭ്യാസകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയ്ര‍മാന്‍ ഗണേശ് ഏറ്റുമാനൂരും ആവശ്യപ്പെട്ടു.

ചികിത്സാ ചെലവുകള്‍ തിരിച്ചുകിട്ടുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നല്‍കിയ ബില്ലുകള്‍ പാസായി വന്നത് സെക്രട്ടറി മുക്കി എന്നതായിരുന്നു സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആക്ഷേപം. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മകന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ തിരികെ ലഭിക്കുന്നതിന് ആറ് മാസം മുമ്പ് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസസിന് നല്‍കിയ ആശുപത്രി ബില്ലുകളാണ് പാസായി വന്നശേഷം നഗരസഭയില്‍ നിന്നും അപ്രത്യക്ഷമായത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് സെക്രട്ടറി ഒപ്പിട്ടു വാങ്ങിയ കവര്‍ പിന്നീടാരും കണ്ടില്ലത്രേ. തുക പാസായി വരാന്‍ താമസമെടുക്കുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 7,19,000 രൂപ അനുവദിച്ച് കൊണ്ട് ഉത്തരവ് നഗരസഭയില്‍ കൈപറ്റിയിട്ടുള്ളതായി അറിയുന്നത്.

എന്നാല്‍ അങ്ങനെയൊരു കവര്‍ ലഭിച്ചിട്ടെല്ലാണ് നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എച്ച് ഐയോട് പറഞ്ഞത്. തുടര്‍ന്ന് ഡിഎച്ച്എസില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വെച്ച് ഏറ്റുമാനൂര്‍ പോസ്റ്റ് ഓഫീസില്‍ തിരക്കിയപ്പോഴാണ് ഒക്ടോബര്‍ ഒന്നിന് കവര്‍ സെക്രട്ടറി ഒപ്പിട്ടു വാങ്ങിയതായി അറിയുന്നത്. കവര്‍ കാണാതായ സംഭവത്തില്‍ താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കഴിഞ്ഞ 27ന് സെക്രട്ടറിയെയും സൂപ്രണ്ടിനെയും ധരിപ്പിച്ചു. സംഭവം കൈവിട്ടുപോകുമെന്നായപ്പോള്‍ തൊട്ടടുത്ത ദിവസം രാവിലെ തന്നെ കവര്‍ 'പൊങ്ങി' വന്നു.

നഗരസഭാ ഓഫീസില്‍ ലഭിക്കുന്ന തപാല്‍ നിയമപ്രകാരം രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതാണ്. എന്നാല്‍ ഈ കവര്‍ ലഭിച്ചത് രജിസ്റ്ററിലും ചേര്‍ത്തിട്ടില്ലത്രേ. അതേസമയം കവര്‍ ഒപ്പിട്ടുവാങ്ങിയത് താനാണോ എന്ന് ഓര്‍ക്കുന്നില്ലെങ്കിലും ആണെങ്കില്‍ തന്നെ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വമുള്ള താന്‍ മുക്കിയിട്ടില്ലെന്നുമാണ് സെക്രട്ടറി പറയുന്നത്. സൂപ്രണ്ട് ആണ് ഇത് രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതും സെക്ഷന്‍ തിരിച്ച് നല്‍കേണ്ടതും. താന്‍ ഒപ്പിട്ടു വാങ്ങിയോയെന്ന് ഓര്‍ക്കുന്നില്ല. നല്ല തെരക്കുള്ള ദിവസമായിരുന്നു അന്ന്. താനാണ് ഒപ്പിട്ടുവാങ്ങിയതെങ്കില്‍ കൂടി ഓഫീസ് അസിസ്റ്റന്‍റിന്‍റെ കയ്യില്‍ കൊടുത്തു വിട്ടിട്ടുണ്ടാവുമെന്നുമാണ് സെക്രട്ടറി പറയുന്നത്. ചണനൂല്‍ കെട്ടിയ നിലയില്‍ വന്ന പാഴ്സല്‍ ആയതിനാല്‍ മറ്റെന്തെങ്കിലും ആവാമെന്ന് കരുതി സൂപ്രണ്ടിന്‍റെ ടേബിളില്‍ എത്തിക്കാതെ മാറ്റിവെച്ചതായിരിക്കാമെന്നും സെക്രട്ടറി കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു.Share this News Now:
  • Google+
Like(s): 586