05 March, 2016 02:30:09 AM


സിനിമാലോകം കയ്യൊഴിഞ്ഞു ; ടി.പി.മാധവന്‍ ഗാന്ധിഭവനിലെ അന്തേവാസിയായി


കൊല്ലം : സിനിമയും കുടുംബവും കൈവിട്ട പ്രമുഖ ചലച്ചിത്രതാരം  ടി.പി.മാധവന്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായി.  ഒരുകാലത്ത് ഒട്ടേറെ സിനിമകളില്‍ തെറ്റില്ലാത്ത വേഷങ്ങള്‍ അവതരിപ്പിച്ച ടി.പി.മാധവന്‍ വളരെ വര്‍ഷങ്ങളായി കുടുംബവുമായി അകന്നാണ് കഴിയുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഏകദേശം മുപ്പത് വര്‍ഷങ്ങളായി അദ്ദേഹം ഭാര്യയും മക്കളുമായി അകന്നാണ് കഴിയുന്നത്.

ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ രാജ കൃഷ്ണ മേനോന്‍ അദ്ദേഹത്തിന്റെ മകനാണ്. അടുത്തിടെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച അക്ഷയ് കുമാര്‍ നായകനായ ചിത്രം എയര്‍ലിഫ്റ്റിന്റെ സംവിധായകന്‍ രാജ കൃഷ്ണ മേനോനായിരുന്നു. രാജ കൃഷ്ണ മേനോനെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട് അദ്ദേഹത്തിന്.

തമ്പാനൂരിലെ ഒരു ലോഡ്ജ് മുറിയിലായിരുന്നു വര്‍ഷങ്ങളായി താമസം. അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടവുമായിരുന്നു ഏകസമ്പാദ്യം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ മാധവന്‍  തളര്‍ന്നുവീണെന്നായിരുന്നു അത്. ഹരിദ്വാറിലെ ആശ്രമത്തില്‍ നിന്ന് അദ്ദേഹം മടങ്ങി എത്തിയതും തമ്പാനൂരിലെ ലോഡ്ജ് മുറിയിലേക്കായിരുന്നു.

ഹരിദ്വാറിലേക്ക് തന്നെ മടങ്ങിപ്പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ പരിചയക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് അവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ഗാന്ധിഭവനിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്തനാപുരം ഗാന്ധിഭവനില്‍ ഇന്ന് നടന്ന ചടങ്ങില്‍ അന്തേവാസികളും പൗരപ്രമുഖരും ചേര്‍ന്ന് മാധവനെ സ്വീകരിച്ചു. സിനിമയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സിനിമാപ്രവര്‍ത്തകര്‍ അതിനോട് പ്രതികരിച്ചില്ലെന്ന് മാധവന്റെ സുഹൃത്തുക്കള്‍ പറയുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ സിനിമാരംഗത്തുനിന്നുള്ളവരാരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K