29 October, 2018 08:03:28 AM


ഇതര സംസ്ഥാന തൊഴിലാളി പാറമ്പുഴയിലെ പാറമടയിൽ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

21 പേര്‍ പോലീസ് കസ്റ്റഡിയില്‍; മരിച്ചത് അനധികൃതമായി താമസിപ്പിച്ചിരുന്ന തൊഴിലാളിയെന്ന് സംശയം



കോട്ടയം: ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ പാറമടയില്‍ മരിച്ച നിലയില്‍. പാറമ്പുഴ നെടുമ്പാറയില്‍ ബേബിയുടെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് മൃതദേഹം പൊങ്ങിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം പാറമടയ്ക്കടുത്ത് ഷെഡ് കെട്ടി താമസിക്കുന്ന ഇതരസംസ്ഥാനതൊഴിലാളികളും ലേബര്‍ കോണ്‍ട്രാക്ടര്‍ ജോയിയും മരിച്ചയാളെ തങ്ങള്‍ക്കറിവില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പാറമടയ്ക്കടുത്തുള്ള ഷെഡില്‍ വഴക്കുണ്ടായതായും നിലവിളി കേട്ടതായും അയല്‍വാസികള്‍ പറയുന്നുണ്ട്. മൂന്ന് വശത്തും വെള്ളം കെട്ടികിടക്കുന്ന പാറമടയുടെ നടുഭാഗത്ത് ഉള്ള സ്ഥലത്താണ് ഷെഡ് കെട്ടി ഇതരസംസ്ഥാനതൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. ശനിയാഴ്ച വഴക്കിനെ തുടര്‍ന്ന് ആരോ വെള്ളത്തില്‍ വീഴുന്ന ശബ്ദവും നിലവിളിയും കേട്ട് അയല്‍വാസികള്‍ ഗാന്ധിനഗര്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. പാറമട സ്ഥിതി ചെയ്യുന്ന ഭൂമിയിലേക്ക് കോടതി വിധി പ്രകാരം പ്രവേശനാനുമതി ഇല്ലാത്തതിനാല്‍ അയല്‍ക്കാര്‍ ആരും അങ്ങോട്ട് പോയുമില്ല.  

രാത്രി പതിനൊന്നര മണിയോടെ പോലീസും കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തങ്ങളുടെ കൂട്ടത്തില്‍ നിന്നാരും വെള്ളത്തില്‍ പോയിട്ടില്ലെന്നും ആകെയുള്ള പതിനാല് പേരും ഇവിടെതന്നെ ഉണ്ടെന്നും കോണ്‍ട്രാക്ടര്‍ ജോയിയും ഷെഡില്‍ താമസിച്ചിരുന്ന മറ്റ് തൊഴിലാളികളും പറഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. അയല്‍ക്കാര്‍ കളവ് പറയുന്നതാണെന്നാണ് കോണ്‍ട്രാക്ടര്‍ പോലീസിനെ ധരിപ്പിച്ചത്. 

തിങ്കളാഴ്ച രാവിലെ മൃതദേഹം വെള്ളത്തിന് മുകളില്‍ പൊങ്ങിയ വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും വീണ്ടും സ്ഥലത്തെത്തി. ഇതിനിടെ ഷെഡില്‍ താമസിച്ചിരുന്ന മറ്റ് തൊഴിലാളികള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെച്ചു. തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാറമടയ്ക്കടുത്തുള്ള ഷെഡില്‍ താമസിച്ചിരുന്ന മുഴുവന്‍ തൊഴിലാളികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

പതിനാല് തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നതെന്ന് കോണ്‍ട്രാക്ടര്‍ പറയുമ്പോഴും ഇരുപത്തൊന്ന് പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അതേസമയം ഇന്ന് വെളുപ്പിനെ ഇരുപതോളം പേര്‍ ഇവിടെ നിന്നും വിവിധ സ്ഥലങ്ങളില്‍ ജോലിക്ക് പോയതായും നാട്ടുകാര്‍ പറയുന്നു. കോണ്‍ട്രാക്ടര്‍ അനധികൃതമായി താമസിപ്പിച്ചിരുന്ന ആരോ ആയിരിക്കാം വെള്ളത്തില്‍ വീണതെന്നാണ് പോലീസിന്റെ നിഗമനം.



Share this News Now:
  • Google+
Like(s): 322