28 October, 2018 09:53:20 PM


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അധിക്ഷേപം: ക്ഷത്രിയ ക്ഷേമസഭ പ്രധാനമന്ത്രിയെ കാണും

മന്ത്രിമാര്‍ക്ക് കത്ത് നല്‍കും; പ്രമേയത്തിന്‍റെ പകര്‍പ്പ് സുപ്രീം കോടതിക്കും അയക്കും.




ചാലക്കുടി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും ചില മന്ത്രിമാരും  നടത്തുന്ന തരം താണ ഭാഷാ പ്രയോഗങ്ങള്‍ക്കെതിരേ ശക്തമായി പ്രതി ഷേധിച്ച് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃയോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി.സുധാകരന്‍, എം.എം. മണി എന്നിവര്‍ക്കെതിരേയാണ് അംഗങ്ങള്‍ യോഗത്തില്‍ രോഷാകുലരായത്. അശ്ശീല പ്രയോഗത്തിലും കേട്ടാലറയ്ക്കുന്ന വാക്കുകളും അവരവരുടെ പദവിക്ക് ചേരുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ഇവര്‍ക്കു നേരിട്ടു കത്ത് അയക്കും. സുപ്രീം കോടതിക്കും പ്രമേയത്തിന്‍റെ പകര്‍പ്പ് അയക്കും. 

ശബരിമല പ്രശ്‌ന പരിഹാരത്തിനു കേരള ഗവര്‍ണറെ കണ്ടതിനു പുറമേ വേണ്ടി വന്നാല്‍ പ്രധാനമന്ത്രിയേയും കാണാന്‍ സഭ നേതാക്കള്‍ക്കു യോഗം അനുമതി നല്‍കി. ഇതേസമയം സഭ ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനം അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. മുഖ്യമന്ത്രി ഇതു ദേവസ്വം മന്ത്രിക്കും കൈമാറി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോടു വിശദീകരണം തേടണമെന്നതായിരുന്നു പ്രധാന ആവശ്യം. കോടതിവിധി ഈ വിധമാകും വിധം സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാന്‍ ഉണ്ടായ സാഹചര്യവും അന്വേഷിക്കണമെന്നു നി വേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

പ്രധാനമന്ത്രിയെ കാണുന്നതിനും നിവേദനം തയാറാക്കുന്നതിനും ചാലക്കുടി കൊരട്ടി ത്രയംബക ഹാളില്‍ ചേര്‍ന്ന അടിയന്തര നേതൃയോഗം നാലംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ, ജനറല്‍ സെക്രട്ടറി ആത്മജവര്‍മ തമ്പുരാന്‍, ട്രഷറാര്‍ ആര്‍. രാമവര്‍മ, മുതിര്‍ന്ന അംഗം എം.രവിവര്‍മ രാജ എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടാവുക. വ്യവസ്ഥാപിതമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനും പോരാടാനും യോഗം തീരുമാനിച്ചു.  സമരമുഖത്തുള്ള പന്തളം കൊട്ടാരം, തന്ത്രി കുടുംബം, യോഗക്ഷേമ സഭ എന്നിവര്‍ക്കു യോഗം പിന്തുണ പ്രഖ്യാപിച്ചു.




Share this News Now:
  • Google+
Like(s): 577