27 October, 2018 09:16:32 PM


ശബരിമല സ്ത്രീ പ്രവേശന വിഷയം: അറസ്റ്റിലായവരുടെ എണ്ണം 3000 കടന്നു

483 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു; 185 പേര്‍ റിമാന്‍ഡിൽ




തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് തുടരുകയാണ്. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3011 ആയി. പ്രതിഷേധവുമായി ബന്ധപ്പെട്ട് 483 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. 185 പേര്‍ റിമാന്‍ഡിലാണ്. സമരദൃശ്യങ്ങള്‍ പരിശോധിച്ച് 4000 പേരെ 458 കേസുകളിലായി പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.


എന്നാല്‍, ഹൈക്കോടതി വിമര്‍ശനങ്ങളുടെ സാഹചര്യത്തില്‍ കരുതലോടെ നീങ്ങാനാണ് പോലീസ് തീരുമാനം. നിരപരാധികളെ അറസ്റ്റ് ചെയ്യാനിടയാവരുതെന്നും അതേസമയം അറസ്റ്റില്‍ ഇടപെടില്ലെന്നുമാണ് കോടതി ഇന്നലെ വ്യക്തമാക്കിയത്. എങ്ങനെ മുന്നോട്ടുപോകണമെന്നതു സംബന്ധിച്ച് പോലീസിലെ ഉന്നതലത്തില്‍ കൂടിയാലോചനകള്‍ നടക്കും. അറസ്റ്റ് സംബന്ധിച്ച് കോടതിയില്‍ നിന്നും കൂടുതല്‍ വിമര്‍ശനങ്ങളുണ്ടായാല്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ ഏറെ കരുതലോടെ നീങ്ങാനാണ് പോലീസ് തീരുമാനം



Share this News Now:
  • Google+
Like(s): 30