27 October, 2018 05:50:18 PM


വയോധികയുടെ മൃതദേഹം 18 അടി താഴ്ചയില്‍ മണ്ണെടുത്ത കുഴിയില്‍; സംഭവം ഏറ്റുമാനൂര്‍ വെട്ടിമുകളില്‍

തൃപ്പൂണിത്തുറ അമ്പലമുക്ക് പുളിക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലതയാണ് മരിച്ചത്




ഏറ്റുമാനൂര്‍: വയോധിക 18 അടി താഴ്ചയില്‍ മണ്ണെടുത്ത കുഴിയില്‍ വീണ് മരിച്ച നിലയില്‍. തൃപ്പൂണിത്തുറ അമ്പലമുക്ക് പുളിക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത (60)യുടെ മൃതദേഹമാണ് വെട്ടിമുകള്‍ കല്ലുകീറുംതറ കോളനിയ്ക്ക് സമീപം കണ്ടെത്തിയത്. എഞ്ചിനീയറിംഗ് കോളേജിനായി വളരെ ആഴത്തില്‍ മണ്ണെടുത്ത സ്ഥലമാണിത്. സ്ഥലത്തിനോട് ചേര്‍ന്ന് മുകളിലൂടെ രണ്ടടി വീതിയില്‍ നടപ്പാതയുണ്ട്. ഈ വഴി നടന്നപ്പോള്‍ കാല് തെറ്റി താഴെ വീണായിരിക്കാം ലത മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.


വര്‍ഷങ്ങള്‍ക്കുമുമ്പ് കോളനിയില്‍ താമസിച്ചിരുന്ന ലതയ്ക്ക് ഇവിടെ മൂന്ന് സെന്‍റ് സ്ഥലമുണ്ടായിരുന്നു. ഇത് വില്‍ക്കുന്നതിനായി തൃപ്പൂണിത്തുറയില്‍ നിന്നും വന്ന ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് പഴയ അയല്‍വാസിയുടെ വീട്ടില്‍ എത്തി ഏഴര മണിയോടെ മടങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ കടയില്‍ പോയി മടങ്ങിയ കുട്ടിയാണ് ഇവരുടെ മൃതദേഹം താഴെ മണ്ണെടുത്ത കുഴിയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചത് ലതയാണെന്ന് മനസിലായത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിജയകുമാര്‍, ആതിര എന്നിവര്‍ മക്കളാണ്.



Share this News Now:
  • Google+
Like(s): 387