27 October, 2018 05:31:58 PM


ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷന്‍ പുതിയ മന്ദിരത്തില്‍; പുതിയ പാളത്തിലൂടെ യാത്രാവണ്ടികള്‍ ഓടിതുടങ്ങി

ദില്ലിക്കുള്ള കേരളാ എക്സ്പ്രസ് ട്രയിനാണ് പുതിയ പാളത്തിലൂടെ കടന്നുപോയ ആദ്യയാത്രാവണ്ടി



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനിലെ പുതിയ പാളത്തിലൂടെ യാത്രാവണ്ടികള്‍ ഓടിതുടങ്ങി. ഇതോടൊപ്പം പുതിയ റയില്‍വേ സ്റ്റേഷന്‍ മന്ദിരത്തിന്‍റെ പ്രവര്‍ത്തനവും ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരത്ത് നിന്നും ദില്ലിക്കുള്ള കേരളാ എക്സ്പ്രസ് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ നിര്‍ത്താതെ കടന്നുപോയി. ആറ് മണിയോടെ ബാംഗ്ലൂര്‍ക്ക് പോകുന്ന ഐലന്‍റ് എക്സ്പ്രസ് ക്രോസിംഗിനായി നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിര്‍ത്തി. ഏറ്റുമാനൂരില്‍ സ്റ്റോപ്പുള്ള മംഗലാപുരം - നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ഈ സമയം മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കി. 


പുതിയ സ്റ്റേഷന്‍ മന്ദിരത്തിന്‍റെ പ്രവര്‍ത്തനം നാലരയോടെ ആരംഭിച്ചു. പരശുറാം എക്സ്പ്രസ് വരുന്നതിന്‍റെ മുന്നോടിയായി ടിക്കറ്റുകള്‍ വിതരണം ചെയ്തത് പുതിയ സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നുമായിരുന്നു. പഴയ സ്റ്റേഷന്‍ മന്ദിരത്തിന്‍റെ പ്രവര്‍ത്തനം രാവിലെ പത്ത് മണിക്ക് തന്നെ അവസാനിപ്പിച്ചിരുന്നു. ആധുനിക സിഗ്നല്‍ സംവിധാനത്തോടുകൂടിയ പുതിയ മന്ദിരത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ മുറിയും ടിക്കറ്റ് കൗണ്ടറും ഒന്നിച്ചുതന്നെയാണ്. യാത്രക്കാര്‍ക്ക് മൂന്ന് ശുചിമുറികളോടുകൂടിയ വിശ്രമമുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കൗണ്ടറില്‍ നിന്നും ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്ക് അടുത്ത പ്ലാറ്റ്ഫോമിലേക്ക് പുതുതായി പണിത ഫുട് ഓവര്‍ബ്രിഡ്ജിലൂടെ കയറിയിറങ്ങാം.



പുതിയ പാളത്തിലൂടെ ട്രയിനുകള്‍ തിരിച്ചുവിടുന്നതിന്‍റെ ഭാഗമായി ശനിയാഴ്ച രാവിലെ ഒമ്പതര മുതല്‍ കോട്ടയം വഴി ഗതാഗതം നിരോധിച്ചിരുന്നു. എന്നാല്‍ രാവിലെ പല ട്രയിനുകളും വൈകി വന്നതിനാല്‍ പത്തര മണിയോടെ മാത്രമാണ് ട്രാക്ക് മാറ്റം ഉള്‍പ്പെടെ ലൈനിലെ പണികള്‍ തുടങ്ങാനായത്. മൂന്നരയ്ക്ക് തീരുമെന്ന് പറഞ്ഞ പണികള്‍ ഇതുകൊണ്ട് തന്നെ ഒരു മണിക്കൂര്‍ വൈകി നാലരയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് സിഗ്നല്‍ ശരിയായശേഷമാണ് കോട്ടയത്ത് പിടിച്ചിട്ടിരുന്ന കേരളാ എക്സ്പ്രസ് കടത്തിവിട്ടത്. പുതിയ പാളത്തിലൂടെ ആദ്യമെത്തിയ വണ്ടിക്ക് ഏറ്റുമാനൂരില്‍ ജോസ് കെ മാണി എം.പി. പച്ചക്കൊടി വീശി.



ഗതാഗതം ഔദ്യോഗികമായി പുതിയ പാളത്തിലൂടെ തിരിച്ചുവിട്ടത് ശനിയാഴ്ചയാണെങ്കിലും വെള്ളിയാഴ്ച മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ ട്രയിന്‍ കടന്നുപോയിരുന്നു. ചെന്നൈയില്‍  നിന്നും റയില്‍ കയറ്റി വന്ന ചരക്കുവണ്ടിയായിരുന്നു അത്. ഈ വണ്ടി ഒരു ദിവസം മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്നു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലൂടെയുള്ള പാളങ്ങള്‍ പൊളിച്ച് നവീകരിക്കുന്നത് വരെ മൂന്നും നാലും പ്ലാറ്റ്ഫോമിലൂടെയാകും ഗതാഗതം. പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലായിരിക്കും യാത്രാവണ്ടികള്‍ നിര്‍ത്തുക. 


എം.ജി.യൂണിവേഴ്സിറ്റി, മെഡിക്കല്‍ കോളേജ്, ഐടിഐ, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ സീസണ്‍ ടിക്കറ്റ് യാത്രക്കാരാണ് ഏറ്റുമാനൂര്‍ സ്റ്റേഷനെ ആശ്രയിക്കുന്നവരില്‍ അധികവും. അതിരമ്പുഴ റോഡില്‍ ബസിറങ്ങുന്നവര്‍ക്ക് സ്റ്റേഷനില്‍ എത്താതെ നേരിട്ട് മൂന്ന്, നാല് പ്ലാറ്റുഫോമിലേക്ക് കയറുന്നതിനായി മനയ്ക്കപ്പാടം ഭാഗത്ത് സ്റ്റെപ്പ് നിര്‍മ്മാണം നടന്നുവരികയാണ്.

ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലെ പാളങ്ങള്‍ നവീകരണത്തിനായി ഉടന്‍ പൊളിച്ചുനീക്കും. മനയ്ക്കപ്പാടത്ത് അടിപ്പാതയ്ക്കു മുകളില്‍ നിലവില്‍ ഒരു പാളമാണ് ഉള്ളത്. പാലം പൊളിച്ചു പണിയുന്നതോടൊപ്പം പാത ഇരട്ടിപ്പിക്കലും നടക്കും. അടിപ്പാതയില്‍ പുതുതായി പണിത പാലത്തിലെ രണ്ട് ട്രാക്കുകളിലൂടെയാണ് നാളെ മുതല്‍ ഗതാഗതം തിരിച്ചു വിടുന്നത്. ഏറ്റൂമാനൂര്‍ - നീണ്ടൂര്‍ റോഡിലെ റെയില്‍വേ സ്റ്റേഷന്‌ ചേര്‍ന്നുള്ള മേല്‍പ്പാലത്തിന്‍റെ വീതികൂട്ടിയുള്ള പുനര്‍നിര്‍മ്മാണവും പൂര്‍ത്തിയായി വരികയാണ്. 




Share this News Now:
  • Google+
Like(s): 314