26 October, 2018 05:59:46 PM


ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ എം.ജി.; മൂല്യനിർണയ ക്യാമ്പ് നവംബർ ഒന്നു മുതൽ

4800 അധ്യാപകർ പങ്കെടുക്കും


കോട്ടയം: ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനം വേഗത്തിലാക്കാനൊരുങ്ങി മഹാത്മാ ഗാന്ധി സർവകലാശാല. രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ജൂൺ 2018, അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ഒക്‌ടോബർ 2018 ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസിന്റെ മൂല്യനിർണയം നവംബർ ഒന്നു മുതൽ 12 വരെ നടക്കും. എട്ടു സോണുകളിലായി കേന്ദ്രീകൃത രീതിയിലാണ് മൂല്യനിർണയം നടക്കുക. 4800 അധ്യാപകരെ മൂല്യനിർണയ ക്യാമ്പുകളിൽ നിയോഗിച്ചാണ് ദ്രുതഗതിയിൽ ഫലപ്രഖ്യാപനം നടത്തുന്നതിന് സർവകലാശാല ഒരുങ്ങുന്നത്. രണ്ടാം സെമസ്റ്റർ പി.ജി. സി.എസ്.എസ്. ജൂലൈ 2018, ഒന്ന്, രണ്ട് സെമസ്റ്റർ പി.ജി. പ്രൈവറ്റ് ജൂലൈ 2018 പരീക്ഷകളുടെ മൂല്യനിർണയം ഹോം വാല്യുവേഷൻ സ്‌പെഷൽ സ്‌കീം പ്രകാരവും നടക്കും.


കോട്ടയം ഗവ. കോളേജ്, കോട്ടയം ബസേലിയസ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, മൂവാറ്റുപുഴ നിർമല കോളേജ്, ആലുവ യു.സി. കോളേജ്, തൃപ്പൂണിത്തുറ ചിന്മയ വിദ്യാപീഠ്, കട്ടപ്പന ലബ്ബക്കട ജെ.പി.എം. കോളേജ് എന്നിവിടങ്ങളിലാണ് മൂല്യനിർണയ ക്യാമ്പുകൾ പ്രവർത്തിക്കുക.
വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ അവർക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള സോണിലെ മൂല്യനിർണയ ക്യാമ്പിൽ ഹാജരാകണം. അനുവദിക്കപ്പെട്ട ക്യാമ്പിൽ നിന്ന് മറ്റൊരു ക്യാമ്പിലേക്ക് അധ്യാപകന് മാറുന്നതിന് സർവകലാശാല അനുമതി വേണം. ജില്ലയ്ക്കുള്ളിൽ ക്യാമ്പ് മാറ്റം അനുവദിക്കില്ല.  ക്യാമ്പ് ഡയറക്ടർമാരുടെയും ക്യാമ്പ് ഉദ്യോഗസ്ഥരുടെയും യോഗം സർവകലാശാല അസംബ്ലി ഹാളിൽ നടന്നു. രണ്ട്, അഞ്ച് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം ജനുവരിയിൽ പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിൻഡിക്കേറ്റ് പരീക്ഷാ ഉപസമിതി കൺവീനർ ഡോ. ആർ. പ്രഗാഷ് പറഞ്ഞു. സിൻഡിക്കേറ്റംഗം പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. കെ. കൃഷ്ണദാസ്, ഡോ. എ. ജോസ്, ഡോ. അജി. സി. പണിക്കർ, ഡോ. എം.എസ്. മുരളി, വി.എസ്. പ്രവീൺകുമാർ, പരീക്ഷാ കൺട്രോളർ ഡോ. തോമസ് ജോൺ മാമ്പറ എന്നിവർ പ്രസംഗിച്ചു.
 




Share this News Now:
  • Google+
Like(s): 48