26 October, 2018 03:25:32 PM


ഔദ്യോഗിക ഉദ്ഘാടനം ആയില്ല; ഏറ്റുമാനൂരില്‍ പുതിയ പാളത്തിലൂടെ ആദ്യ ട്രയിന്‍ കടന്നുപോയി

സ്റ്റേഷന്‍ പ്രവര്‍ത്തനം നാളെ മുതല്‍ പുതിയ മന്ദിരത്തില്‍; കോട്ടയം വഴി ആറ് മണിക്കൂര്‍ ഗതാഗതനിയന്ത്രണം




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ പുതുതായി പണിത മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ ആദ്യ ട്രയിന്‍ ഇന്നലെ കടന്നു പോയി. ചെന്നൈയില്‍ നിന്നും റയില്‍ കയറ്റി വന്ന ചരക്ക് തീവണ്ടിയാണ് പുതിയ പാളത്തിലേക്ക് ആദ്യം കയറിയത്. റയില്‍ ഇറക്കുന്നതിനായി ഒരു ദിവസം ഈ ട്രയിന്‍ ഏറ്റുമാനൂരില്‍ നിര്‍ത്തിയിട്ടിരുന്നു. അതേസമയം ഔദ്യോഗിക ഉദ്ഘാടനം ഇല്ലെങ്കിലും പുതിയ സ്റ്റേഷന്‍ മന്ദിരം നാളെ പ്രവര്‍ത്തിച്ചു തുടങ്ങും. പാളം ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ണ്ണമായതിനു ശേഷമേ സ്റ്റേഷന്‍  ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുകയുള്ളു. 

കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതം ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ നിര്‍ത്തി വെക്കും. ഇതിനിടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. പാസഞ്ചര്‍ ട്രയിനുകള്‍ പലതും റദ്ദാക്കി. വൈകിട്ട് നാല് മണിയോടെ ഗതാഗതം പുനസ്ഥാപിച്ചശേഷം എല്ലാ ട്രയിനുകളും പുതിയ പാളങ്ങളിലൂടെ കടത്തിവിടുക. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലൂടെ നാളെ മുതല്‍ ഗതാഗതം ഉണ്ടാവില്ല. യാത്രക്കാര്‍ ഒന്നാം പ്ലാറ്റ്ഫോമിലെ പുതിയ സ്റ്റേഷന്‍  മന്ദിരത്തില്‍ നിന്നും ടിക്കറ്റ് വാങ്ങി മൂന്ന്, നാല് പ്ലാറ്റ് ഫോമുകളിലെത്തി വേണം ട്രയിനില്‍ കയറാന്‍. 


ഒരു പ്ലാറ്റ്ഫോം ഉള്‍പ്പെടെ രണ്ട് പാളത്തിലെ ഗതാഗതനിയന്ത്രണത്തിനുള്ള സംവിധാനമാണ് പഴയ സ്റ്റേഷന്‍  മന്ദിരത്തില്‍ ഉണ്ടായിരുന്നത്. പുതിയ ലൈനുകള്‍ ഉള്‍പ്പെടെ അഞ്ച് പാളങ്ങളിലുടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് ആധുനിക സിഗ്നല്‍ സംവിധാനം പുതിയ സ്റ്റേഷന്‍ മന്ദിരത്തിലാണ് ഒരുക്കിയിട്ടുള്ളത്. പുതുതായി സ്ഥാപിച്ച മൂന്നും നാലും പ്ലാറ്റ്ഫോമിലൂടെ ഗതാഗതം തിരിച്ചുവിടുന്നതിന്‍റെ ഭാഗമായാണ് പണികള്‍ ഇനിയും ബാക്കി നില്‍ക്കേ തന്നെ പുതിയ മന്ദിരം പ്രവര്‍ത്തനസജ്ജമാക്കിയത്.    

മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് പുതുതായി പണിത ഫുട് ഓവര്‍ബ്രിഡ്ജിലൂടെ എത്താം. എന്നാല്‍ നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തുക അല്‍പം വിഷമകരമാണ്. ഓവര്‍ബ്രിഡ്ജ് വഴി മൂന്നിലെത്തിയ ശേഷം കോട്ടയം ഭാഗത്തേക്ക് നടന്ന് പ്ലാറ്റ് ഫോമിന്‍റെ അറ്റത്തുള്ള റാമ്പിലൂടെ ഇറങ്ങി പാളം കടന്ന് വേണം നാലാം പ്ലാറ്റ്ഫോമിലെത്താന്‍. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലൂടെയുള്ള പാളങ്ങള്‍ പൊളിച്ച് നവീകരിക്കുന്നത് വരെ ഇത് തുടരും. പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലായിരിക്കും യാത്രാവണ്ടികള്‍ നിര്‍ത്തുക. 

എം.ജി.യൂണിവേഴ്സിറ്റി, മെഡിക്കല്‍ കോളേജ്, ഐടിഐ, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ സീസണ്‍ ടിക്കറ്റ് യാത്രക്കാരാണ് ഏറ്റുമാനൂര്‍ സ്റ്റേഷനെ ആശ്രയിക്കുന്നവരില്‍ അധികവും. അതിരമ്പുഴ റോഡില്‍ ബസിറങ്ങുന്നവര്‍ക്ക് സ്റ്റേഷനില്‍ എത്താതെ നേരിട്ട് മൂന്ന്, നാല് പ്ലാറ്റുഫോമിലേക്ക് കയറുന്നതിനായി മനയ്ക്കപ്പാടം ഭാഗത്ത് സ്റ്റെപ്പ് നിര്‍മ്മാണം നടന്നുവരികയാണ്.

ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലെ പാളങ്ങള്‍ നവീകരണത്തിനായി ഉടന്‍ പൊളിച്ചുനീക്കും. മനയ്ക്കപ്പാടത്ത് അടിപ്പാതയ്ക്കു മുകളില്‍ നിലവില്‍ ഒരു പാളമാണ് ഉള്ളത്. പാലം പൊളിച്ചു പണിയുന്നതോടൊപ്പം പാത ഇരട്ടിപ്പിക്കലും നടക്കും. അടിപ്പാതയില്‍ പുതുതായി പണിത പാലത്തിലെ രണ്ട് ട്രാക്കുകളിലൂടെയാണ് നാളെ മുതല്‍ ഗതാഗതം തിരിച്ചു വിടുന്നത്. ഏറ്റൂമാനൂര്‍ -നീണ്ടൂര്‍ റോഡിലെ റെയില്‍വേ സ്റ്റേഷന്‌ ചേര്‍ന്നുള്ള മേല്‍പ്പാലത്തിന്‍റെ വീതികൂട്ടിയുള്ള പുനര്‍നിര്‍മ്മാണവും പൂര്‍ത്തിയായി വരികയാണ്. 



Share this News Now:
  • Google+
Like(s): 183