26 October, 2018 11:23:50 AM


എട്ട് വയസുകാരനായ മദ്രസാ വിദ്യാര്‍ഥിയെ പരിസരവാസികളായ ആൺകുട്ടികള്‍ ചേർന്ന് തല്ലികൊന്നു

ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായ ഹരിയാന സ്വദേശി മുഹമ്മദ് അസീമാണ് കൊല്ലപ്പെട്ടത്



ദില്ലി: മാൾവീയ നഗറിൽ മദ്രസാ വിദ്യാര്‍ഥിയായ എട്ട് വയസുകാരനെ പരിസരവാസികളായ ആൺകുട്ടികള്‍ ചേർന്ന് തല്ലികൊന്നു. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായ ഹരിയാന സ്വദേശി മുഹമ്മദ് അസീമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് ആൺകുട്ടികളെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തതായി ഡിസിപി വിജയകുമാർ പറഞ്ഞു. 


വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. മദ്രസയിലെ കുട്ടികളുമൊത്ത് കളിക്കുകയായിരുന്ന അസീമിനെ പുറത്തുനിന്ന് വന്ന കുറച്ച് കുട്ടികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ സൈക്കിള്‍ ഉപയോ​ഗിച്ച് തലയിൽ അടിച്ചതോടെ അസീം ബോധരഹിതനായി നിലത്തുവീഴുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയവർ അസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. എട്ടു മുതൽ 12 വയസുവരെയുള്ള കുട്ടികളാണ് അസീമിനെ ആക്രമിച്ചത്. സ്ഥലത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണെന്നും ഡിസിപി പറഞ്ഞു. അതേസമയം, സംഭവസ്ഥലം സംബന്ധിച്ച് കോടതിയിൽ കേസ് നടക്കുന്നുണ്ട്. സ്ഥിരമായി ഭൂമിയെ ചൊല്ലി തർക്കം നിലനിൽക്കുന്ന സ്ഥലമാണിത്. കഴിഞ്ഞ കുറച്ച് മാസത്തിനുള്ളിൽ 15ഒാളം പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചിട്ടുള്ളതെന്നും ഡിസിപി കൂട്ടിച്ചേർത്തു. 



Share this News Now:
  • Google+
Like(s): 54