25 October, 2018 08:40:20 AM


ഏറ്റുമാനൂരില്‍ ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണവും കളറുകളും പിടിച്ചെടുത്തു

പഴകിയ ഭക്ഷണം പിടിച്ചെടുക്കപ്പെട്ടവയില്‍ കോളേജ് കാന്‍റീനും



ഏറ്റുമാനൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ ഇന്ന് രാവിലെ നടന്ന മിന്നല്‍ പരിശോധനയില്‍ ഒട്ടേറെ പഴകിയ ഭക്ഷ്യവസ്തുക്കളും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കളറുകളും പിടിച്ചെടുത്തു. പതിനേഴ് ഹോട്ടലുകളിലാണ് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പതിനാല് സ്ഥലത്തുനിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. കോണിക്കലും മാടപ്പാടുമുള്ള രണ്ട് കള്ള് ഷാപ്പുകളിലും പരിശോധന നടന്നു.


പ്രമുഖ കോളേജിന്‍റെ കാമ്പസിലുള്ള കാന്‍റീനിലും ഫുഡ് കോര്‍ട്ടിലും നടത്തിയ പരിശോധനയിലും ഒട്ടേറെ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഫ്രിഡ്ജില്‍ തുറന്ന് സൂക്ഷിച്ചിരുന്ന കറികളും കണ്ടെടുത്തു. എം.സി.റോഡിൽ തവളക്കുഴി മുതൽ 101 കവലയ്ക്കപ്പുറം വരെയും പാലാ റോഡിൽ മംഗലം കലുങ്ക് വരെയുമുള്ള ഹോട്ടലുകളിലാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ഡി.ശോഭനയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്.


എണ്ണ, ബിരിയാണി, ചോറ്, പൊറോട്ട, വട, പൊറോട്ട മാവ്, പുളിച്ച മാവ്, ഏത്തക്കാ അപ്പം, അച്ചാർ, മീൻ കറി, മീൻ വറുത്തത്, ഉണക്കമീൻ, ചിക്കൻ കറി, ചിക്കൻ ഫ്രൈ, ബീഫ്, മട്ടൻ, ഫ്രിഡ്ജിൽ തുറന്ന് സൂക്ഷിച്ചിരുന്ന കറികൾ, ചപ്പാത്തി തുടങ്ങി ഏറെ പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കളും പൊടികളും പിടിച്ചെടുത്തവയിൽ പെടുന്നു. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ (നഗരസഭയുടെ ലിസ്റ്റില്‍ നിന്ന്) : ചിങ്ങം ഫാമിലി റസ്റ്റോറന്‍റ്, ശ്രുതി ഹോട്ടല്‍, ഹോട്ടല്‍ നിര്‍മ്മാല്യം, ആര്‍.ആര്‍. ഹോട്ടല്‍, വിളമ്പി ഹോട്ടല്‍, ഹോട്ടല്‍ മരിയ, അമല ഹോട്ടല്‍, കേരളാ ഹോട്ടല്‍, മാളി ഹോട്ടല്‍, ഹോട്ടല്‍ സംസം, കോണിക്കല്‍ കള്ള് ഷാപ്പ്.


ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് മുന്നോടിയായാണ് പരിശോധന നടന്നത്. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ടി.പി.മോഹൻദാസിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ആർ.അഭിലാഷ്, മധു ടി.കെ., നഗരസഭാ ജീവനക്കാരായ അരുൺ, റോണി, റോബിൻ തുടങ്ങിയവരും പങ്കെടുത്തു. രാവിലെ 5.50ന് തുടങ്ങിയ പരിശോധന 9.30 വരെ നീണ്ടുനിന്നു.




Share this News Now:
  • Google+
Like(s): 2075