25 October, 2018 07:02:15 AM


ഏറ്റുമാനൂരില്‍ പുതിയ റയില്‍വേ സ്റ്റേഷന്‍ ശനിയാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങും

ട്രയിന്‍ ഗതാഗതം ശനിയാഴ്ച മുതല്‍ മൂന്നും നാലും പ്ലാറ്റ്ഫോമിലൂടെ ; ഇന്ന് മുതല്‍ പുതിയ പാളത്തില്‍ ട്രയല്‍ റണ്‍







ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പുതിയ സ്റ്റേഷന്‍ മന്ദിരം ശനിയാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങും. ഒപ്പം ട്രയിന്‍ ഗതാഗതം പുതിയ ട്രാക്കിലൂടെയായിരിക്കും. ഒന്നാം പ്ലാറ്റ് ഫോമിലൂടെ ശനിയാഴ്ച മുതല്‍ ഗതാഗതം ഉണ്ടാവില്ല. മൂന്ന്, നാല് പ്ലാറ്റ് ഫോമിലൂടെയായിരിക്കും ട്രയിന്‍ ഓടുക. പുതിയ സ്റ്റേഷന്‍  മന്ദിരത്തില്‍ നിന്നും ടിക്കറ്റ് വാങ്ങി യാത്രക്കാര്‍ മൂന്ന്, നാല് പ്ലാറ്റ് ഫോമുകളിലെത്തണം. ഇതിനായി പുതിയ ഓവര്‍ബ്രിഡ്ജും പണിതിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ മൂന്നാം പ്ലാറ്റ് ഫോമിലെ ലൈനിലൂടെ പാക്കിംഗ് യന്ത്രവും വൈദ്യുതപരിശോധനയ്ക്കുള്ള യന്ത്രവും ഓടിതുടങ്ങി. എഞ്ചിന്‍ ട്രയല്‍ റണ്‍ ഇന്ന് മുതല്‍ നടത്തും.  കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതം ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ നിര്‍ത്തി വെക്കും. ഈ ആറ് മണിക്കൂറിനിടെയുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. പാസഞ്ചര്‍ ട്രയിനുകള്‍ പലതും റദ്ദാക്കി. കോട്ടയ്ക്കുപുറത്തും മനയ്ക്കപ്പാടത്തിനപ്പുറവും പുതിയ ലൈനിലേക്ക് ട്രയിന്‍ തിരിച്ചുവിടുന്നതിനുള്ള ക്രമീകരണങ്ങള്‍ ശനിയാഴ്ച രാവിലെ നടക്കും.


വൈകിട്ട് നാല് മണിയോടെ പുതിയ പാളത്തിലൂടെ ആദ്യട്രയിന്‍ കടത്തിവിടും. നിലവിലെ റയില്‍വേ സ്റ്റേഷന്‍ മന്ദിരത്തിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പുതിയ മന്ദിരത്തിലേക്ക് മാറ്റും. പക്ഷെ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ പാളം പുതുക്കിപണിയുന്നതിനായി പൊളിച്ചുനീക്കും. മനയ്ക്കപ്പാടത്ത് അടിപ്പാതയ്ക്കു മുകളില്‍ നിലവില്‍ ഒരു പാളമാണ് ഉള്ളത്. ഗതാഗതം തിരിച്ചുവിടുന്ന പിന്നാലെ ഈ പാലം പൊളിക്കും. അടിപ്പാതയില്‍ പുതുതായി പണിത പാലത്തിലെ രണ്ട് ട്രാക്കുകളിലൂടെയാണ് ട്രയിനുകള്‍ മാറ്റിവിടുന്നത്. പൊളിച്ചു മാറ്റുന്ന പാലത്തിനു പകരം രണ്ട് വരിപാതയോടുകൂടി പുതിയ പാലം നിര്‍മ്മിക്കും.

ഏറ്റൂമാനൂര്‍ -നീണ്ടൂര്‍ റോഡിലെ റെയില്‍വേ സ്റ്റേഷന്‌ ചേര്‍ന്നുള്ള മേല്‍പ്പാലത്തിന്‍റെ വീതികൂട്ടിയുള്ള പുനര്‍നിര്‍മ്മാണവും പൂര്‍ത്തിയാവുന്നു. അപ്രോച്ച്‌ റോഡിന്‍റെ അവസാനഘട്ട നിര്‍മ്മാണം നടക്കുകയാണ്. അടുത്ത മാസം മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാവുമെന്നാണ് കരുതുന്നത്. സ്റ്റേഷനില്‍ ആധുനിക സൗകര്യങ്ങള്‍ ഉയരുന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ അതിരമ്പുഴ റോഡില്‍ നിന്നും നീണ്ടൂര്‍ റോഡില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുകയാണ്. 



Share this News Now:
  • Google+
Like(s): 398