23 October, 2018 09:14:41 AM


കടല്‍ കടന്നെത്തി 'അവരും' പങ്കാളികളായി; ശക്തി നഗറിലെ 'അടുക്കള തോട്ടം' പദ്ധതിയില്‍

ജര്‍മ്മന്‍ സ്വദേശികളായ ബേണ്‍ഡും ലാറയും ആണ് റസിഡന്‍റ്സ് അസോസിയേഷന്‍റെ പരിപാടിയില്‍ നിനച്ചിരിക്കാതെ പങ്കെടുത്തത്




ഏറ്റുമാനൂര്‍: ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ അടുക്കളതോട്ടം ജൈവ പച്ചക്കറികൃഷി പദ്ധതിയില്‍ കടല്‍ കടന്നെത്തിയവരുടെ സാന്നിദ്ധ്യവും. ഇന്നലെ നടന്ന പച്ചക്കറി തൈകളുടെ വിതരണത്തിലാണ് ജര്‍മ്മന്‍ സ്വദേശികളായ ബേണ്‍ഡും ലാറയും പങ്കെടുത്തത്. കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ റസിഡന്‍റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വളരെ അവിചാരിതമായാണ് ഇരുവരും പങ്കെടുത്തത്. 


പദ്ധതിയുടെ ലക്ഷ്യം മനസിലാക്കിയ ഇരുവരും വിതരണത്തിനായി  കൊണ്ടുവന്ന തൈകള്‍ വാഹനത്തില്‍ നിന്നും  ഇറക്കുന്നതിലും നാട്ടുകാര്‍ക്ക് വിതരണം ചെയ്യുന്നതിലും സജീവമായി. കൃഷികാര്യങ്ങളില്‍ കൂടുതല്‍ പഠനം നടത്തുവാനായി ഒരു മാസം മുമ്പ് അതിരമ്പുഴ ശ്രീകണ്ഠമംഗലത്തെ സ്വകാര്യ ഫാമില്‍ എത്തിയതാണ് ലാറയും ബേണ്‍ഡും. ഈ ഫാമില്‍ നിന്നാണ് കൃഷിവകുപ്പ് വിതരണത്തിനുള്ള തൈകള്‍ അസോസിയേഷന് എത്തിച്ചത്. തൈകള്‍ വിതരണം ചെയ്യുന്ന വാഹനത്തില്‍ നേരംപോക്കിന് കയറികൂടിയ ഇവര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ പദ്ധതിയെകുറിച്ചറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു. ട്രേകളില്‍ നട്ടുപിടിപ്പിച്ച തൈകള്‍ വേര്‍ തിരിച്ച് കൊടുക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തി ഇരുവരും. 



വിഷമയമായ പച്ചക്കറികളില്‍ നിന്നും മോചനം എന്ന ലക്ഷ്യവുമായാണ് ചെറിയ തോതിലെങ്കിലും എല്ലാ വീട്ടിലും ജൈവ പച്ചക്കറികൃഷി ആരംഭിക്കുവാന്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ തീരുമാനിച്ചത്. ആദ്യഘട്ടമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടമായാണ് ഇന്നലെ പച്ചക്കറി തൈകള്‍ വിതരണം ചെയ്തത്.  പയര്‍, വെണ്ട, വഴുതന, ചീര, തക്കാളി, പയര്‍ എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത്. കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ആന്‍റണി ജോര്‍ജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യതൈകള്‍ ആശാ അപ്പുകുട്ടന്‍ നായര്‍ക്ക് നല്‍കി.


പദ്ധതിയുടെ ഭാഗമായി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഗ്രോ ബാഗുകള്‍ വിതരണം ചെയ്യും. വീടുകളിലെ മാലിന്യം ജൈവവളത്തിന് ഉപകരിക്കും വിധം സംസ്കരിക്കുന്നതിന് നഗരസഭയുമായി സഹകരിച്ച് റിംഗ് കമ്പോസ്റ്റ് സബിസിഡി നിരക്കില്‍ വിതരണം ചെയ്യാനുള്ള പദ്ധതിയും അസോസിയേഷന്‍ ആലോചിക്കുന്നുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് പറഞ്ഞു. കൃഷി ഓഫീസര്‍ വി.ജെ. കവിത, അസി. കൃഷി ഓഫീസര്‍ സാബു ജോര്‍ജ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, വൈസ് പ്രസിഡന്‍റ്മാരായ ബി.മോഹന്‍ഭാസ്കര്‍, രാജു മാതിരപ്പള്ളില്‍, ജോയിന്‍റ് സെക്രട്ടറി അശോക് കുമാര്‍, ജി.ശ്രീകുമാര്‍, ടി.എം.സോമന്‍, കൃഷ്ണന്‍കുട്ടി കുറുപ്പ്, ബിജു ജോസഫ്, കൃഷി അസിസ്റ്റന്‍റ് കെ.ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. 




Share this News Now:
  • Google+
Like(s): 359