22 October, 2018 07:48:09 AM


മരണക്കെണിയായി പാലാരിവട്ടം സിവിൽ ലൈൻ റോഡ് ; അറ്റകുറ്റപണി നടത്താതെ അധികൃതര്‍

റോ‍ഡ് പൊട്ടി പൊളി‍ഞ്ഞതോടെ 50 ലക്ഷം രൂപ അറ്റകുറ്റപണിക്ക് അനുവദിച്ചിരുന്നു



കൊച്ചി: പാലാരിവട്ടം സിവിൽ ലൈൻ റോഡ് മരണക്കെണിയായിട്ടും അധികൃതര്‍ക്ക് നിസംഗത. മഴ മൂലം അറ്റകുറ്റപണി നടത്താൻ ആകുന്നില്ലെന്നാണ് ന്യായീകരണം. ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചതോടെ കുഴികൾ താൽകാലികമായി അടച്ച് തടി ഊരാനാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ശ്രമം. മരണക്കുഴിയിൽ വീണ് 23കാരന് ജീവൻ നഷ്ടമായിട്ടുപോലും റോഡ് നന്നാകാൻ ഇനിയും കാക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. നഗരത്തെ കാക്കനാട് ഇൻഫോ പാർക്കുമായും സിവിൽ സ്റ്റേഷനുമായും ബന്ധിപ്പിക്കുന്ന സിവിൽ ലൈൻ റോ‍ഡ് പൊട്ടി പൊളി‍ഞ്ഞതോടെ 50 ലക്ഷം രൂപ അറ്റകുറ്റപണിക്ക് അനുവദിച്ചു.


പക്ഷെ അറ്റകുറ്റപണിയെന്ന പേരിൽ പൊതുമരാമത്ത് വകുപ്പ്  കുന്നുംപുറം ഭാഗത്തെ അരകിലോ മീറ്റർ ചുറ്റളവിൽ മാത്രം വലിയ കുഴികൾ അടച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുകയാണെന്ന് പരാതി. കുഴികൾക്ക് മുകളിൽ ടാറിടുക പോലും ചെയ്തിട്ടില്ല. പണി വൈകാൻ കാരണം മഴയാണെന്ന വിശദീകരണം ആണ് പൊതുമരാമത്ത് വകുപ്പും സ്ഥലം എംഎൽഎയും നൽകുന്നത്. കോൺട്രാക്ടർമാരുടെ നിസഹകരണവും നിർമാണസാമഗ്രികളുടെ വിലകയറ്റവും പണിതുടങ്ങാൻ വൈകുന്നതിന് കാരണമാണെന്ന് എംഎൽഎ പറയുന്നു. പക്ഷെ അപ്പോഴും അനുവദിച്ച 50 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് എന്ത് ചെയ്യുന്നുവെന്നാണ് നാട്ടുകാരുടെ ചോദ്യം.



Share this News Now:
  • Google+
Like(s): 25