20 October, 2018 09:37:23 PM


രഹ്നാ ഫാത്തിമയെ സമുദായത്തിൽ നിന്നും പുറത്താക്കിയതായി കേരളാ ജമാ അത്ത് കൗണ്‍സില്‍

ഐജി ശ്രീജിത്തിനെ സര്‍വ്വീസില്‍ നിന്നും മാററി നിര്‍ത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യം




തിരുവനന്തപുരം: ഹൈന്ദവ സമൂഹത്തിന്‍റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനം നടത്തിയ രഹ്ന ഫാത്തിമയെ മുസ്ലിം സമുദായത്തില്‍ നിന്നും പുറത്താക്കിയതായി കേരളാ ജമാ - അത്ത് കൗണ്‍സില്‍ അറിയിച്ചു. രഹ്നയെയും കുടുംബാംഗങ്ങലെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാ അത്തിനോട് ആവശ്യപ്പെട്ടതായി ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.എ.പൂക്കുഞ്ഞ് പത്രപ്രസ്താവനയില്‍ പറഞ്ഞു.


ചുംബനസമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത ആക്ടിവിസ്റ്റ് ആയ രഹ്നയ്ക്ക് സമുദായത്തിന്‍റെ പേര് ഉപയോഗിക്കാന്‍ അവകാശമില്ല. സമൂഹത്തിന്‍റെ മതവികാരം വ്രണപ്പെടുത്തിയ ഈ മുസ്ലിം നാമധാരിക്കെതിരെ 153എ വകുപ്പ് പ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും പൂക്കുഞ്ഞ് അറിയിച്ചു.


സാമൂഹ്യദ്രോഹികളെ പോലീസ് വേഷം കെട്ടിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച ഐജി ശ്രീജിത്തിന്‍റെ നടപടി പോലീസ് മാനുവലിനെതിരും അച്ചടക്കലംഘനവുമാണ്. സേനാ വിഭാഗത്തില്‍പെടാത്തവര്‍ക്കും സാമൂഹ്യദ്രോഹികള്‍ക്കും പോലീസ് വേഷം ധരിക്കാന്‍ അനുവാദം നല്‍കുകയും ലാത്തിയോ പോലീസ് ആയുധങ്ങലോ കൊടുക്കുകയോ ചെയ്താല്‍ രാജ്യത്തിന്‍റെ സ്ഥിതി എന്താവും. ശ്രീജിത്തിനെ സര്‍വ്വീസില്‍  നിന്നും മാററി നിര്‍ത്തി നടപടി സ്വീകരിക്കണമെന്നും പൂക്കുഞ്ഞ് ആവശ്യപ്പെട്ടു.


സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമെന്ന് ജമാ അത്ത് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത് സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിരുന്നുവെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പത്രപ്രസ്താവനയില്‍ പറഞ്ഞു. രഹ്ന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമാ അത്തുമായോ സമുദായമായോ യാതൊരു ബന്ധവുമില്ലെന്ന് ജമാ അത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ.എം.താജുദീന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.



Share this News Now:
  • Google+
Like(s): 127