20 October, 2018 05:11:25 PM


ഹോട്ടലുകള്‍ക്കും വ്യാപാരികള്‍ക്കും "ക്ലിപ്പ്" ഇടാന്‍ തയ്യാറായി ഏറ്റുമാനൂര്‍ നഗരസഭ

നിയന്ത്രണം ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം കണക്കിലെടുത്ത്
ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നായ ഏറ്റുമാനൂരില്‍ ഹോട്ടലുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നഗരസഭ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ശുചീകരണപ്രവര്‍ത്തനങ്ങളോടൊപ്പം നഗരം പ്ലാസ്റ്റിക് മുക്തമാകാകനുള്ള നടപടികളും ആരംഭിക്കും. ദേവസ്വം ബോര്‍ഡ് ലേലം ചെയ്യുന്ന കടകള്‍ ആണെങ്കില്‍ കൂടി നഗരസഭയുടെ ഡി&ഓ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ ലൈസന്‍സും നിര്‍ബന്ധമാക്കും. ഹോട്ടലുകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും പരിശോധനകള്‍ കര്‍ശനമാക്കും. 


ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പൊതുനിരത്തിലേക്കും ഓടകളിലേക്കും മലിനജലം ഒഴുക്കുന്നത് തടയും. മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്‍പ്പെടെയുള്ള മലിനജലം നഗരത്തിലെ ഓടകളില്‍ കെട്ടികിടക്കുകയാണ് ഇപ്പോള്‍. കടകളില്‍ നിന്നും ഇതിനായി രഹസ്യമായി സ്ഥാപിച്ചിരിക്കുന്ന കുഴലുകള്‍ സിമന്‍റിട്ട് അടയ്ക്കും. കടകളില്‍ നിന്നുള്ള മാലിന്യവും പാഴ്വസ്തുക്കളും ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുള്ള സംവിധാനം നിര്‍ബന്ധമാക്കും. ഹോട്ടലുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ അളവിലും തൂക്കത്തിലുമെന്ന പോലെ വിലനിയന്ത്രണവും ഏര്‍പെടുത്തും. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഹോട്ടലുകള്‍ പൂട്ടിക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. 


അയ്യപ്പഭക്തര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ചെയര്‍മാന്‍ ജോയ് ഊന്നുകല്ലേലിന്‍റെ അദ്ധ്യക്ഷതയില്‍ നഗരസഭയില്‍ നടന്ന യോഗത്തിലാണ് നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളുമുണ്ടായത്. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പരിപാടികള്‍ വിശദീകരിച്ചു. ദേവസ്വം മാനേജരുടെയോ തീരുമാനം കൈകൊള്ളാന്‍ അധികാരമുള്ള മറ്റ് മുതിര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യം യോഗത്തില്‍ ഉണ്ടായില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍റെ കൃത്യതയും ഗുണനിലവാരവും വാട്ടര്‍ അതോറിറ്റി ഉറപ്പ് വരുത്തണമെന്ന നിര്‍ദ്ദേശവും ഉണ്ടായി.


അയ്യപ്പഭക്തര്‍ക്ക് വിരിവെക്കാനും ഭക്ഷണം പാകം ചെയ്ത് കഴിക്കാനും കൂടുതല്‍ സൗകര്യമാകുന്ന രീതിയില്‍ വിരിപന്തല്‍ ക്ഷേത്രമൈതാനത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് ഒരുക്കുന്ന കാര്യം പരിഗണിക്കണമെന്ന് ദേവസ്വം അധികൃതരോട് നഗരസഭ ആവശ്യപെട്ടു. ശുചിമുറികളുടെ അപര്യാപ്തത കണക്കിലെടുത്ത് മൈതാനത്തിനടുത്ത് ബയോ ടോയിലറ്റുകള്‍ കൂടുതലായി സ്ഥാപിക്കണമെന്ന ആവശ്യം ഉണ്ടായി. നിലവിലുള്ള ശുചിമുറികളിലേക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്തുനിന്നും എത്തിപെടാനുള്ള അസൗകര്യവും ചൂണ്ടികാണിക്കപ്പെട്ടു. ദേവസ്വം സ്ഥലം നല്‍കിയാല്‍ അഞ്ച് സ്ഥിരം ശുചിമുറികള്‍ പണിത് നല്‍കാമെന്ന് നഗരസഭ അറിയിച്ചു.


ദേവസ്വം ശുചിമുറികളില്‍ നിന്നുള്ള മാലിന്യം ക്ഷേത്രപരിസരത്തെ ഓടകളില്‍ കൂടി പരന്ന് ഒഴുകുന്നത് സമീപത്തെ ജലസ്ത്രോതസുകള്‍ മലിനമാകുന്നതിന് കാരണമാകുന്നതായും പരാതി ഉയര്‍ന്നു. കഴിഞ്ഞ സീസണില്‍ ക്ഷേത്രമൈതാനിയിലെ കിണറ്റിലെ ജലത്തില്‍ പോലും അമിതമായ അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിരുന്നു. ഗതാഗതനിയന്ത്രണം സുഗമമാക്കുന്നതിന് എം.എല്‍.എയുടെയും കളക്ടറുടെയും നേതൃത്വത്തില്‍ നേരത്തെ നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.Share this News Now:
  • Google+
Like(s): 415