20 October, 2018 10:44:10 AM


ആദിവാസി യുവതിയെ ഉപദ്രവിച്ചെന്ന് ആരോപണം; 300ഒാളം പേർ ത്രിപുര വിട്ടതായി റിപ്പോർട്ട്

വെസ്റ്റ് ത്രിപുരയിലെ റാണിർബസാറിൽ വെള്ളിയാഴ്ച്ചയാണ് സംഭവം.



അ​ഗർതല: ആദിവാസി യുവതിയെ ഉപദ്രവിച്ചെന്ന് ആരോപിച്ച് ത്രിപുരയിൽ വ്യാപക അക്രമണം. 61 കുടുംബങ്ങളിൽനിന്നായി 300ഒാളം പേർ ത്രിപുര വിട്ടതായി റിപ്പോർട്ട്. സംഘർഷത്തിൽ പ്രതിഷേധക്കാർ വീടുകൾക്ക് തീയിട്ടതായി പൊലീസ് പറഞ്ഞു. വെസ്റ്റ് ത്രിപുരയിലെ റാണിർബസാറിൽ വെള്ളിയാഴ്ച്ചയാണ് സംഭവം.


ദുർ​ഗദേവിയുടെ വി​ഗ്രഹങ്ങൾ പ്രദർശിപ്പിച്ചത് കാണാൻ റാണിർബസാറിൽ എത്തിയതായിരുന്നു പെൺകുട്ടിയും സുഹൃത്തും. വി​ഗ്രഹങ്ങൾ കാണുന്നതിനിടെ ഒരു സംഘം ആളുകൾ ചേർന്ന് പെൺകുട്ടിയെ ഉപദ്രവിക്കുകയും ഫോൺ തട്ടിപ്പറിക്കുകയുമായിരുന്നു. ‍വീട്ടിലെത്തിയ ഇരുവരും വിവരം ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. തുടർന്ന് ഒരു സംഘം ആളുകൾ ഇരുവർക്കുമൊപ്പം റാണിർബസാറിൽ എത്തുകയും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ മർദ്ദിക്കുകയും അവരുടെ വീടുകൾ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്


അതേസമയം, സംഘർഷാവസ്ഥ തുടരുകയാണ്. പ്രതിഷേധകാർ വീടുകൾ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതുടർന്നാണ് 61 കുടുംബങ്ങളിലെ 300ഒാളം അംഗങ്ങൾ പലായനം ചെയ്തത്. ഇതിൽ നൂറുകണക്കിനാളുകൾ ഇപ്പോൾ റാണിർബസാർ പൊലീസ് സ്റ്റേഷൻ പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്. ജില്ലാ ഭരണകൂടമാണ് ഇവർക്ക് ആവശ്യമുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്. 



Share this News Now:
  • Google+
Like(s): 24